ലണ്ടൻ: ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുൻപിലും പ്രധാന മന്ത്രിയുടെ ഓഫീസിനു മുൻപിലും ഫലസ്തീൻ അനുകൂലികൾ പ്രകടനം നടത്തി. ഇന്നലെ കെൻസിങ്ടണിൽ ഏകദേശം 5000 പേരായിരുന്നു ഒത്തു കൂടിയത്. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രയേൽ ഒരു ഭീകര രാഷ്ട്രമാണ് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം.

വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ആയ ഡൗണിങ് സ്ട്രീറ്റിനു പുറത്ത് ഏകദേശം 250 ഓളം വരുന്ന ഫലസ്തീൻ അനുകൂലികൾ സമാധാനമപരമായ പ്രതിഷേധം നടത്തി. വടക്കൻ ലണ്ടനിൽ ഇസ്രയേലിനായി ഒരുക്കിയ ഒരു പ്രാർത്ഥനാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കവേ ആയിരുന്നു ഇത്. അതി ക്രൂരമായ ഭീകരാക്രമണത്തിന്റെ വേദന അനുഭവമാകുന്ന ഈ നിമിഷം ഇവിടെ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി പ്രാർത്ഥനാ ചടങ്ങിൽ പറഞ്ഞത്.

ഹമാസ്, പോരാളികളോ സ്വാതന്ത്ര്യ സമര സേനാനികളോ അല്ലെന്നും, കറകളഞ്ഞ ഭീകരർ ആണെന്നും ഋഷി സുനക് പറഞ്ഞു. സമാധാനത്തിനായുള്ള സംഗീതോത്സവത്തിൽ പങ്കെടുത്തവരെ ദയയില്ലാതെ കൊന്നു തള്ളുന്നത് ചെകുത്താന് മാത്രം കഴിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിധ നീക്കുപോക്കുകൾക്കോ, സന്തുലനം കൈവരുത്തുന്നതിനോ തയ്യാറല്ലെന്നും, താൻ പൂർണ്ണമായും ഇസ്രയേലിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെസ്റ്റ് മിനിസ്റ്ററിൽ യഹൂദ സമൂഹത്തിനായി ഒരു പ്രാർത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. സുരക്ഷാ മന്ത്രി ടോം ടുങ്കെൻഡറ്റ്,, നിഴൽ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി തുടങ്ങിയവർ അതിൽ പങ്കെടുത്തിരുന്നു. ഏതാണ് 20,000 പേരോളം ആ യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയ നോവ ആർഗാമനി എന്ന ഇസ്രയേലി വനിതയുടെ ചിത്രം പലരും ഉയർത്തിപ്പിറ്റിച്ചിരുന്നു. ഭീകരർ ബന്ധികളാക്കിയ നൂറു കണക്കിന് പേരിൽ ഇവരും ഉൾപ്പെടുന്നു.

അതേസമയം, പടിഞ്ഞാറൻ ലണ്ടനിൽ, ഇസ്രയേലി എംബസ്സിക്ക് മുൻപിൽ ഏകദേശം 5000 ഓളം പേർ പ്രതിഷേധവുമായി തടിച്ചു കൂറ്റി. വൻ പൊലീസ് സുരക്ഷയായിരുന്നു അവിടെ ഒരുക്കിയിരുന്നത്. തൊട്ടടുത്തുള്ള ഒരു വിളക്കുമരത്തിൽ ഒരു ഫലസ്തീൻ പതാക ഉയർത്തിയ പ്രതിഷേധക്കാർ എംബസ്സിക്ക്‌നേരെ കത്തിച്ച പടക്കങ്ങൾ വലിച്ചെറിയുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളോടുള്ള പ്രതികരണമായി മാത്രമെ ഗസ്സയിൽ നിന്നുള്ള ആക്രമണത്തെ കാണാൻ കഴിയൂ എന്നാണ് പ്രതിഷേധംസംഘടിപ്പിച്ചവരിൽ പ്രമുഖരായ ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ പറഞ്ഞത്.

അതിനിടയിൽ യഹൂദ വംശജർ ഗണ്യമായുള്ള വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ പൊലീസ് പട്രോളിങ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും ഇവിടെ പട്രോളിംഗിനായി മെട്രോപോളിറ്റൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം ചേർന്നു. ഇവിടെയുള്ള, യഹൂദ വിഭവങ്ങൾ നൽകുന്ന ഒരു ഹോട്ടലിന്റെ ജനൽ ചില്ല് തല്ലി തകർക്കുകയും ക്യാഷ് റെജിസ്റ്റർ മോഷ്ടിക്കുകയും ചെയ്തതോടെയാണ് പട്രോളിങ് ശക്തിപ്പെടുത്തിയത്. ഫലസ്തീൻ സ്വതന്ത്രമാക്കണമെന്ന് അക്രമികൾ റെസ്റ്റോറന്റിന്റെ ചുമരിൽ പോറിയിടുകയും ചെയ്തു.

യഹൂദ സമൂഹത്തെ പ്രകോപിക്കാനുള്ള ശ്രമം എന്നാണ് ഇതിനെ കുറിച്ച് പ്രദേശവാസികൾ പറയുന്നത്. വിദ്വേഷം പടർത്താൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി, ഈ വാക്കുകൾ പോറിയിട്ട ആളെ കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന ഏതൊരു നടപടിയും കർശനമായി കൈകാര്യം ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സുവെല്ല ബ്രേവർമാൻ ട്വിറ്ററിൽ (എക്സ്) കുറിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യു കെ ഇസ്രയേലിനൊപ്പമാണെന്നും, ഭീകര പ്രവർത്തനങ്ങളെ മഹത്വവത്ക്കരിക്കുന്ന ഒരു നടപടികളും ബ്രിട്ടീഷ് തെരുവുകളിൽ അനുവദിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു.