യെരുശലേം: ഹമാസിന്റെ മുഖ്യ കമാൻഡർ മുറാദ് അബു മുറാദിനെ വധിച്ചതായി ഇസ്രയേൽ. ഹമാസിന്റെ വ്യോമാക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന തലവനുമാണ് അബു മുറാദ്. ഹമാസ് റോക്കറ്റുകൾ തൊടുത്തുവിടുന്ന കേന്ദ്രത്തിന്റെ ആസ്ഥാനത്ത് പോർ വിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിൽ കടന്നുകയറി കൂട്ടക്കുരുതി നടത്താൻ ഭീകരർക്ക് നിർദ്ദേശം നൽകിയ നേതാവാണ് മുറാദ് അബു മുറാദ് എന്ന് ഇസ്രയേൽ വ്യോമ സേന എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

ലബനനിൽ നിന്ന് നിരവധി ഭീകരർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിൽ ഒരു തീവ്രവാദി സെല്ലിനെ തിരിച്ചറിഞ്ഞു. ഒരു ഡ്രോൺ ആക്രമണത്തിലൂടെ തീവ്രവാദി സെല്ലിനെ ലക്ഷ്യം വച്ചെന്നും, നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ ഗസ്സയിൽ പ്രാദേശികാടിസ്ഥാനത്തിൽ സൈനികർ റെയ്ഡുകൾ നടത്തി. മേഖലയെ തീവ്രവാദി മുക്തമാക്കാനും, ആയുധങ്ങൾ കണ്ടെത്താനും, കാണാതായവരെ കണ്ടെത്താനും ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തൽ. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ടിട്ടുണ്ട്.

വ്യോമാക്രമണങ്ങളിൽ ഇതുവരെ 2215 ഗസ്സ നിവാസികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 724 പേർ കുട്ടികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഗസ്സയിൽ 324 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 88 പേർ സ്ത്രീകളാണ്. 1018 പേർക്ക് പരിക്കേറ്റു.

ഹമാസിനെ ഉന്മൂലനം ചെയ്യും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു

ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശത്രുക്കൾ തങ്ങൾക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകൾക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതർക്കെതിരേ തങ്ങളുടെ ശത്രുക്കൾ ചെയ്തത്. സമാനതകളില്ലാത്ത ശക്തിയോടെ ശത്രുക്കൾക്കെതിരേ ആഞ്ഞടിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

ഹമാസ് നടത്തിയ മിന്നലാക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തിന്റെ തുടക്കം മാത്രമാണ് ഗസ്സയിലെ ബോംബാക്രമണമെന്നും നെതന്യാഹു പറഞ്ഞു. ''ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല. എന്നാൽ ഇത് തുടക്കം മാത്രമാണന്നു ഞാൻ നിങ്ങളോട് പറയുന്നു. ഞങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ല. ജൂതരുടെ മേൽ ചുമത്തിയ ഭീകരതകൾ മറക്കാൻ ലോകത്തെ അനുവദിക്കുകയില്ല. ഒരു പരിധിയുമില്ലാതെ ശത്രുക്കൾക്കെതിരെ പോരാടും''നെതന്യാഹു പറഞ്ഞു.

'ഞങ്ങൾ രാജ്യത്തിനുവേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. ശത്രുക്കൾ ഞങ്ങൾക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികൾ ഒരിക്കലും മറക്കില്ല, പൊറുക്കില്ല. ശത്രുക്കൾ അനുഭവിക്കാൻ ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഒരുകാര്യം പറയട്ടെ, ഇത് തുടക്കംമാത്രമാണ്', നെതന്യാഹു പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റ് ലോകനേതാക്കളുമായി സംസാരിച്ചും മറ്റ് ശ്രമങ്ങളിലൂടെയും ലോകത്തിന്റെയാകെ പിന്തുണ ഇസ്രയേലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. യു.എസ്. പ്രതിരോധ സെക്രട്ടറിയുമായി സംസാരിച്ചു. ഇസ്രയേലിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് യുദ്ധം തുടരും. ഹമാസിനെ തുടച്ചുനീക്കും, തങ്ങൾ വിജയിക്കും. സമയമെടുത്തേക്കാം, എന്നാൽ മുൻപത്തേതിനെക്കാൾ ശക്തമായി ഈ യുദ്ധം അവസാനിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഫലസ്തീനിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തിയതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രതികരണം. 24 മണിക്കൂറിനുള്ളിൽ ഗസ്സ സിറ്റി വിടണമെന്നാണു ഫലസ്തീൻ ജനതയോട് ഇസ്രയേലിന്റെ ആഹ്വാനം.

ഗസ്സ ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുമ്പോൾ, കരയാക്രമണ ഭീതിയിലാണു ഗസ്സയിലെ ജനത. അതേ സമയം ഇസ്രയേലിനെതിരായ യുദ്ധത്തിൽ, സമയമാവുമ്പോൾ ഹമാസിനൊപ്പം ചേരാൻ തങ്ങൾ പൂർണസജ്ജമാണെന്ന് ഹിസ്ബുള്ള ഉപമേധാവി നയിം ഖാസി വ്യക്തമാക്കി. ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.

നിലവിൽ ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ ഹിസ്ബുള്ള ശരിയായ രീതിയിൽ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച് അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി. ഹമാസ്- ഇസ്രയേൽ യുദ്ധം നടക്കുന്നതിനിടെ ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കവെ നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തിൽ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് തങ്ങളെ ബാധിക്കില്ല. ഹിസ്ബുള്ളയ്ക്ക് കടമകളെക്കുറിച്ച് പൂർണബോധ്യമുണ്ടെന്നും ഖാസിം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഹിസ്ബുള്ളയും ഫലസ്തീൻ അനുകൂല സംഘടനകളുമായും ഇസ്രയേൽ ഏറ്റുമുട്ടിയിരുന്നു. അതിർത്തി കടന്നുള്ള ഷെല്ലിങ്ങിൽ തെക്കൻ ലെബനനിൽ ഒരു റോയിട്ടേഴ്സ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും എ.എഫ്.പി, റോയിട്ടേഴ്സ്, അൽ ജസീറ എന്നിവയുടെ ആറ് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു പിന്നാലെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്നലെ ഇസ്രയേലിലെത്തി. യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകളുടെ ഭാഗമായി ഇന്നലെ അമ്മാനിൽ ജോർദാനിലെ അബ്ദുല്ല രാജാവുമായും ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ചർച്ച നടത്തിയ ആന്റണി ബ്ലിങ്കൻ ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽത്താനിയെ കണ്ടു. കൂടുതൽ ചർച്ചകൾക്കായി സൗദി അറേബ്യയും ബഹ്റൈനും സന്ദർശിക്കും. അമേരിക്കൻ പൗരന്മാർ അടക്കമുള്ള ബന്ദികളുടെ സുരക്ഷിത മോചനമാണു യുഎസിന്റെ പ്രധാനതാൽപര്യങ്ങളിലൊന്ന്.