യെരുശലേം: ഹമാസിനെ തുരത്താൻ, ഇസ്രയേൽ ഉടൻ കരയുദ്ധം തുടങ്ങുമെന്ന് സൂചന. ഗസ്സയുടെ അതിർത്തിയിലേക്ക് ഇസ്രയേലി ടാങ്കുകൾ ഉരുണ്ടുതുടങ്ങി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഗസ്സയിലെ 11 ലക്ഷത്തോളം ഫലസ്തീൻകാർ തെക്ക് ഭാഗത്തേക്ക് മാറണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പ്.

ഇത് ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഗസ്സ നഗരത്തിൽ ഹമാസ് സംഘങ്ങൾ ടണലുകളിൽ ഒളിച്ചിരിക്കുന്നുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. അതുകൊണ്ട് ഗസ്സ നിവാസികൾ, തങ്ങളുടെ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി തെക്ക് ഭാഗത്തേക്ക് പോകണമെന്നാണ് അറിയിപ്പ്. സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസ് ഭീകരരിൽ നിന്ന് അകന്ന് നിൽക്കണമെന്നും, വരും ദിവസങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന ഗസ്സയിൽ കാര്യമായ പ്രവർത്തനം തുടരുമെന്നും സാധാരണക്കാർക്ക് അപകടം വരുത്തരുതെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് അറിയിപ്പിലുള്ളത്. തെക്ക് ഭാഗത്ത് ഈജിപ്റ്റുമായും, ഇസ്രയേലുമായി വടക്ക്-കിഴക്ക് ഭാഗങ്ങളിലുമാണ് ഗസ്സ അതിർത്തി പങ്കിടുന്നത്. ഗസ്സയുടെ വടക്കൻ അതിർത്തിയിലൂടെ ഇസ്രയേലി സൈന്യം കടക്കുമെന്നാണ് കരുതുന്നത്.

നിരവധി ടാങ്കുകളും, കവചിത വാഹനങ്ങളും അതിർത്തി വേലിക്ക് അടുത്ത് നിലയുറപ്പിച്ചതായി എൻഡി ടിവിയുടെ പ്രതിനിധി റിപ്പോർട്ട് ചെയ്തു.ഭാരമേറിയ മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച നേമർ കവചിത വാഹനങ്ങളും ടാങ്ക് വേധ മിസൈലുകളെ തകർക്കാൻ കഴിയുന്ന പ്രതിരോധ സംവിധാനമുള്ള മെർക്കവ ഫോർ ടാങ്കുകളും അതിർത്തിയിൽ വിന്യസിച്ചുകഴിഞ്ഞു.

ഹമാസിന്റെ സൈനികശേഷി പൂർണമായി തകർത്ത് അവർ ഭാവിയിൽ ഭീഷണി അല്ലാതിരിക്കാനാണ് ഇസ്രയേൽ ശപഥം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയത്. ഈ ശനിയാഴ്ച ഒരാഴ്ച തികയും. ഇരുപക്ഷത്തും ആയിരങ്ങൾക്കാണ് ജീവഹാനി സംഭവിച്ചത്.

വലിയ ജനസംഖ്യയുള്ള ഗസ്സയിലെ കെട്ടിടങ്ങളും, ഇടുങ്ങിയ തെരുവുകളും ഇസ്രയേലിന്റെ കൂറ്റൻ വാഹനങ്ങൾക്ക് കടന്നുപോകാൻ വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും. മാത്രമല്ല, വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നുപോകുന്നതും എളുപ്പമല്ല. നിരവധി പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കിയും വച്ചിരിക്കുന്നു.

ഹമാസ് ഒഴിപ്പിക്കൽ ഉത്തരവ് തള്ളിക്കളഞ്ഞിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ 11 ലക്ഷത്തോളം ഫലസ്ഥീൻകാരെ മാറ്റുക സാധ്യമല്ലാത്തതിനാൽ കരയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് യുഎൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സാധാരണ ഫലസ്തീൻ പൗരന്മാർ തങ്ങളുടെ ശത്രുക്കൾ അല്ലെന്നും അവരെ ലക്ഷ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പ്രസ്താവിച്ചെങ്കിലും, യുദ്ധം യുദ്ധമാണല്ലോ.

13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 ഇസ്രയേലി, വിദേശ ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. സാധാരണക്കാരെയും, സൈനികരെയും അടക്കം 150 ലേറെ പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇസ്രയേൽ പോർ വിമാനങ്ങൾ ലക്ഷ്യമിട്ട അഞ്ചുസ്ഥലങ്ങളിലായാണ് 13 ബന്ദികൾ കൊല്ലപ്പെട്ടതെന്ന് എസ്സഡിൻ അൽഖാസം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞത്. വ്യോമാക്രമണങ്ങളിൽ 500 ഓളം കുട്ടികൾ കൊല്ലപ്പെട്ടതായി ഗസ്സയിലെ ഹമാസ് മീഡിയാ ഓഫീസ് അറിയിച്ചു