- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ബന്ദികളാക്കിയത് 199 പേരെ; വെടിനിർത്തലിന് സമ്മതിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ; ആക്രണം തുടർന്നാൽ ബന്ദികളെ കൊല്ലുമെന്ന് ഹമാസ്; വെടിനിർത്തലിന് തയ്യാറല്ലെന്നും പ്രതികരണം
ടെൽ അവീവ്: ഗസ്സ കീഴടക്കാനോ അവിടെ തുടരാനോ താൽപര്യമില്ലെന്നും ഹമാസിന്റെ ഉന്മൂലനം നടപ്പാകുംവരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ. ഗസ്സയിൽനിന്ന് നൂറുകണക്കിന് പേർക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിന് സഹായകരമാകുംവിധം വെടിനിർത്തലിന് സമ്മതിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിയാണ് ഇസ്രയേലിന്റെ പ്രതികരണം. വെടിനിർത്തൽ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
അതേ സമയം വെടിനിർത്തലിന് തയ്യാറല്ലെന്ന് ഹമാസും വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ബന്ദികളെ ഗസ്സയ്ക്കുള്ളിലെ സുരക്ഷിത സ്ഥലങ്ങളിലും തുരങ്കങ്ങളിലും താമസിപ്പിച്ചിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. മുന്നറിയിപ്പില്ലാതെ സാധാരണക്കാരുടെ വീടുകൾക്കുനേരെ ഇസ്രയേൽ ബോംബെറിയുകയും ആക്രമണം തുടരുകയും ചെയ്താൽ ബന്ദികളെ കൊല്ലുമെന്നും ഹമാസ് ഭീഷണി മുഴക്കി. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 1400-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ഗസ്സയിൽ 2,700 ഓളം പേരും കൊല്ലപ്പെട്ടു.
ഗസ്സ പിടിച്ചെടുക്കാൻ ഇസ്രയേലിനു താൽപര്യമില്ലെന്നും എന്നാൽ, ഹമാസിനെ ഉന്മൂലനം ചെയ്യാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഗസ്സ പിടിക്കാനുള്ള ഇസ്രയേലിന്റെ നീക്കം വലിയ അബദ്ധമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിനു പിന്നാലെ യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാർഡ് എർദൻ ആണു നിലപാട് വ്യക്തമാക്കിയത്.
''ഞങ്ങൾക്ക് ഗസ്സ കീഴടക്കാനോ അവിടെ തുടരാനോ താൽപര്യമില്ല. നിലനിൽപിനു വേണ്ടിയുള്ള പോരാട്ടത്തിലാണു ഞങ്ങൾ. അതിനുള്ള ഏക വഴി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതു പോലെ ഹമാസിനെ ഇല്ലാതാക്കുകയാണ്. അവരുടെ ശക്തി ക്ഷയിപ്പിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും'' എർദൻ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കിയാൽ ഗസ്സ ആരു ഭരിക്കുമെന്ന ചോദ്യത്തിന് യുദ്ധത്തിനു ശേഷമുള്ള ദിവസം എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും എർദൻ വ്യക്തമാക്കി.
അതിനിടെ, ഹമാസ് ഇതുവരെ ബന്ദികളാക്കിയത് 199 പേരെയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഞായറാഴ്ച 155 പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് സൈന്യം പറഞ്ഞിരുന്നു. പിന്നാലെയാണ് എണ്ണത്തിൽ മാറ്റമുണ്ടായതായി സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കിയത്. ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി അധികാരികൾ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം തുടരുന്നു. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന വിധം ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ 199 പേരിൽ 13 കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും എട്ടു പേരും ഉൾപ്പെടുന്നു. 80 വയസ്സിന് മുകളിലുള്ള രണ്ടുപേരുമുണ്ട്. 10 ബ്രിട്ടിഷ് പൗരന്മാരെ ബന്ദികളാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. തങ്ങളുടെ നിരവധി പൗരന്മാരെ ഹമാസ് പിടികൂടിയിട്ടുണ്ടെന്നും 13 പൗരന്മാരെ കാണാതായിട്ടുണ്ടെന്നും യുഎസും സ്ഥിരീകരിച്ചു.
രാജ്യത്തെ 17 പൗരന്മാർ ഗസ്സയിൽ തടവിലാണെന്ന് തായ്ലൻഡ് ഉദ്യോഗസ്ഥർ പറഞ്ഞു. 13 പൗരന്മാരെ കാണാതായതായി ഫ്രാൻസും അറിയിച്ചു. എട്ട് ജർമൻകാരും രണ്ട് മെക്‌സിക്കൻ സ്വദേശികളും ഒരു റഷ്യൻ-ഇസ്രയേൽ സ്വദേശിയും ബന്ദികളാക്കിയവരിൽ ഉൾപ്പെടുന്നു. മറ്റു നിരവധി രാജ്യക്കാരെയും കാണാതായിട്ടുണ്ട്. ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരത്തിലധികം ഫലസ്തീനികൾ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് നേതൃത്വം വ്യക്തമാക്കി.
അതിനിടെ, ലെബനൻ അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ബെയ്റൂട്ടിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏത് ആരോഗ്യ പ്രതിസന്ധികളോടും പ്രതികരിക്കാൻ തയ്യാറാകുന്നതിന് ആവശ്യമാകുന്ന രീതിയിൽ മെഡിക്കൽ സാമഗ്രികളുടെ വിതരണം വേഗത്തിലാക്കി. പരിക്കേറ്റ 800 മുതൽ 1000 വരെ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ശസ്ത്രക്രിയ മരുന്നുകൾ ഉൾപ്പെടെ ബെയ്റൂട്ടിലെത്തിയതായും പ്രസ്താവനയിൽ പറയുന്നു.
മറുനാടന് ഡെസ്ക്