യെരുശലേം: ഹമാസ് ഇസ്രയേലിലേക്ക് വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി ഗസ്സയിലെ ആശുപത്രിയിൽ പതിച്ചതിന് തെളിവുമായി ഇസ്രയേൽ പ്രതിരോധ സേന. 500 ലധികം പേരാണ് ആശുപത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി നിഷേധ കുറിപ്പിറക്കിയിരുന്നു. അതിനിടെ, ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് പുതിയ തെളിവുകൾ പുറത്തുവിട്ടു.

രണ്ട് ഹമാസ് സായുധ സേനാംഗങ്ങൾ തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. റോക്കറ്റ് തൊടുത്തുവിട്ടത് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ആണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ: ' അവർ പറയുന്നു റോക്കറ്റ് അയച്ചത് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ആണെന്ന്. അത് നമ്മൾ അയച്ചതാണോ?

്അങ്ങനെയാണെന്ന് തോന്നുന്നു...അത് ലക്ഷ്യം തെറ്റി അവരുടെ മേലേ വീണു...ദൈവം അവരെ അനുഗ്രഹിക്കട്ടെ..മറ്റെവിടെയെങ്കിലും അത് വീണ് പൊട്ടിയിരുന്നെങ്കിൽ?

ഗസ്സയിൽ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് അയച്ച ഒരു റോക്കറ്റ് എന്തോ പ്രശ്‌നം കാരണം പെട്ടെന്ന് വഴി മാറി പതിക്കുന്നതിന്റെ വീഡിയോ ഇസ്രയേൽ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തുവിട്ടത്. രാത്രിയിൽ നടന്ന സംഭവം ആയതുകൊണ്ട് റോക്കറ്റ് സ്വയം പിളർന്നതാണോ, അതോ, ദിശ മാറി പോയതാണോ എന്ന് വ്യക്തമല്ല. പക്ഷേ നിമിഷങ്ങൾക്ക് ശേഷം താഴെ നഗരത്തിൽ പതിക്കുന്നത് കാണാം. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിലാണ് റോക്കറ്റ് പതിച്ചതെന്ന് ഇസ്രയേൽ ആരോപിക്കുന്നു.

ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ നിന്ന് റോക്കറ്റുകൾ തൊടുത്തുവിടുന്നതിന്റെ ദുരന്തഫലമാണിതെന്ന് ഐഡിഎഫ് കുറ്റപ്പെടുത്തി. ആശുപത്രിയിലെ കൂട്ടക്കുരുതിക്ക് തങ്ങളെ പഴിക്കാനാനില്ലെന്ന് ഇൻഫ്രാറെഡ് ചിത്രങ്ങളും, ഉപഗ്രഹ ഫോട്ടോകളും ഇന്റലിജൻസ് രേഖകളും തെളിയിക്കുന്നതായി ഐ ഡി എഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. അൽ അഹ്ലി ആശുപത്രിക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് തകരാർ സംഭവിച്ചതായി ചിത്രങ്ങളിൽ കാണുന്നില്ല. തൊട്ടടുത്തുള്ള കാർ പാർക്കിൽ കുഴികൾ ഉണ്ടായിട്ടില്ല. വ്യോമാക്രമണത്തിന്റേതായ അവശിഷ്ടങ്ങളുമില്ല. ഇസ്രയേലിൽ നിന്ന് നേരിട്ടുള്ള മിസൈൽ ആക്രമണം ആയിരുന്നെങ്കിൽ, കൂടുതൽ നാശനഷ്ടം ഉണ്ടാകുമായിരുന്നു, ഐഡിഎഫ് വക്താവ് വ്യക്തമാക്കി. തങ്ങളുടെ ഭാഗത്താണ് കുഴപ്പം ഉണ്ടായതെന്ന് ഹമാസിന് അറിയാമെന്നും എന്നാൽ, ഇസ്രേലിനെ പഴിക്കാൻ വേണ്ടിയാണ് ആഗോള മാധ്യമ പ്രചാരണം നടത്തുന്നതെന്നും ഐ ഡി എഫ് വക്താവ് ഡാനിയൽ ഹഗാരി വാദിച്ചു.

മധ്യ ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചത്. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.

പരിക്കേറ്റവരും അഭയംതേടിയെത്തുന്നവരുമായ നിരവധിയാളുകളാണ് ഗസ്സയിലെ ആശുപത്രികളിലുള്ളത്. അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു സ്‌കൂളിനു നേർക്കും ആക്രമണമുണ്ടായതായി ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് ഫലസ്തീൻ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചർച്ച ഫലസ്തീൻ വേണ്ടെന്ന് വച്ചു. ഈ സാഹചര്യത്തിൽ ഫലസ്തീനിലേക്ക് ജോ ബൈഡൻ പോകില്ലെന്നാണ് സൂചന. ഹമാസും ആശുപത്രിയിലെ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് പറയുകയാണ്.