ന്യൂഡൽഹി: 'ഇനി ഇതൊരിക്കലും സംഭവിക്കില്ലെന്ന് ഇസ്രയേൽ ഉറപ്പാക്കും. വലിയൊരു ഇന്റലിജൻസ് വീഴ്ച, അതാണ് സംഭവിച്ചത്', മുൻ പ്രധാനമന്ത്രി യെർ ലാപിഡ് എൻ ഡി ടിവിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ. ആക്രമണ-പ്രത്യാക്രമണങ്ങളിൽ ഇരുരാജ്യങ്ങളിലുമായി 1,100 പേരിൽ അധികമാണ് ജീവൻ വെടിഞ്ഞത്.

' ഒരു സൈനിക നടപടി തീർച്ചയായും ഉണ്ടാകും. ഇനി ഇത്തരത്തിൽ നുഴഞ്ഞുകയറ്റവും ആക്രമണവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. ' ഒരു ഭീകരാക്രമണത്തിൽ ഒരേദിവസം മൂന്നുലക്ഷത്തോളം ഇന്ത്യാക്കാർ മരിക്കുന്നുവെന്ന് കരുതുക. അതാണ് ഹമാസിന്റെ ആക്രമണത്തിൽ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നിലവിലെ പ്രതിസന്ധി നേരിടാൻ ഒരു അടിയന്തര സർക്കാരിനെ ചുമതലപ്പെടുത്തുന്നത് പ്രധാനമന്ത്രി നെതൻയ്യാഹു പരിഗണിക്കണമെന്ന് ലാപിഡ് പറഞ്ഞു. ഈ സമയത്ത് ആരും രാഷ്ട്രീയം നോക്കുന്നില്ല. സൈനികരെയും, സർക്കാരിനെയും പിന്തുണയ്ക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യും. ദൈനംദിന രാഷ്ട്രീയത്തേക്കാൾ വലുതാണ് ഇപ്പോൾ സംഭവിക്കുന്നത്, പ്രതിപക്ഷ നേതാവായ ലാപിഡ് പറഞ്ഞു.

ബന്ദികളെ എങ്ങനെ മോചിപ്പിക്കും?

വളരെയധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. അവരെ നമുക്ക് തിരിച്ചുകൊണ്ടുവരണം. ' ഒരിക്കൽ ഞങ്ങളെ അദ്ഭുതപ്പെടുത്താൻ കഴിഞ്ഞു, രണ്ടാമതൊരുവട്ടം കൂടി അദ്ഭുതപ്പെടാൻ ഞങ്ങൾ വഴികൊടുക്കില്ല, ഇസ്രയേലിന് എതിരെ യുദ്ധത്തിന് ഇറങ്ങിയ ശക്തികൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹമാസിന് പുറമേ, ഹിസ്‌ബൊള്ളയും, ഇസ്ലാമിക് ജിഹാദും ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ട്.'

പിന്നിൽ ഇറാൻ

ഇപ്പോൾ സംഭവിക്കുന്നതിനെല്ലാം പിന്നിൽ ഇറാനാണ്. അവർക്ക് അക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. ഞങ്ങളുടെ ജനങ്ങളെ ഉപദ്രവിക്കാൻ വരുന്നവർ ആരായാലും, തിരിച്ചടി ഭയാനകമായിരിക്കും, ലാപിഡ് പറഞ്ഞു.

' ആഗോള ഭീകരവാദം എല്ലാവരുടെയും ശത്രുവാണെന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണിത്. നമ്മൾ എല്ലാം അതിൽ നിന്ന് അനുഭവിച്ചുകഴിഞ്ഞു. ഭീകരവാദവുമായി ഒരു മധ്യസ്ഥതയ്ക്കുമില്ല.

ആഗോള ഭീകരവാദത്തെ നേരിടാനുള്ള പോരാട്ടത്തിൽ കണ്ണി ചേരാനുള്ള ശേഷി ഉണ്ടോ എന്നുമാത്രമാണ് നമ്മൾ ഉറപ്പാക്കേണ്ടത്. ഇസ്രയേലിന് നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അദ്ദേഹത്തിന്റെ സർക്കാരിനും നന്ദി പറയുന്നു', ലാപിഡ് പറഞ്ഞു.

ഇന്റലിജൻസ് വീഴ്ച സംഭവിച്ചു

മേഖലയിലെ സംഘർഷത്തിന് കാരണം ഇസ്രയേൽ സർക്കാരിന്റെ കുടിയേറ്റ ശ്രമങ്ങൾ ആണോയെന്ന ചോദ്യത്തിനും യെർ ലാപിഡ് മറുപടി നൽകി. ' സ്ത്രീകളെയും, കുട്ടികളെയും, മുതിർന്നവരെയും അവർ ആക്രമിച്ചതിന് കാരണം അവർക്ക് അത് ചെയ്യാൻ കഴിയുമെന്നതുകൊണ്ടും, ജൂതന്മാരെ കൊല്ലണമെന്നുള്ളതും കൊണ്ടാണ്.

ഇത്രയും വലിയ ഒരു ആക്രമണം തടയുന്നതിൽ ഇന്റലിജൻസ് പരാജയം ഉണ്ടായെന്ന് ലാപിഡ് സമ്മതിച്ചു. 'വലിയൊരു ഇന്റലിജൻസ് പിഴവാണ് ഉണ്ടായിരിക്കുന്നത്. ആക്രമണം വഴി അവർ ഞങ്ങളെ അമ്പരപ്പിച്ചുവെന്നത് ശരി തന്നെ. എന്നാൽ തെറ്റുകളെ ചൊല്ലി വിഷമിച്ചുകൊണ്ടിരിക്കാതെ, അവയിൽ നിന്ന് പാഠങ്ങൾ പഠിക്കുകയാണ് ഞങ്ങൾ ചെയ്യുക, യെർ ലാപ്പിഡ് പറഞ്ഞു.

' ഹമാസിന്റെ ഇത്തരം ആക്രമണ ശേഷി ഇല്ലാതാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. സ്ത്രീകളെയും, കുട്ടികളെയും മുതിർന്നവരെയും, അതുപോലെ കൂട്ടക്കുരുതി നടത്താൻ ഇനി അവർക്ക് അവസരം നൽകരുത്. പ്രധാനമന്ത്രി പറഞ്ഞത് പോലെ അത് കഠിനവും, വിഷമം പിടിച്ചതുമാണ്.  നമ്മൾ ക്ഷമാപൂർവം കാത്തിരിക്കേണ്ടിയിരിക്കുന്നു.