ടെൽ അവീവ്: ഇസ്രയേൽ പുറപ്പെടുവിച്ച യുദ്ധ മുന്നറിയിപ്പിൽ പ്രാണഭീതിയിൽ ഗസ്സയിലെ സാധാരണക്കാരായ ജനങ്ങൾ. യുദ്ധ മുന്നറിയിപ്പിന് പിന്നാലെ ഗസ്സാ മുനമ്പിൽനിന്ന് ആളുകൾ കൂട്ടപ്പലായനം തുടരുകയാണ്. കാറുകൾക്ക് മുകളിൽ വസ്ത്രങ്ങളും കിടക്കകളുമുൾപ്പെടെ കെട്ടിവച്ചു കൊണ്ടുപോകുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കരയുദ്ധത്തിൽ വൻതോതിലുള്ള നാശമുണ്ടായേക്കാമെന്നും പ്രദേശവാസികൾ 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നുമാണ് ഇസ്രയേൽ മുന്നറിയിപ്പു നൽകിയത്.

ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ കാറുകളിൽ വസ്ത്രങ്ങളും കിടക്കകളും ഉൾപ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന ഫലസ്തീൻകാരുടെ വീഡിയോകൾ എക്സിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത് വടക്കൻ ഗസ്സയിൽനിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വിവരം.

കാറുകളിലും മോട്ടോർ ബൈക്കുകളിലും ട്രക്കുകളിലും കാൽനടയായുമാണ് ഗസ്സയുടെ വടക്കൻ ഗസ്സയിൽ താമസിക്കുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നത്. അതേസമയം, ഫലസ്തീൻകാർ ഇസ്രയേലിന്റെ ഒഴിഞ്ഞുപോകാനുള്ള ഉത്തരവിനെ തള്ളിക്കളഞ്ഞുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഇതിനിടെയിലാണ് പലായനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

ഗസ്സയിൽ ഹമാസിനു ശക്തമായ തിരിച്ചടി നൽകാൻ ലക്ഷ്യമിട്ട് മൂന്ന് ലക്ഷത്തിലേറെ കരുതൽ സേനാംഗങ്ങളേയും മിലിറ്ററി ടാങ്കുകളും ഇസ്രയേൽ വിന്യസിച്ചിട്ടുണ്ട്. ഗസ്സയിലെ ജനങ്ങൾ സുരക്ഷ കണക്കിലെടുത്ത് 24 മണിക്കൂറിനകം തെക്കോട്ടു മാറണമെന്നും ഹമാസിൽനിന്ന് അകന്നുനിൽക്കണമെന്നുമാണ് ഇസ്രയേൽ മുന്നറിയിപ്പു നൽകിയത്. നിലവിൽ പുറത്തുവരുന്ന ദൃശ്യങ്ങൾ വടക്കൻ ഗസ്സയിൽ നിന്നുള്ളതാണ്.

അതേസമയം ഇസ്രയേലിന്റെ മുന്നറിയിപ്പിൽ യുഎന്നും ലോകാരോഗ്യ സംഘടനയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ സ്വയംപ്രതിരോധത്തെ അംഗീകരിക്കുന്നുവെന്നും എന്നാൽ മനുഷ്യാവകാശത്തെ ലംഘിക്കുന്ന തരത്തിലാവരുത് ഇടപെടലെന്നും യുഎൻ പറഞ്ഞു. പ്രദേശത്തെ ആശുപത്രികളിൽനിന്നും പല രോഗികളേയും മാറ്റാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് പ്രാദേശിക ആരോഗ്യപ്രവർത്തകരെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരിൽ സംഘർഷ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകരുതെന്ന് ഹമാസ് നിർദ്ദേശം നൽകി. വടക്കൻ ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോകാൻ തുടർച്ചയായി മുന്നറിയിപ്പു നൽകുക വഴി മാനസ്സിക തലത്തിലും ഇസ്രയേൽ യുദ്ധത്തിനു ശ്രമിക്കുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.

അതേസമയം വടക്കൻ ഗസ്സയിലേക്ക് ഇരച്ചുകയറാൻ തയ്യാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഹമാസ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് 13 ബന്ദികളും കൊല്ലപ്പെട്ടതെന്നും ഹമാസ് അവകാശപ്പെട്ടു. 150ലേറെ ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്.

കൊല്ലപ്പെട്ട ബന്ദികളിൽ വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

ഇസ്രയേലിലെ അഷ്‌കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇതുവരെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 13 ബന്ദികൾ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 150ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ള ബന്ദികളിൽ ആരൊക്കെ ജീവനോടെ ശേഷിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

നൂറു കണക്കിന് ഇസ്രയേൽ പൗരന്മാരെ ഹമാസ് ബന്ദികൾ ആക്കി ഗസ്സയിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നുവെന്നും അവരിൽ പലരെയും കമാൻഡോ ഓപ്പറേഷനിലൂടെ മോചിപ്പിക്കുക ആയിരുന്നു എന്നുമാണ് ഇസ്രയേൽ സൈന്യം അറിയിച്ചിരിക്കുന്നത്.

ഗസ്സയിലെ 10 ലക്ഷത്തിലേറെ ജനങ്ങൾ 1948ൽ ഇസ്രയേൽ സ്ഥാപിച്ചപ്പോൾ അഭയാർഥികളായി എത്തിയവരാണ്. 16 വർഷം മുൻപ് ഹമാസ് അധികാരത്തിലേറിയതോടെ ഗസ്സയിൽ സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തു. ഇസ്രയേലുമായുള്ള അസ്വാരസ്യത്തിനിടെ നിരവധിത്തവണ ബോംബാക്രമണത്തിനും ഗസ്സ വേദിയായി. ശനിയാഴ്ച ഹമാസ് നടത്തിയ ആക്രമണത്തിൽ 1300ലേറെ ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1500ലേറെ ഫലസ്തീനികളും കൊല്ലപ്പെട്ടു.