ജറുസലേം: ആഴ്ചകളായി സംഗീതപ്രേമികൾ കാത്തിരിക്കുകയായിരുന്നു സൂപ്പർ നോവ ഫെസ്റ്റിവലിനായി. ദക്ഷിണ ഇസ്രയേലിൽ ഗസ്സ മുനമ്പിനോട് അടുത്ത് കിബുത്സ് റീമിന് സമീപമായിരുന്നു ഉത്സവം. എന്തുരസമായിരിക്കും എല്ലാവരും ഒത്തുകൂടുമ്പോൾ എന്ന് സംഘാടകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, സോഷ്യൽ മീഡിയ പേജുകൾ നിറയെ ഉറ്റവരെ തിരഞ്ഞു നടക്കുന്ന മനുഷ്യരുടെ വെപ്രാളമാണ് കാണാൻ കഴിയുന്നത്. ഹമാസ് സായുധ സംഘം ഈ ഫെസ്റ്റിവലിലേക്ക് ഇരച്ചുകയറി, ഇടതടവില്ലാതെ വെടിയുതിർക്കുകയായിരുന്നു.

ഇതിനകം 260 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പുലർച്ചെ റോക്കറ്റാക്രമണത്തിന്റെ മുന്നറിയിപ്പായി സൈറൻ മുഴങ്ങിയതോടെ, എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയതായി പാർട്ടിക്ക് പോയ ഓർട്ടൽ പറഞ്ഞു. റോക്കറ്റുകൾക്ക് പിന്നാലെ വെടിവെപ്പായി. എല്ലാവരും ചിതറി ഓടിയ സമയം.

അവർ പൊടുന്നനെ വൈദ്യുതി വിച്ഛേദിച്ചു. എവിടുന്ന് എന്നറിയില്ല, ഹമാസ് സംഘം കടന്നുവന്ന് എല്ലാ ദിശകളിലേക്കും, വെടിയുതിർത്തു, ഓർട്ടൽ ചാനൽ 12 നോട് പറഞ്ഞു. സൈനിക യൂണിഫോമിൽ വാനുകളിലാണ് 50 പേരെത്തിയത്. ആളുകൾ ഓടി രക്ഷപ്പെടാൻ നോക്കി. മണലിലൂടെ ഓടി കാറുകളിലേക്ക് എത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ തോക്കുധാരികൾ കാറുകളിലേക്ക് വെടിവെക്കുകയായിരുന്നു.

ഇതോടെ, എല്ലാവരും വാഹനങ്ങൾ ഉപേക്ഷിച്ച് ഓടാൻ തുടങ്ങി. ഞാൻ ഒരു മരത്തിന് പുറകിലേക്ക് പോയി, ഒരു കുറ്റിക്കാട്, അപ്പോൾ, അവർ തുരുതുരാ വെടിയുതിർത്തു കൊണ്ടിരുന്നു, പരിക്കേറ്റ നിരവധിപേർ അവിടെ ചിതറി കിടക്കുന്നത് കണ്ടു. ഞാൻ ഒരുമരത്തിൽ ഇരിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ, ഓർട്ടൽ പറഞ്ഞു.

ഫെസ്റ്റിവൽ സ്ഥലം മൂന്നായി തിരിച്ചിരുന്നു. ക്യാമ്പിങ് സൈറ്റ്, ബാർ, ഭക്ഷണ ശാല എന്നിങ്ങനെ. നെഗവ് മരുഭൂമിയിൽ, കിബുത്സ് റീമിന് അടുത്തയിരുന്നു. ഗസ്സ മുനമ്പിൽ നിന്ന് വളരെയകലെയല്ലാതെ. അവിടെ നിന്ന് പുലർച്ചെ ഹമാസ് നുഴഞ്ഞുകയറി, ആക്രമണം അഴിച്ചുവിടുകയായിരുന്നു. അവർ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും നുഴഞ്ഞുകയറി. ആളുകളെ ബന്ദികളാക്കി.

ആ മേഖലയിൽ റോക്കറ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മിക്കവർക്കും അറിയാമായിരുന്നു. എന്നാൽ വെടിവെപ്പ് ഞെട്ടിച്ചുകളഞ്ഞു, ഫെസ്റ്റിവലിന് എത്തിയ ആദം ബാരെൽ പറഞ്ഞു. പലരെയും പോലെ ആദമും, കാറിൽ രക്ഷപ്പെടാനാണ് ശ്രമിച്ചത്. എന്നാൽ, കാറിന് നേരെയും വെടിവെപ്പുണ്ടായതോടെ, നിർത്തി ഓടുകയായിരുന്നു. പലരും പലയിടത്ത് ഒളിച്ചിരുന്നു. എല്ലാവരും എങ്ങോട്ടെക്കെയോ ഓടി, ആദം പറഞ്ഞു.

എങ്ങനെയും രക്ഷപ്പെടണമെന്ന ഉദ്ദേശത്തോടെ, വാഹനം വേഗത്തിൽ ഓടിക്കുകയായിരുന്നു എസ്തർ ബോരോകോവ്. അപ്പോഴാണ് ഒരുയുവാവിന്റെ വാഹനം വന്ന് എസ്തറിന്റെ വാഹനത്തിൽ ഇടിച്ചത്. ആ വാഹനം ഓടിച്ചിരുന്ന യുവാവ് അതിൽ കയറാൻ പറഞ്ഞു. എന്നാൽ, ആ യുവാവിനെ പിന്നീട് തൊട്ടടടുത്ത് വച്ച് ഹമാസ് വെടിവച്ചു കൊന്നു. എസ്തർ മരിച്ചത് പോലെ അഭിനയിച്ചുകിടന്നു. ഒടുവിൽ ഇസ്രയേൽ സൈന്യമാണ് രക്ഷിച്ചത്.

ഓർട്ടലിനെ പോലെ പലരും സമീപത്തെ കുറ്റിക്കാട്ടിലും, നാരങ്ങാ തോട്ടത്തിലും മറ്റും മണിക്കൂറുകളോളം ഒളിച്ചിരുന്നു. ഫോൺ മ്യൂട്ട് ചെയ്ത് ഓറഞ്ച് തോട്ടത്തിലൂടെ ഞാൻ ഇഴഞ്ഞുനീങ്ങി. അപ്പോൾ വെടിയുണ്ടകൾ എനിക്ക് മുകളിൽ പായുകയായിരുന്നു ഓർട്ടൽ പറഞ്ഞു.

ഗിലി യോഷ്‌കോവിച്ച് നാരങ്ങാ തോട്ടത്തിലാണ് ഒളിച്ചിരുന്നത്. അവർ ഓരോ മരത്തിന് ചുറ്റും വന്ന് വെടിവെക്കുകയായിരുന്നു. ചുറ്റും ആളുകൾ മരിച്ചുകിടക്കുന്നത് കണ്ടു. ഞാൻ മിണ്ടാതിരുന്നു. ഞാൻ കരഞ്ഞില്ല. ഒന്നും ചെയ്തില്ല. മൂന്നു മണിക്കൂറോളം കഴിഞ്ഞപ്പോൾ ഇസ്രയേലി സൈനികരുടെ ശബ്ദം കേട്ടു. അപ്പോൾ, രക്ഷ തേടി ഓടി.

നാല്-അഞ്ച് മണിക്കൂറോളം ഹൊറർ സിനിമ പോലെയായിരുന്നു. ഞങ്ങൾ ഭ്രാന്തമായി ഓടുകയായിരുന്നു, മറ്റൊരാൾ ചാനൽ 12 നോട് പറഞ്ഞു. അതൊരു കൂട്ടക്കുരുതിയായിരുന്നു, രക്ഷാപ്രവർത്തകനായ യാനിവ് പറഞ്ഞു. അതൊരു ആസൂത്രിത ഒളിയാക്രമണമായിരുന്നു.

എമർജൻസി എക്‌സിറ്റുകൾ വഴി ആളുകൾ പുറത്തുകടന്നപ്പോൾ, ഭീകരർ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു, ജീവനെടുക്കാൻ. ഏകദേശം 3000 ത്തോളം പേരുണ്ടായിരുന്നു. അവർക്ക് ആ വിവരം രഹസ്യമായി കിട്ടി. കൂട്ടക്കുരുതി ആസൂത്രണം ചെയ്തു. ഇപ്പോൾ കാണാതായവർക്കായി അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിരച്ചിൽ തുടരുകയാണ്.