ടെൽ അവീവ്: ഹമാസിനെതിരെ കരമാർഗം ഗസ്സയിൽ ആക്രമണം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടും ഇസ്രയേൽ സേന ഇതുവരെ നീക്കം നടത്താത്തത് മേഘാവൃതമായ അന്തരീക്ഷം മൂലമെന്ന് സൂചന. അന്തരീക്ഷം മേഘാവൃതമായതിനാലാണ് ഇസ്രയേൽ സേന ആക്രമണം നീട്ടി വയ്ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരസേനയ്ക്ക് കവചം നൽകാൻ പൈലറ്റുമാർക്കും ഡ്രോൺ ഓപ്പറേറ്റർമാർക്കും സാധിക്കാതെവരും എന്നതിനാലാണിത്. അതേ സമയം വ്യോമാക്രമണം ഇസ്രയേൽ കടുപ്പിച്ചു.

ഹമാസിനെതിരെയുള്ള യുദ്ധം കടുപ്പിക്കാനുള്ള നീക്കത്തിനിടെ വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സൻ നിവാസികൾ പലായനം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം മരണനിരക്ക് മൂവായിരം കടന്നു. 2329 ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. 9714 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേൽ- ഹമാസ് യുദ്ധം ഒൻപതാം ദിനത്തിലേയ്ക്ക് കടക്കവേ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ കാലതാമസം എടുക്കരുതെന്ന് വടക്കൻ ഗസ്സ നിവാസികളോട് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആകാശം, കടൽ, കര മാർഗം ഗസ്സയെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ അടുത്ത ഘട്ടം വരാൻ പോകുന്നതായി അദ്ദേഹം സൈനികരോട് പറയുന്നത് കേൾക്കാമായിരുന്നു. ഗസ്സ മുനമ്പിലെ ഇസ്രയേൽ സൈനിക ക്യാമ്പ് സന്ദർശിക്കവേയായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. അടുത്ത ഘട്ടത്തിന് തയ്യാറാണോ എന്നും അദ്ദേഹം സൈനികരോട് ചോദിച്ചു. ഹമാസിനെ എതിരെ കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നതിനിടെയാണ് നെതന്യാഹു ഗസ്സയിൽ എത്തിയത്.

അതേസമയം, ഹമാസിന്റെ ഒരു സൈനിക കമാൻഡറെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇസ്രയേലിന്റെ അതിർത്തി ഗ്രാമങ്ങളായ നിരീം, നിർ ഓസ് എന്നിവിടങ്ങളിൽ ഹമാസ് കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ സൈനിക കമാൻഡർ ബിലാൽ അൽ-ഖെദ്രയാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹമാസിന്റെ വടക്കൻ ഖാൻ യുനിസ് ബറ്റാലിയന്റെ കമാൻഡറാണ് ഇയാൾ.

ഗസ്സ മുനമ്പിലെ ഖാൻ യുനിസുൾപ്പടെയുള്ള നൂറിലധികം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യംവച്ചാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇസ്രയേൽ അതിർത്തിയിൽ കടന്നുകയറ്റം നടത്താനുള്ള ഹമാസിന്റെ പ്രവർത്തനശേഷി തകർക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസിന്റെ ആന്റി ടാങ്ക് മിസൈൽ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങളുമുൾപ്പടെയുള്ളവ ഇസ്രയേൽ സേന തകർത്തു.

കഴിഞ്ഞ ദിവസം ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡർ മുറാദ് അബു മുറാദും ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ വ്യോമാക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. വടക്കൻ ഗസ്സയെ ലക്ഷ്യമിട്ട് കടലിൽനിന്ന് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

24 മണിക്കൂറിനിടെ ഗസ്സയിൽ ഹമാസ് കമാൻഡർമാരുൾപ്പെടെ 324 പേർ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതിൽ 126 കുട്ടികളുമുണ്ട്. ആയിരത്തിലധികംപേർക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലിൽ 1300-ഉം ഗസ്സയിൽ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സൈനികനടപടിയിൽ 51 ഫലസ്തീൻകാർ കൊല്ലപ്പെട്ടു