- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ യുഎൻ എത്തിച്ച ഇന്ധനവും വൈദ്യസഹായവും ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രയേൽ; ഉദ്യോഗസ്ഥരായി വേഷമിട്ടെത്തിയ ഒരു കൂട്ടം ആളുകൾ കടത്തിയെന്ന് വിവരം; ട്വീറ്റ് പിൻവലിച്ച് യുഎൻ ഏജൻസി
കുവൈത്ത് സിറ്റി: ഗസ്സയിൽ യുദ്ധക്കെടുതി നേരിടുന്ന അഭയാർത്ഥികൾക്ക് വേണ്ടി യുഎൻ ഏജൻസി എത്തിച്ചുനൽകിയ ഇന്ധനവും വൈദ്യസഹായവുമടക്കം ഹമാസ് മോഷ്ടിച്ചുവെന്ന ആരോപണവുമായി ഇസ്രയേൽ. ഗസ്സ സിറ്റിയിലെ യുഎൻ ഓഫീസുകളിൽ നിന്ന് ഹമാസ് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും മോഷ്ടിച്ചുവെന്നാണ് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഗസ്സയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
ഹമാസ് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് (യുഎൻആർഡബ്ല്യുഎ) എക്സിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഗസ്സ സിറ്റിയിലെ ഏജൻസിയുടെ കോമ്പൗണ്ടിൽ നിന്ന് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഇന്നലെ കൊണ്ട് പോയെന്നായിരുന്നു സംഘടനയുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്.
ഞായറാഴ്ച ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായി വേഷമിട്ടെത്തിയ ഒരു കൂട്ടം ആളുകൾ ഏജൻസിയുടെ കോമ്പൗണ്ടിൽ നിന്ന് ഇവ കടത്തിയെന്നാണ് വിവരം. ഇത് സംബന്ധിച്ച യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്(യുഎൻആർഡബ്ല്യുഎ) എക്സിൽ പോസ്റ്റ് പങ്കുവെച്ചെങ്കിലും ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബർ 13-ന് ഗസ്സ ആസ്ഥാനത്തുള്ള തങ്ങളുടെ ജീവനക്കാർക്ക് സ്ഥലം ഒഴിയേണ്ടി വന്നതായി യുഎൻആർഡബ്ല്യുഎ പോസ്റ്റിലൂടെ അറിയിച്ചു. അതിനുശേഷം ഏജൻസി ജീവനക്കാർക്ക് കോമ്പൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചെന്നും എന്നാൽ വസ്തുവകകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ലഭിച്ചില്ലെന്നും ഏജൻസി വ്യക്തമാക്കി.
ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഗസ്സയിൽ തുടർച്ചയായ വ്യോമാക്രമണം നടത്തിവരികയാണ്. ഏകദേശം പത്ത് ലക്ഷം ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായതായി യുഎൻ റിപ്പോർട്ട് ചെയ്തു. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിന്റെ ഭാഗത്ത് 1,400-ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. ഗസ്സ ഭാഗത്ത് ഇസ്രയേൽ ആക്രമണത്തിൽ 2,670 പേരെങ്കിലും കൊല്ലപ്പെട്ടു.
ജനസാന്ദ്രതയേറിയ തീരപ്രദേശങ്ങളിലേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ വിതരണവും ഇസ്രയേൽ വിച്ഛേദിച്ചിരുന്നു. എന്നാൽ, തെക്കൻ മേഖലകളിൽ ജലവിതരണം ഞായറാഴ്ച പുനഃസ്ഥാപിച്ചു. ഇതിനിടെ കര ആക്രമണത്തിന് മുന്നോടിയായി ഗസ്സയുടെ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ആയുധങ്ങൾ ശേഖരിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനിടെ പലസ്ഥീനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടാൽ മേഖലയിലെ മറ്റ് കക്ഷികൾ രംഗത്തിറങ്ങാൻ തയ്യാറാണെന്ന മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തി
ഇതിനിടെ, ഇസ്രയേൽ - ഹമാസ് യുദ്ധം പത്താം ദിവസത്തിൽ എത്തുമ്പോൾ ആദ്യമായി ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളാക്കിയ ഇരുന്നൂറോളം പേരിൽ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്. മിയ സ്‌കീം എന്ന 21 കാരിയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്‌സ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്.
ഗസ്സ അതിർത്തിക്കടുത്തുള്ള ഇസ്രയേലി നഗരമായ സ്ഡെറോറ്റാണ് തന്റെ സ്വദേശമെന്ന് മിയ വീഡിയോയിൽ പറഞ്ഞു. മിയയുടെ കയ്യിൽ ആരോ ബാൻഡേജ് ചുറ്റുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. തന്റെ പരിക്കിന് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ നടത്തിയതായി മിയ പറഞ്ഞു. 'അവർ എന്നെ പരിചരിക്കുന്നു. അവർ എനിക്ക് ചികിത്സയും മരുന്നും നൽകുന്നു. എല്ലാം ഓകെയാണ്. എന്റെ വീട്ടിലേക്ക്, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ദയവായി ഞങ്ങളെ എത്രയും വേഗം അവിടെയെത്തിക്കുക'- ഇസ്രയേലി യുവതി ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്