ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമിക രാഷ്ട്രങ്ങൾ സൗദി അറേബ്യയിൽ അടിയന്തര അസാധാരണ യോഗം വിളിച്ചു. യുദ്ധം കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഗസ്സയിലെ ഫലസ്തീൻ പൗരന്മാരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ഈ വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചത്. സൗദിയാണ് ഇസ്ലാമിക ഉച്ചകോടിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ. ബുധനാഴ്ച ജിദ്ദയിലാണ് യോഗം.

യുഎൻ കഴിഞ്ഞാൽ നാല് ഭൂഖണ്ഡങ്ങളിലായി 57 രാഷ്്ട്രങ്ങളുള്ള രണ്ടാമത്തെ വലിയ സംഘടനയാണ് ഒഐസി. സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തിൽ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്സൈറ്റിൽ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചർച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു.

മുസ്ലിം ലോകത്തിന്റെ കൂട്ടായ ശബ്ദം എന്നാണ് ഒഐസി സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനുള്ള ചർച്ചകൾ സൗദി നിർത്തി വച്ച ദിവസം തന്നെയാണ് ഒഐസി അടിയന്തര യോഗം വിളിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലുമായുള്ള ചർച്ചകൾ മരവിപ്പിക്കുന്ന വിവരം യുഎസിനെയും ധരിപ്പിച്ചിട്ടുണ്ട്. ഗസ്സയിൽ നിന്ന് ഫലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനെ സൗദി ഇന്നലെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു,

ബഹ്‌റൈനും, യുഎഇയും, മൊറോക്കോയും ഇസ്രയേലുമായി ഔദ്യോഗിക ബന്ധം പുനഃ സ്ഥാപിച്ചെങ്കിലും. സൗദി ഇതുവരെ 2020 ൽ യുഎസിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന അബ്രഹാം കരാറിൽ ചേർന്നിട്ടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി ജോ ബൈഡൻ ഭരണകൂടം കരാറിൽ ചേരാൻ സൗദിയിൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമിച്ചത് സൗദിയെ പിന്തിരിപ്പിക്കാൻ ആണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

കരയുദ്ധം ഉടൻ?

അതേസമയം, ഗസ്സ മുനമ്പിലെ സൈനിക ക്യാമ്പിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തിയതോടെ, കരയുദ്ധം ഉടൻ തുടങ്ങുമെന്ന സൂചന വന്നു. 'നിങ്ങൾ അടുത്ത ഘട്ടത്തിന് തയ്യാറാണോ? അടുത്ത ഘട്ടം വരാൻ പോവുകയാണ്' എന്ന് സൈനികരോട് ചോദിക്കുന്ന വീഡിയോ നെതന്യാഹു സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ചു.

വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ, ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ വരുന്നു.

തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നവർക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മിൽ ധാരണയിലെത്തിയെന്ന് ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗസ്സ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയത് എന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഗസ്സയിലെ ജനങ്ങൾ തങ്ങളുടെ ശത്രുക്കൾ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് ജോനാതൻ കോൺറികസ് പറഞ്ഞു.

രണ്ട് വഴികളിൽക്കൂടിയാണ് ജനങ്ങൾക്ക് പോകാൻ ഇസ്രയേൽ സൈന്യം അനുമതി നൽകിയിരിക്കുന്നത്. രാവിലെ 10 മുതൽ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുൻനിർത്തി, സുരക്ഷാ വേലിക്ക് സമീപം വരരുത്. ആരെങ്കിലും വേലിക്ക് സമീപമെത്തിയാൽ വധിക്കപ്പെടും'.- ഇസ്രയേൽ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. ഫലസ്തീനികളിൽ വലിയൊരു ഭാഗം ഒഴിഞ്ഞുപോകുന്നുണ്ടെങ്കിലും, ചിലർ എന്തുംവരട്ടെ എന്ന നിലപാടിൽ തങ്ങുന്നുണ്ട്. ഫലസ്തീനികൾ ഗസ്സ വിട്ടുപോകില്ലെന്നാണ് ഹമാസ് നേതാവ് പ്രഖ്യാപിച്ചത