- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ മകളെ തേടിയെത്തിയപ്പോൾ പ്രതീക്ഷിച്ചത് ബന്ദികൾക്കൊപ്പം ഉണ്ടാകുമെന്ന്; പിതാവിന് വഴികാട്ടിയായി 24 കാരിയുടെ ഫോണും ആപ്പിൾ വാച്ചും; കണ്ടെത്താനായത് ചേതനയറ്റ ശരീരം; ഹമാസിന്റെ വെടിയേറ്റ് മരിച്ചവരിൽ അമേരിക്കൻ യുവതിയും കാമുകനും
ടെൽ അവീവ്: ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഹമാസ് ഭീകരർ കൊലപ്പെടുത്തിയ അമേരിക്കൻ യുവതിയുടെ മൃതദേഹം മകളെ തിരഞ്ഞിറങ്ങിയ പിതാവ് കണ്ടെത്തിയത് ആപ്പിൾ വാച്ചിന്റെയും ഫോണിന്റെയും സഹായത്തോടെ. അമേരിക്കൻ യുവതി ഡാനിയേലയുടെ പിതാവ് ഇയാൽ വാൾഡ്മാനാണ്, ഫോണിലെ ട്രാക്കിങ് സംവിധാനവും ആപ്പിൾ വാച്ചും ഉപയോഗിച്ച് കാണാതായ മകളുടെ മൃതദേഹം കണ്ടെത്തിയത്. ഹമാസ് ബന്ദികളാക്കിയ ഇരുനൂറോളം പേർക്കൊപ്പം മകളുമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വാൾഡ്മാന്, ഒടുവിൽ കണ്ടെത്താനായത് മകളുടെ ചേതനയറ്റ ശരീരമാണെന്നത് നൊമ്പരപ്പെടുത്തുന്ന അനുഭവമായി.
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നത്. ഇസ്രയേലിലെ നോവ മ്യൂസിക് ഫെസ്റ്റവെലിന് പങ്കെടുക്കാൻ എത്തിയതായിരുന്നു ഡാനിയേലും കാമുകനായ നൊവാം ഷായിയും. അവിടെ വച്ചാണ് രണ്ടുപേരെയും ഹമാസ് ഭീകരർ വധിച്ചത്. ഇസ്രയേൽ - അമേരിക്കൻ വംശജയാണ് കൊല്ലപ്പെട്ട യുവതി. ആക്രമണത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.
തന്റെ ആപ്പിൾ വാച്ചിലെ ലൊക്കേഷനും മകളുടെ ഫോണിലെ ലൊക്കേഷനും ബന്ധിപ്പിച്ചാണ് തിരച്ചിൽ നടത്തിയതെന്ന് വാൾഡ്മാൻ പറഞ്ഞു. 'മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യം കരുതിയത്. അതിന് ശേഷമാണ് മരിച്ചവരിൽ രണ്ടുപേർ തന്റെ മകളും കാമുകനുമായ നോം ഷായിയാണ് എന്ന് സ്ഥിരീകരിച്ചത്' വാൽഡ്മാൻ വ്യക്തമാക്കി.
ആക്രമണ സമയത്ത് ഡാനിയേൽ നടത്തിയ ഫോൺ കോളുകളുടെ ലൊക്കേഷൻ ട്രെയ്‌സ് ചെയ്താണ് മകളുടെ മൃതദേഹം കിടന്ന കാർ കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളിൽ നിന്നെത്തിയ ഭീകര സംഘമായിരിക്കാം മകളുടെ കാറിലേക്ക് വെടിയുതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകളും കാമുകനും മൂന്ന് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെല്ലാവരും കൊല്ലപ്പെട്ടു.
വ്യവസായിയും കംപ്യൂട്ടർ നെറ്റ്‌വർക്ക് ഉൽപ്പന്നമായ മെല്ലനോക്‌സിന്റെ സ്ഥാപകനുമാണ് ഇയാൽ വാൾഡ്മാൻ. ഡാനിയേൽ കൊല്ലപ്പെടുന്നതിന് മണിക്കൂറൂകൾ മുൻപ് താൻ മകളുമായി സംസാരിച്ചിരുന്നുവെന്നും വാൾഡ്മാൻ പറഞ്ഞു. മകളും കാമുകനും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അതിനിടയ്ക്കാണ് വലിയ ദുരന്തം തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിനു പിന്നാലെയാണ് ഇരുപത്തിനാലുകാരിയായ മകളെ തിരഞ്ഞ് ഇസ്രയേലിലെത്തിയത്. ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ 260 മൃതദേഹങ്ങൾ കണ്ടെത്തിയ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിൽ ആൺസുഹൃത്ത് നൊവാം ഷായിക്കൊപ്പം ഡാനിയേലയുമുണ്ടായിരുന്നു.
സംഗീത വേദിയിൽനിന്ന് ഹമാസ് സായുധ സംഘം ബന്ദികളാക്കിയ തട്ടിക്കൊണ്ടു പോയവരിൽ ഡാനിയേലയും ഉൾപ്പെട്ടിട്ടുണ്ടെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു കുടുംബം. തുടർന്ന് മകളെ തിരഞ്ഞാണ് വാൾഡ്മാൻ ഇസ്രയേലിലെത്തിയത്. എന്നാൽ, ഒക്ടോബർ 11ന് മകളുടെ ഫോണിലെ ട്രാക്കിങ് സംവിധാനവും ആപ്പിൾ വാച്ചും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വാൾഡ്മാന് മകളെക്കുറിച്ച് വ്യക്തമായ വിവരം നൽകിയത്. ഡാനിയേലയും നൊവാമും സംഗീത വേദിയിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
'ഇസ്രയേലിൽ വന്നിറങ്ങി മൂന്നു മണിക്കൂറിനുള്ളിൽ ഞാൻ ഈ മേഖലയിലെത്തി. അവിടെ ഡാനിയേലയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന ചില സാധനങ്ങൾ ഡാനിയേലയുടേതായിരുന്നു. മാത്രമല്ല, ആക്രമണ സമയത്ത് അവളുടെ ഫോണിൽനിന്ന് ഞങ്ങൾക്ക് എമർജൻസി കോൾ വന്നിരുന്നു. ആ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തി വാഹനം അവരുടേതാണെന്ന് ഉറപ്പിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു ചുറ്റിലും നിന്ന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. സായുധരായ ആളുകൾ ചുറ്റിലും നിന്ന് വെടിയുതിർത്തതിന്റെ എല്ലാ സൂചനകളും കാറിലുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്നു തോക്കുകളെങ്കിലും ഉപയോഗിച്ച് വെടിയുതിർത്തുണ്ടെന്ന് വ്യക്തമാണെന്ന് വാൾഡ്മാൻ വിശദീകരിച്ചു.
സംഗീത വേദിയിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനു പിന്നാലെ ഡാനിയേലയും നൊവാമും ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടോ മൂന്നോ സുഹൃത്തുക്കളും വെള്ള ടൊയോട്ട കാറിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നു വ്യക്തമാണ്. പക്ഷേ, വാഹനം വളഞ്ഞ ഹമാസ് സായുധ സംഘം ഇവരെ കൊലപ്പെടുത്തിയെന്നാണ് മനസ്സിലാകുന്നതെന്നും വാൾഡ്മാൻ വ്യക്തമാക്കി.