- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന് ഹമാസ്; വകവയ്ക്കാതെ രാത്രിയിലും ബോംബ് വർഷം തുടർന്ന് ഇസ്രയേൽ; സൈനിക നടപടിക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ; പശ്ചിമേഷ്യയിൽ പ്രശ്ന പരിഹാര ഫോർമുല അസാധ്യമോ?
ടെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. പ്രതിസന്ധിക്ക് അയവുണ്ടാക്കാൻ ആർക്കും കഴിയുന്നില്ല. ഹമാസിനെതിരെ അമേരിക്കയും യുദ്ധ പ്രഖ്യാപനം നടത്തിയേക്കും. അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്. അതിനിടെ ഇസ്രയേൽ- ഹമാസ് സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രയേലികൾക്കും 700 ഗസ്സ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്.
ഗസ്സയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. ഇസ്രയേലിന് അമേരിക്കയുടെ സർവ്വ വിധ പിന്തുണയുണ്ട്. ഇസ്രയേലിനുള്ളിൽ നുഴഞ്ഞെത്തിയ ഹമാസ് ഭീകരർ ഇപ്പോഴും ആക്രണം തുടരുകയാണ്. അവർ ഇപ്പോഴും സജീവമാണ്.
ഇസ്രയേൽ ഇന്നലെ അർധരാത്രിയിലും ഇന്നു പുലർച്ചെയുമായി ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ നാലു ബന്ദികൾ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹമാസിന്റെ പിടിയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഹമാസ് എത്ര പേരെ ബന്ദികളാക്കിട്ടുണ്ട് എന്നതു വ്യക്തമല്ല. എന്നാൽ ഇസ്രയേലിൽനിന്നു നിരവധി ആളുകളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഗസ്സയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗസ്സയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയുമെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രയേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു. ഇപ്പോൾ ഗസ്സയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു. 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.
ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രയേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു. അതിനിടെ ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ സാധാരണ പൗരന്മാർ കൊല്ലപ്പെടുന്നതിൽ നടുക്കം രേഖപ്പെടുത്തി യുഎഇ. ഇസ്രയേലി ഗ്രാമങ്ങളും നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും റോക്കറ്റുകളുപയോഗിച്ച് ആക്രമിച്ച ഹമാസ് നടപടി സംഘർഷങ്ങളുടെ തീവ്രത കൂട്ടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേർ ഇസ്ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചർച്ചകൾ നടക്കുന്നതിനിടെയിലാണ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന ഹമാസിന്റെ വെല്ലുവിളി.
ഇസ്രയേലിലെ സാധാരണക്കാരെ ഹമാസ് ബന്ദികളാക്കിയെന്ന റിപ്പോർട്ടുകൾ ഞെട്ടലുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്. ചർച്ചകളിലേക്ക് മടങ്ങിപ്പോവുകയും, ശാശ്വത പരിഹാരം കാണലും മാത്രമാണ് പോംവഴിയെന്നാണ് യുഎഇ നിലപാട്. അതായത് അവരും ഹമാസിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നില്ല. ഇത് ഹമാസ് അനുകൂലികളേയും ഞെട്ടിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ