യെരുശലേം: വൈരം തീർക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളോടും. ഇസ്രയേലിനെ പോരിൽ വെല്ലാൻ, ഹമാസ് നിരവധി അതിക്രമങ്ങൾ കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസ് കൊന്നൊടുക്കുകയും, കത്തിക്കുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഇസ്രയേൽ വ്യാഴാഴ്ച പുറത്തുവിട്ടു.

12 മാസത്തിലേറെ പ്രായമില്ലാത്ത കുഞ്ഞിനോട് കാട്ടിയ ക്രൂരത പോലും വിവരിക്കാനാവാത്തതാണ്. കത്തിച്ച് കരിച്ച മറ്റുരണ്ടു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടു. ദക്ഷിണ ഇസ്രയേലിലെ വീടുകളിൽ, ഇരച്ചുകയറി ഹമാസ് ആയുധധാരികൾ കാട്ടിയ അതിക്രമങ്ങളുടെ ക്രൂര ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ കാലുകളോ കൈകളോ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ടിരിക്കുന്നു.

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. ഈ ചിത്രങ്ങൾ നെതൻയ്യാഹു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണെ കാണിച്ച കൂട്ടത്തിലുള്ളവയെന്നാണ് അവകാശവാദം. ഹമാസ് മനുഷ്യത്വരഹിതമാണ്. ഹമാസ് ഐസിസാണ്, എക്‌സിലെ പോസ്റ്റിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെ, ഹമാസ് കുഞ്ഞുങ്ങളുടെ തലയറുത്തെന്ന് ഇസ്രസേൽ സൈനിക വക്താവ് സ്ഥിരീകരിച്ചിരുന്നു. താൻ കിബുത്സ് സന്ദർശിച്ചപ്പോൾ ഇത്തരത്തിൽ കൂട്ടക്കുരുതി നടത്തിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടുവെന്നാണ് ഇസ്രയേൻ സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞത്. അവിടെല്ലാം വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നെന്നും ഹമാസിന് ഇത്തരത്തിൽ കൊടുംക്രൂരകൃത്യം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞിരുന്നു.

ഗസ്സയിൽ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് കൈവിലങ്ങണിയിച്ച് കൊലപ്പെടുത്തുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ സേന നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, ഐഡിഎഫിന്റെ ആരോപണം ഹമാസ് തള്ളിയിരുന്നു. ഇസ്രയേലി യുവതിയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ആരോപണം ഹമാസ് നിഷേധിക്കുന്നത്.

കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന തരത്തിലുള്ള പ്രാകൃത നടപടികളാണ് ഹമാസ് കൈക്കൊള്ളുന്നത് എന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാൽ, തടവിലാക്കിയ ഒരു ഇസ്രയേൽ യുവതിയെയും അവരുടെ രണ്ട് മക്കളെയും വെറുതെ വിടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ഹമാസ് മറുപടി നൽകുന്നത്. ഹമാസ് ടെലിവിഷൻ നെറ്റ്‌വർക്കായ അൽ-അഖ്‌സയാണ് ദൃശ്യം പുറത്തുവിട്ടത്.

അതിനിടെ, സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്കുനേരെ ആക്രമണമുണ്ടായതായി സിറിയൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡമാസ്‌കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങൾക്കുനേരെയാണ് ആക്രമണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ റൺവേകൾ തകർന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി.

ഇസ്രയേലിനെതിരെ സിറിയൻ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 12 വർഷത്തെ സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യം വെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയിട്ടുള്ളത്. ഗസ്സ മുനമ്പിൽ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേൽ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു.