ഡാന്യുബ് നദിക്കരയിൽ ശാന്തമായുറങ്ങുന്ന ചെറു പട്ടണങ്ങളാണ് റെനിയും ഇസ്മെയ്ലും. എന്നാൽ ജൂലായ് 24 ന്റെ പുലരിയിൽ ഈ പട്ടണങ്ങൾ ദർശിച്ചത് തങ്ങളെ വിഴുങ്ങാൻ വരുന്ന അഗ്‌നിഗോളങ്ങളെയായിരുന്നു. വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ട് ഞെട്ടിയുണർന്ന പട്ടണവാസികൾ കണ്ടത് റഷ്യയുടെ ആത്മഹത്യാ ഡ്രോണുകൾ തുറമുഖങ്ങളെ ആക്രമിക്കുന്നതായിരുന്നു. ഒപ്പം, ദരിദ്ര രാജ്യങ്ങളിലേക്ക് യുക്രെയിനിൽ നിന്നുള്ള ധാന്യം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഒരു സംഭരണ ശാലയും ആക്രമത്തിൽ തകർന്നു.

ഇത് ആഗോളാടിസ്ഥാനത്തിൽ തന്നെ പുതിയൊരു ഭക്ഷ്യ പ്രതിസന്ധി ഉണ്ടാക്കിയേക്കാം. എന്നാൽ, അതിലും ഭയാനകമായ വസ്തുത ഈ ആക്രമണം നടന്നത് നാറ്റോ അതിർത്തിയിൽ നിന്നു കേവലം 600 അടി ദൂരെ മാത്രം മാറിയാണ് എന്നതാണ്. ഡാന്യുബ് നദിയുടെ മറുകരയിൽ നാറ്റോ അംഗരാജ്യമായ റൊമേനിയയാണുള്ളത്. നാറ്റോ അതിർത്തിക്ക് ഇത്രയും അടുത്ത് റഷ്യ ഇതിന് മുൻപ് ഒരു ആക്രമണം നടത്തിയിട്ടില്ല.

അതാണ് ഇപ്പോൾ ഏറെ ആശങ്കയുയർത്തുന്നത്. റഷ്യയും നാറ്റോയും തമ്മിലുള്ള ഒരു യുദ്ധമായി മാറിയേക്കുമോ ഈ സംഘർഷം എന്ന ഭയം കൂടുതൽ കനക്കുകയാണ്. നാറ്റോക്ക് നേരെ റഷ്യൻ ഭീഷണി നിലനിൽക്കുന്നു എന്നാണ് പാശ്ചാത്യ നിരീക്ഷകർ കരുതുന്നത്. ഇത് ഒരു മൂന്നാം ലോക മഹായുദ്ധത്തിൽ അവസാനിക്കുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റു നോക്കുന്നത്. റഷ്യ സ്വന്തം ദൗർബല്യം മറച്ചു വയ്ക്കുന്നതിനാണ് നേരത്തേ തീരുമാനിച്ചിട്ടില്ലാത്ത രീതിയിൽ ഇത്തരം മിന്നൽ ആക്രമണങ്ങൾ നടത്തുന്നതെന്നും അവർ പറയുന്നു.

ഒരുപക്ഷെ, യുക്രെയിനിൽ നിന്നുള്ള ധാന്യ വിതരണം തടസ്സപ്പെടുത്തുന്നതിനായി ഡാന്യുബ് നദിക്കരയിൽ വാഗ്നാർ സൈന്യത്തെ ഉപയോഗിച്ച് ഒരു വ്യാജ യുദ്ധം പുടിൻ നടത്തിയേക്കാം എന്നും ചിലർ കണക്കുകൂട്ടുന്നു. പരാജയപ്പെട്ട കലാപശ്രമത്തിനൊടുവിൽ ബെലാറൂസിലേക്ക് പലായനം ചെയ്ത ഈ സ്വകാര്യ സൈന്യത്തെ നേരത്തേ മറ്റൊരു നാറ്റോ അംഗമായ പോളണ്ടിനെ ഭീഷണിപ്പെടുത്താനും ഉപയോഗിച്ചിരുന്നു.

നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും അതിർത്തിക്ക് കൂടുതൽ കൂടുതൽ അടുത്തു വരികയാണ് റഷ്യൻ മിസൈലുകൾ എന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു. ഇവിടെ ചെറിയൊരു പിഴവ് സംഭവിച്ചാണെങ്കിൽ പോലും ഒരു റോക്കറ്റ് റൊമേനിയൻ അതിർത്തിക്കുള്ളിൽ കടന്നാൽ അത് വലിയൊരു യുദ്ധത്തിന് തുടക്കം കുറിച്ചേക്കാം. നാറ്റോ സഖ്യത്തിന്റെ നിയമമനുസരിച്ച്, ഒരു അംഗ രാഷ്ട്രത്തിന് നേരെ ആക്രമണമുണ്ടായാൽ അത് എല്ലാ അംഗരാജ്യങ്ങൾക്കും എതിരായ ആക്രമണമായി പരിഗണിക്കും.

കഴിഞ്ഞ വർഷം പോളണ്ടിൽ, യുക്രെയിൻ അതിർത്തിക്ക് സമീപത്തായി റഷ്യൻ റോക്കറ്റ് പതിച്ചപ്പോൾ നാറ്റോയും റഷ്യയും തമ്മിലുള്ള ഒരു യുദ്ധം അടുത്തെത്തിയതായിരുന്നു. എന്നാൽ, അത് യുക്രെയിന് പറ്റിയ കൈപ്പിഴയായിരുന്നു എന്ന് അധികം താമസിയാതെ തിരിച്ചറിഞ്ഞതോടെയാണ് ഒരു യുദ്ധം ഒഴിവായത്. ഏന്നാൽ, ഏറെ മണിക്കൂറുകൾ ലോകത്തെ മുൾമുനയിൽ നിർത്തിയ ഒരു സംഭവമായിരുന്നു അത്.