ദൈർഘ്യമേറിയ വേനലവധിക്ക് തൊട്ടുമുൻപുള്ള സ്‌കോട്ടിഷ് പാർലമെന്റിന്റെ പരിമിതമായ സമയം, ഭരണകക്ഷി വെറുതെ പാഴാക്കുകയാണെന്ന ആരോപണം ഉയരുന്നു. സ്‌കോട്ട്ലാൻഡിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉയരുന്നത്. ഈ വരുന്ന വ്യാഴാഴ്‌ച്ച പിരിയുന്ന പാർലമെന്റ് രണ്ട് മസത്തിന് ശേഷം സെപ്റ്റംബർ ആദ്യ തിങ്കളാഴ്‌ച്ച മാത്രമെ വീണ്ടും ചേരുകയുള്ളു.

പാർലമെന്റിന്റെ നടപ്പ് സീസണിൽ ഇനി കേവലം മൂന്ന് പ്രവൃത്തി ദിവസങ്ങൾ മാത്രമെയുള്ളു. ആ സാഹചര്യത്തിലാണ് സർക്കാരിന്റെ നവ സ്‌കോട്ട്ലാൻഡ് സൃഷ്ടി (സ്വതന്ത്ര സ്‌കോട്ട്ലാൻഡ്)യെ കുറിച്ചുള്ള ചർച്ചയാണ്. സർക്കാർ നയിക്കുന്ന ഈ ചർച്ച വെറും സമയം കൊല്ലിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നികുതിദായകരുടെ ചെലവിൽ രൂപപ്പെടുത്തിയ ഇതിന്റെ രൂപരേഖ കഴിഞ്ഞ ആഴ്‌ച്ച ഫസ്റ്റ് മിനിസ്റ്റർ, ഹംസ യൂസഫ് പുറത്ത് വിട്ടിരുന്നു.

സ്‌കോട്ട്ലാൻഡ്‌സ്വതന്ത്രമാകുമ്പോൾ ഒരു എഴുതപ്പെട്ട ഭരണഘടന നിർമ്മിക്കുന്നതിനെ കുറിച്ച് വരെ അതിൽ പ്രതിപാദിക്കുന്നുണ്ട്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കനായ ഹംസ യൂസഫ് വിഭാവനം ചെയ്യുന്ന ഭരണഘടനയിൽ, രാഷ്ട്രത്തലവൻ എന്ന പദവിയിലേക്ക് മറ്റു സ്വതന്ത്ര രാഷ്ട്രങ്ങളുടെമാതൃകകൾ പരിശോധിച്ച് തീരുമാനമെടുക്കണം എന്നും പറയുന്നുണ്ട്. നിലവിൽ, സ്‌കോട്ട്ലാൻഡിന്റെ രാഷ്ട്രത്തലവൻ ബ്രിട്ടീഷ് രാജാവാണ്.

എന്നാൽ, ഹംസയുടെ പദ്ധതികൾ പാർലമെന്റിന്റെ അവസാനത്തെ ആഴ്‌ച്ചയിലെ വിലപ്പെട്ട സമയം കുറേ പാഴാക്കാനുള്ളത് മാത്രമണെന്നാണ് കൺസർവേറ്റീവ് ഷാഡോ റൂറൽ സെക്രട്ടറി റേച്ചൽ ഹാമിൽട്ടൺ പറഞ്ഞത്. ജനങ്ങളെ വിഭജിക്കുന്ന ഇത്തരത്തിലുള്ള ചർച്ചക്ക് മുൻഗണന ലഭിക്കുക എന്നത് കാർഷിക ബിൽ പോലുള്ളവ പ്രതീക്ഷിക്കുന്ന ഗ്രാമീണ ജനതയോടുള്ള വെല്ലുവിളിയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച് ബില്ലിന്മേലുള്ള കൺസൾട്ടേഷൻ ഡിസംബറിൽ അവസാനിച്ചു. എന്നിട്ടും ആ ബില്ലിന്റെ ഉള്ളടക്കം എന്താണെന്ന വിവരം കർഷകർക്ക് അറിയില്ല എന്നും അവർ കുറ്റപ്പെടുത്തി.

തന്ത്രശാലിയായ ഹംസ യൂസഫ്, ആഭ്യന്തരകലങ്ങളിൽ വലയുന്ന പാർട്ടിക്കുള്ളിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള ഏക വഴിയായി കാണുന്നത് സ്‌കോട്ടീഷ് ദേശീയത ഉയർത്തിക്കൊണ്ടു വരിക എന്നതാണ്.അതുതന്നെയാണ് ഇപ്പോൾ ഇത്തരമൊരു ചർച്ചക്ക് അമിത പ്രാധാന്യം നൽകുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.