- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി 20 ഉച്ചകോടിക്ക് ചൈനീസ് സംഘം എത്തിയത് അസാധാരണ വലുപ്പമുള്ള രണ്ട് ഉപകരണവുമായി; പ്രത്യേക ഇന്റർനെറ്റ് കണക്ഷൻ ചോദിച്ചത് സംശയമായി; അത് ജാമറാകാമെന്ന് നിഗമനം; ജി 20 ഉച്ചകോടിക്കിടെ ചൈനീസ് ചാര പ്രവർത്തനമോ?
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കിടെ ചൈനീസ് ചാര പ്രവർത്തനമോ? ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികളുടെ പക്കലുണ്ടായിരുന്ന 'അസാധാരണ വലിപ്പമുള്ള' ബാഗിനെച്ചൊല്ലി നാടകീയ രംഗങ്ങൾ ഉണ്ടായി.
വ്യാഴാഴ്ചയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചൈനീസ് പ്രതിനിധികൾ അത് അനുവദിക്കാൻ തയ്യാറായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രതിനിധികൾ താജ് ഹോട്ടലിലായിരുന്നു താമസിച്ചത്. നയതന്ത്ര പ്രോട്ടോക്കോളുകൾ പ്രകാരമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ ബാഗുകൾ അനുവദിച്ചത്. അതുകൊണ്ട് തന്നെ ആദ്യം പരിശോധിച്ചില്ല.
ചൈനീസ് പ്രതിനിധികൾ താമസിച്ച മുറിയിൽ രണ്ടു ബാഗുകളിലായി സംശയകരമായ രീതിയിൽ രണ്ട് ഉപകരണങ്ങൾ ഹോട്ടൽ ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടു. വിവരം ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചൈനീസ് പ്രതിനിധികൾ ഇതിന് തയ്യാറായില്ല. ഇതോടെ തർക്കം രൂക്ഷമായി.
ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് 12 മണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് നിന്നെങ്കിലും ചൈനീസ് പ്രതിനിധി സംഘം ഇതിന് തയ്യാറായില്ല. ഒടുവിൽ നീണ്ട ചർച്ചകൾക്ക് ശേഷം 'അസാധാരണ വലിപ്പമുള്ള' ബാഗ് ചൈനീസ് എംബസിക്ക് കൈമാറി. ഇതോടെയാണ് തർക്കത്തിന് പരിഹാരമായത്. ചാര പ്രവർത്തനത്തിനുള്ള വസ്തുക്കൾ ബാഗിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
ബാഗ് താജ് പാലസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശങ്കയുടെ തുടക്കം. ഡിപ്ലോമാറ്റിക് ബാഗേജുകളുടെ പരിശോധന സുഗമമാക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ബാഗുകളുടെ വലുപ്പം വിചിത്രമായത് സംശയം ജനിപ്പിച്ചു. നയതന്ത്ര പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിനാൽ കർശന പരിശോധനയൊന്നും കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ അകത്തേക്ക് കടത്തിവിട്ടു. എന്നാൽ, മുറിയിലെ സ്റ്റാഫ് ബാഗുകളിൽ ചില സംശയാസ്പദമായ ഉപകരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി. ഉടൻ തന്നെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു.
അതിനിടെ ബാഗ് കൈവശം വെച്ച ചൈനീസ് പ്രതിനിധി സംഘം പ്രത്യേകമായി ഇന്റർനെറ്റ് കണക്ഷൻ തേടിയെന്നറിഞ്ഞു. എന്നാൽ ഇക്കാര്യം ഹോട്ടൽ നിരസിച്ചു. ഹോട്ടലിൽ നിന്ന് ഉപകരണങ്ങൾ നീക്കം ചെയ്യാനും ഉപകരണങ്ങൾ ചൈനീസ് എംബസിയിലേക്ക് അയയ്ക്കാനും ചൈനീസ് അഗം സമ്മതിച്ചതിന് ശേഷമാണ് 12 മണിക്കൂർ നീണ്ട നേരത്തെ ആശങ്ക പരിഹരിച്ചതെന്ന് ഹോട്ടൽ വൃത്തങ്ങൾ പറഞ്ഞു. ബ്രസീൽ പ്രസിഡന്റും ഇതേ ഹോട്ടലിലാലിയിരുന്നു താമസിച്ചിരുന്നത്. ഉപകരണങ്ങൾ പരിശോധിക്കാനുള്ള അഭ്യർത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ എതിർത്തെങ്കിലും ഇന്ത്യൻ സുരക്ഷാ സംഘം നിലപാടിൽ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ ഭാഗമായ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ബാഗിലെ ഉപകരണങ്ങൾ പരിശോധിക്കാൻ അവസരം ലഭിക്കാത്തതിനാൽ ഇവ നിരീക്ഷണത്തിനായി കൊണ്ടുവന്ന സജ്ജീകരണമാണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണയായി ആശയവിനിമയ ചാനലുകൾ തടസ്സപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ജാമ്മറുകളായിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വിലയിരുത്തൽ. അതേസമയം, തുറന്ന് പരിശോധിക്കാൻ കഴിയാത്തതിനാൽ സ്യൂട്ട്‌കേസുകളുടെ ഉള്ളടക്കം ഇപ്പോഴും രഹസ്യമായി തുടരുന്നു.
സെപ്റ്റംബർ 9,10 തീയതികളിലായി ഡൽഹിയിൽ വെച്ച് നടന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി ലി ചിയാങ് ആയിരുന്നു ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ