- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ഫലസ്തീൻ സംഘർഷം; ലിവർപൂളിലെ ലേബർ കോൺഫറൻസ് വേദിയിൽ ഫലസ്തീൻ അനുകൂലികളുടെ പ്രതിഷേധം; ഹമാസിനെ അനുകൂലിച്ച ലേബർ എം പി യെ പുറത്താക്കണമെന്ന് ഇസ്രയേൽ പക്ഷക്കാർ; ബ്രിട്ടണിലും ചർച്ചകൾ
ലണ്ടൻ: ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിന്റെ പ്രതിഫലനങ്ങൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും കണ്ടുതുടങ്ങി. ലിവർപൂളിൽ നടക്കുന്ന ലേബർ പാർട്ടിയുടെ സമ്മേളനത്തിനിടെ ഉച്ചഭക്ഷണ സമയത്ത് ഫലസ്തീൻ അനുകൂലികൾ പ്രതിഷേധം പ്രകടിപ്പിച്ചു. ഇസ്രയേൽ വംശീയത പരത്തുന്ന രാജ്യമാണെന്നും ഇസ്രയേലിനെ കുറിച്ച് ഓർത്ത് ലജ്ജിക്കുന്നു എന്നുമൊക്കെ മുദ്രവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. യഹൂദവംശജനായ ഒരു മാധ്യമ പ്രവർത്തകനെതിരെയും മുദ്രാവാക്യം വിളി ഉയർന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ ഹമാസിന്റെ ആക്രമണം ആരംഭിച്ചതോടെ ലേബർ പാർട്ടിക്കകത്തും ആഭ്യന്തര സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ഫലസ്തീനിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിക്കുള്ളിൽ ശക്തമായിക്കൊണ്ടിരിക്കുന്നു. നിരവധി പേർ ഫലസ്തീൻ പതാകകളുമായി എത്തി മുദ്രാവാക്യം വിളിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ഒക്കെ ചെയ്തിരുന്നു. സമ്മേളന വേദിയുടെ പ്രവേശന കവാടത്തിൽ നേരത്തെ ഫലസ്തീൻ അനുകൂലികൾ പ്രകടനം നടത്തിയിരുന്നു.
അതിനിടയിൽ ഒരു വ്യക്തി പ്രതിഷേധക്കാർക്ക് അടുത്ത് ചെന്ന് അത് നിർത്താൻ ആവശ്യപ്പെട്ടതോടെ കുപിതരായ പ്രതിഷേധക്കാർ ആ വ്യക്തിക്ക് നേരെ ആക്രോശിക്കാൻ തുടങ്ങി. ഫൗണ്ടേഷൻ ഫൊർ ജ്യുയിഷ് ഹെരിറ്റേജിലെ ഒരു അംഗമാണ് ആ വ്യക്തി എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് പോകുക, നിങ്ങൾ ഞങ്ങളുടെ തെരുവുകളെ മലീമസമാക്കുന്നു എന്ന് ആൾക്കൂട്ടത്തിൽ നിന്നൊരാൾ ഇയാൾക്ക് നേരെ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്.
ഭീരുക്കളെ, നിങ്ങൾ അവരെ ആക്രമിച്ചതുപോലെ എന്നെയും ആക്രമിക്കുക എന്ന് ഈ വ്യക്തി തിരിച്ച് ആക്രോശിക്കുന്നുമുണ്ട്. ഒരു രാജ്യത്തേക്ക് കടന്നുകയറി കുട്ടികളെ വരെ കൊന്നു തള്ളി എന്നും അയാൾ ആക്രോശിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇസ്രയേൽ എംബസ്സിക്ക് മുൻപിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ തീവ്ര ഇടതുപക്ഷക്കാരിയായ ലേബർ എം പി അപ്സാന ബീഗത്തിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാവുകയാണ്.
പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ ഇതുവരെ എം പിക്കൊപ്പം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഫലസ്തീനിനെ അനുകൂലിക്കുന്ന പ്രചാരണങ്ങൾ നിരോധിച്ചിട്ടില്ല എന്നും, ഹമാസിനെ എം പി അനുകൂലിച്ചിട്ടില്ല എന്നുമാണ് സ്റ്റാർമർ പറയുന്നത്. അതിനിടയിൽ ഇന്നലെയും ഫലസ്തീനിന് അനുകൂലമായ നീക്കങ്ങൾ ലേബർ ക്യാമ്പിൽ നടന്നു.
മറുനാടന് മലയാളി ബ്യൂറോ