ന്യൂയോർക്ക്: ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങളിൽ ഹമാസിനെ രൂക്ഷമായി വിമർശിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് തീവ്രവാദികൾ കലർപ്പില്ലാത്ത പൈശാചികരാണ്. ഹമാസിന്റെ ആക്രമണങ്ങളിൽ ഭൂരിപക്ഷം ഫലസ്തീനികൾക്കും ബന്ധമില്ല. ഇവരുടെ പ്രവർത്തനങ്ങളുടെ ഫലമായി അവർ ദുരിതം അനുഭവിക്കുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ ഫലമായി ഗസ്സയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരിടുന്നതിനാണ് മുൻഗണനയെന്നും ബൈഡൻ വ്യക്തമാക്കി.

ഇസ്രയേലിൽ ആയിരത്തിലധികം പേരുടെ ജീവൻ അപഹരിച്ച ഹമാസ്, ഭീകരസംഘടനയായ അൽഖായ്ദയേക്കാൾ വിനാശകരമാണെന്ന് ബൈഡൻ കുറ്റപ്പെടുത്തി. ആക്രമണത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ അതു ഭയാനകമാണെന്ന് വ്യക്തമാകും.

''ആയിരത്തിൽ അധികം നിഷ്‌കളങ്കരായ മനുഷ്യർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 27 അമേരിക്കക്കാരും ഉൾപ്പെടുന്നു. അൽഖായിദ പരിശുദ്ധരാണെന്നു തോന്നിപ്പിക്കുന്നതാണ് ഇവരുടെ പ്രവർത്തനം. ഹമാസ് അക്ഷരാർഥത്തിൽ തിന്മയാണ്. യുഎസിന് ഈ വിഷയത്തിൽ ഒരുതെറ്റും സംഭവിച്ചിട്ടില്ല. തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ യുഎസ് ഇസ്രയേലിനൊപ്പമാണ്. ഇസ്രയേലിനൊപ്പം നിലനിൽക്കുകയും ചെയ്യും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രയേലിലെത്തി.'' ബൈഡൻ പറഞ്ഞു.

'ആക്രമണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുമ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നത്. 27 അമേരിക്കക്കാരുൾപ്പെടെ ആയിരം നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇസ്രയേലുമായി സഹകരിച്ച് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരെ മോചിപ്പിക്കുന്നതിൽ തങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്.' അദ്ദേഹം വ്യക്തമാക്കി.

'ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ അടിയന്തരമായി നേരിടുന്നതിനാണ് മുൻഗണന. ഹമാസിന്റെ ആക്രമണങ്ങളിൽ ഭൂരിപക്ഷം ഫലസ്തീനികൾക്കും ബന്ധമില്ല. ഇവരുടെ പ്രവർത്തനങ്ങളുടെ ഫലമായി അവർ ദുരിതം അനുഭവിക്കുന്നു. ഞങ്ങൾക്ക് അത് കാണാതെ പോകാനാവില്ല.' ബൈഡൻ പറഞ്ഞു.

'' ഇസ്രയേലിലുള്ള അമേരിക്കക്കാരുടെ കുടുംബാംഗങ്ങളുമായി ഇന്നു രാവിലെ സൂം മീറ്റിങ്ങിലൂടെ ഒരുമണിക്കൂറിലധികം സമയം ഞാൻ സംസാരിച്ചിരുന്നു. മക്കളുടെയും ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും അവസ്ഥ എന്താണെന്നറിയാതെ വലിയ ദുഃഖത്തിലൂടെയാണ് അവർ കടന്നുപോകുന്നത്.

ഈ അവസ്ഥ ഹൃദയഭേദകമാണ്. അവർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ഞാൻ ഉറപ്പുനൽകിയിട്ടുണ്ട്. കാണാതായ ഓരോ അമേരിക്കക്കാരനെയും അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ വേണ്ട എല്ലാകാര്യങ്ങളും ചെയ്യുമെന്ന് ബന്ധുക്കൾക്ക് ഉറപ്പു നൽകി.'' ബൈഡൻ പറഞ്ഞു.

'നേരത്തെ വ്യക്തമാക്കിയ പോലെ അമേരിക്ക ഇസ്രയേലിനൊപ്പം നിൽക്കുന്നു. ഹമാസിന്റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് ആവശ്യമായ സഹായം ഉറപ്പുവരുത്താൻ ഐക്യരാഷ്ട്ര സഭയുമായി ചർകൾ നടത്തുന്നുണ്ട്. കൂടാതെ, ഈജിപ്ത്, ജോർദാൻ, മറ്റ് അറബ് രാജ്യങ്ങളുമായും ചർച്ചകൾ പുരോഗമിക്കുന്നു.' ബൈഡൻ കൂട്ടിച്ചേർത്തു.

നേരത്തെ ഇസ്രയേലിന്റെ ദേശീയ പതാകയെ ഓർമ്മിപ്പിക്കുന്ന നീലയും വെള്ളയും നിറങ്ങളിൽ വൈദ്യുതാലങ്കാരം നടത്തിയിരിക്കുന്ന വൈറ്റ്ഹൗസിന്റെ ചിത്രം കൂടി പങ്കുവച്ചാണ് ബൈഡൻ എക്സിൽ ഇസ്രയേലിനുള്ള പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേലിന് അമേരിക്ക കൂടുതൽ സൈനിക സഹായം നൽകും. ഇസ്രയേലിന് സൈനിക സഹായവുമായി ബ്രിട്ടനും രംഗത്തെത്തി. കിഴക്കൻ മെഡിറ്റേറിയൻ കടലിലേയ്ക്ക് ബ്രിട്ടൻ യുദ്ധക്കപ്പലുകൾ അയച്ചു. പോർവിമാനങ്ങൾ അയയ്ക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.