ക്രെംലിൻ: യുക്രെയിൻ യുദ്ധത്തിൽ റഷ്യൻ സൈനിക ബലം വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളിൽ ഉത്തര കൊറിയ 1000 കണ്ടെയ്നർ ആയുധങ്ങൾ റഷ്യയ്ക്ക് നൽകിയതായി വൈറ്റ്ഹൗസ് വക്താവ് ആരോപിച്ചു. കഴിഞ്ഞ മാസം ഉത്തര കൊറിയൻ ഏകാധിപതി, കിം ജോംഗ് ഉൻ, റഷ്യയിലെത്തി പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്‌ച്ച നടത്തിയതു മുതൽ ഒരു പുതിയ കരാർ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉരുത്തിരിഞ്ഞതായുള്ള ഊഹം പരന്നിട്ടുണ്ട്. റഷ്യയിലെ ചില സുപ്രധാന സൈനിക കേന്ദ്രങ്ങളും കിം ജോംഗ് ഉൻ സന്ദർശിച്ചിരുന്നു.

ഈ സഹായത്തിനു പകരമായി, ഉത്തര കൊറിയയുടെ സൈനികശക്തിയും ആണവ പദ്ധതികളും വിപുലീകരിക്കാൻ റഷ്യയുടെ ആധുനിക സാങ്കേതിക വിദ്യ കിം ജോംഗ് ഉൻ ആവശ്യപ്പെട്ടതായി സംശയിക്കുന്നതായി വൈറ്റ്ഹസിലെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. റഷ്യൻ പതാകയുള്ള കപ്പലിലേക്ക് കണ്ടെയ്നറുകൾ കയറ്റുന്നതിന്റെയും പിന്നീറ്റ് തെക്ക് പടിഞ്ഞാറൻ റഷ്യയിൽ അത് ട്രെയിനിൽ കൊണ്ടു പോകുന്നതിന്റെയും ചിത്രങ്ങൾ അമേരിക്ക പങ്കുവച്ചിട്ടുണ്ട്.

ഉത്തര കൊറിയയിലെ നാജിൻ തുറമുഖത്തു നിന്നാണ് കണ്ടെയ്നറുകൾ കപ്പലിൽ കയറ്റിയത്. റഷ്യയിലെ ഡുനേ തുറമുഖത്തായിരുന്നു ഇത് ഇറക്കിയത്.കഴിഞ്ഞ സെപ്റ്റംബർ 7 നും ഒക്ടോബർ 1 നും ഇടയിലായിരുന്നു ഈ ആയുധ നീക്കം എന്നും കിർബി പറഞ്ഞു. നിയമവിരുദ്ധ യുദ്ധത്തിൽ, യുക്രെയിനെ ആക്രമിക്കാനും, സാധാരണക്കാരെ കൊല്ലാനും ഈ ആയുധങ്ങൾ ഉപയോഗിക്കുമെന്നും, അതിനാൽ തന്നെ ഉത്തര കൊറിയയുടെ ഈ നടപടിയെ അപലപിക്കുന്നു എന്നും കിർബി പറഞ്ഞു.

ഫൈറ്റർ എയർക്രാഫ്റ്റുകൾ, സർഫസ് ടു എയർ മിസൈലുകൾ, കവചിത വാഹനങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഉദ്പാദന ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുമണ് ഈ ആയുധങ്ങൾക്ക് പകരമായി ഉത്തര കൊറിയ ചോദിക്കുന്നതെന്നും അമേരിക്കൻ വക്താവ് ആരോപിച്ചു. ദക്ഷിണ കൊറിയയ്ക്കടുത്ത് ഒരു അമേരിക്കൻ വിമാനവാഹിനി വന്നെത്തിയതിനെതിരെ ഉത്തരകോറിയ പ്രതിഷേധിച്ചതിനിടയിലാണ് രഹസ്യാനേഷണ ഏജൻസികളുടെ ഈ റിപ്പോർട്ട് അമേരിക്ക പ്രസിദ്ധപ്പെടുത്തുന്നത്.

അമേരിക്കൻ നീക്കം തികച്ചും പ്രകോപനകരമാണെന്നായിരുന്നു വിമാന വാഹിനിയുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയുടെ പ്രതികരണം. സ്വയം പ്രതിരോധത്തിനായി ആവശ്യമെങ്കിൽ ആണവായുധങ്ങൾ ഉപയോഗിക്കുമെന്നും ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. നേരത്തേയും റഷ്യയ്ക്ക് ആയുധം നൽകിയതിന് ഉത്തര കൊറിയയ്ക്കെതിരെ പ്രതിഷേധവുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു. എന്നാൽ, റഷ്യയ്ക്ക് ആയുധം നൽകിയെന്ന റിപ്പോർട്ട് നോർത്തുകൊറിയ നിഷേധിക്കുകയാണ്.