- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതെന്റെ നാട്ടിലെ ആശുപത്രിയാണ്; ഇവിടെ നിറയെ എന്റെ കൂട്ടുകാരും, അയൽക്കാരുമാണ്; ഇതെന്റെ കരിയറിലെ ഏറ്റവും വിഷമം പിടിച്ച ദിവസമാണ്; ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകളാണ് ഞാൻ കണ്ടത്': പൊട്ടിക്കരഞ്ഞ് ബിബിസി റിപ്പോർട്ടർ; ഒപ്പം ക്യാമറാമാനും
യെരുശലേം: യുദ്ധം റിപ്പോർട്ട് ചെയ്യുക ഒട്ടും എളുപ്പമല്ല. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പല മാധ്യമപ്രവർത്തകരും യുദ്ധമുഖത്തേക്ക് ഇറങ്ങുക. ചുറ്റും കാണുക ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകളുമായിരിക്കും. റോക്കറ്റാക്രമണം താങ്ങാനാവാതെ തകർന്നടിയുന്ന കെട്ടിടങ്ങൾ, മരിച്ചുവീഴുന്ന മനുഷ്യർ, ചിതറി കിടക്കുന്ന മനുഷ്യശരീരങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഇതെല്ലാം ചുറ്റും കാണുമ്പോൾ ഏതു കഠിനഹൃദയമുള്ളയാളും ഒന്നുപതറി പോകും. ബിബിസി അറബിക് റിപ്പോർട്ടർ അദ്‌നൻ അൽ ബുർഷിനും സംഭവിച്ചത് അതാവാം.
ഗസ്സയിലെ ഒരു ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു ബിബിസി ജേണലിസ്റ്റ്. ഒരു ആശുപത്രി എന്നല്ല പറയേണ്ടത്, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി അൽ ഷിഫ. ആശുപത്രിയിലെ സ്ഥിതിഗതികൾ വിവരിക്കുകയായികുന്നു അൽ ബുർഷ്. ചുറ്റും ഗുരുതര പരിക്കേറ്റവർ, മൃതദേഹങ്ങൾ. ചോരയിൽ കുളിച്ച മുഖമുള്ള ഒരു പെൺകുട്ടി ആശുപത്രി കിടക്കയിൽ ചാരിയിരുന്നു കരയുന്നു. അവളുടെ ശരീരമാകെ പൊടിമൂടിയിരിക്കുന്നു. ഡോക്ടർ അവളുടെ പരിക്കേറ്റ കാലുകൾ ശുശ്രൂഷിക്കുകയാണ്. അവൾക്ക് വീട് നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധുക്കൾ എല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. ക്യാമറയൽ അദ്‌നൻ അൽ ബുർഷിന്റെ റിപ്പോർട്ട് അവസാനഭാഗത്തേക്ക് കടക്കുന്നു. മരിച്ചവരുടെ കൂട്ടത്തിൽ തന്റെ കൂട്ടുകാരും, അയൽക്കാരും എല്ലാവരെയും കണ്ടതിന്റെ ഷോക്ക്. പൊടുന്നനെ അയാൾ ക്യാമറയെ നോക്കി പറയുന്നു: ' ഇവിടെ അൽഷിഫ ആശുപത്രിയിൽ എല്ലായിടത്തും മൃതദേഹങ്ങളാണ്. പരിക്കേറ്റവർ സഹായത്തിനായി നിലവിളിക്കുന്നു. നിങ്ങൾക്ക് ആ ശബ്ദം ഒരിക്കലും മറക്കാനാവില്ല. മരിച്ചവരുടെയും, പരിക്കേറ്റവരുടെയും കൂട്ടത്തിൽ എന്റെ ക്യാമറാമാൻ മഹ്‌മൂദ് തന്റെ കൂട്ടുകാരൻ മാലിക്കിനെ കണ്ടു. മാലിക്ക് രക്ഷപ്പെട്ടു. പക്ഷേ കുടുബം, അവരിനി ഈ ലോകത്തില്ല.
ഇതെന്റെ നാട്ടിലെ ആശുപത്രിയാണ്. ഇവിടെ നിറയെ എന്റെ കൂട്ടുകാരും, അയൽക്കാരും, സമൂഹവുമാണ്. ഇതെന്റെ കരിയറിലെ ഏറ്റവും വിഷമം പിടിച്ച ദിവസങ്ങളിൽ ഒന്നായിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകളാണ് ഞാൻ കണ്ടത്.' സങ്കടം സഹിക്ക വയ്യാതെ അദ്‌നൻ അൽ ബുർഷി മുട്ടുകുത്തി കരയുന്നു. ക്യാമറാമാനും കണ്ണീരടക്കാനാവുന്നില്ല.
ആശുപത്രിയുടെ ലോങ് ഷോട്ട്. പരിക്കറ്റവർ, മൃതദേഹങ്ങൾ, ശുശ്രൂഷിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും, നടന്നുവരുന്നവർ. കണ്ണേ മടങ്ങുക.
അപ്പോൾ പുറത്ത് ഹമാസ്, ഇസ്രയേൽ ശാസന വകവയ്ക്കാതെ വടക്കൻ ഫലസ്തിനീൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കില്ലെന്ന് വാശി പിടിക്കുകയായിരുന്നു. ഇസ്രയേൽ സൈന്യം അതിർത്തിയിലേക്ക് ടാങ്കുകൾ ഉരുട്ടുകയായിരുന്നു.
മറുനാടന് ഡെസ്ക്