ന്യൂഡൽഹി: ഇസ്രയേൽ - ഹമാസ് സംഘർഷം തുടരുന്നതിനിടെ ഹമാസിന്റെ ആക്രമണം ചെറുത്ത് ഇസ്രയേലി പൗരന്മാരുടെ ജീവൻ രക്ഷിച്ച രണ്ട് മലയാളി യുവതികൾക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേൽ എംബസി. കെയർ വർക്കേഴ്സായി ഇസ്രയേലിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂർ സ്വദേശി സബിതയുമാണ് ഹമാസ് ഭീകരരുടെ ആക്രണത്തിന് മുന്നിൽ നിന്ന് ഇസ്രയേൽ പൗരന്മാരായ വൃദ്ധദമ്പതിമാരെ ജീവിതത്തിലേക്ക് തിരികെവിളിച്ചത്. ഹമാസ് വീട് വളഞ്ഞെന്ന് അറിഞ്ഞതോടെ നാലുപേരും വീട്ടിലെ സുരക്ഷാ റൂമിൽ ഒളിക്കുകയായിരുന്നു. ഹമാസ് സംഘാംഗങ്ങൾ ഈ റൂമിന്റെ ഇരുമ്പുവാതിൽ വെടിവെച്ച് തകർക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും മീരയും സബിതയും മണിക്കൂറുകളോളം വാതിൽ അടച്ചുപിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു വർഷമായി ഇസ്രയേൽ-ഗസ്സ അതിർത്തിയിലെ കിബൂറ്റ്സിലാണ് ഇരുവരും ജോലി ചെയ്യുന്നത്. എഎൽഎസ് രോഗം ബാധിച്ച റേച്ചൽ എന്ന വൃദ്ധയെ പരിചരിക്കലായിരുന്നു ജോലി. രണ്ടു പേരും ഓരോ ഷിഫ്റ്റിലായാണ് ജോലി ചെയ്തിരുന്നത്. രാവിലെ 6.30ന് ജോലി കഴിഞ്ഞ് സബിത താമസസ്ഥലത്തേക്ക് പോകാൻ ഒരുങ്ങുന്ന സമയത്താണ് ഹമാസിന്റെ ആക്രമണമുണ്ടായത്. ആ സമയത്ത് അടുത്ത ഷിഫ്റ്റ് ജോലിക്കായി മീര വീട്ടിലെത്തുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു ഹമാസിന്റെ ആക്രമണം.

ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിൽനിന്ന് ഇസ്രയേൽ സ്വദേശികളെ സംരക്ഷിച്ച മലയാളി ജീവനക്കാരായ മീരയേയും സബിതയേയും അഭിനന്ദിച്ചാണ് ഇസ്രയേൽ എംബസിയുടെ പ്രതികരണം. 'ഇന്ത്യൻ സൂപ്പർവിമൻ' എന്ന തലക്കെട്ടോടെയാണ് കേരളത്തിൽ നിന്നുള്ള സബിത, മീര മോഹനൻ എന്നീ വനിതകളുടെ ധീരതയെപ്പറ്റി ഇസ്രയേൽ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പറയുന്നത്. ഇരുവരും രക്ഷിച്ച ഇസ്രയേലി പൗരന്മാരുടെ മകന്റെ ഭാര്യയും സോഷ്യൽ മീഡിയയിൽ അഭിനന്ദിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസുമായി മണിക്കൂറുകളോളം പൊരുതിനിന്ന ഇവർ ഹീറോകളാണെന്നും മാതാപിതാക്കളുടെ ജീവൻ രക്ഷിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു.

ഇസ്രയേൽ ഗസ്സ അതിർത്തിയോടു ചേർന്നാണ് സബിതയും മീരയും കെയർ ഗിവറായി ജോലി ചെയ്യുന്ന വീട്. ഇവിടെ എഎൽഎസ് രോഗബാധിതയായ റാഹേൽ എന്ന സ്ത്രീയേയാണ് ഇവർ പരിചരിക്കുന്നത്. അതിർത്തി കടന്നെത്തിയ ഹമാസ് സംഘം ആക്രമണം നടത്തുന്നതിനിടെ ഈ വീട്ടിലുമെത്തി. വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ സബിതയും മീരയും റാഹേലുമായി സുരക്ഷാമുറിയിൽ കടന്നു.

അക്രമികൾ സുരക്ഷാമുറിയുടെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ സബിതയും മീരയും വാതിൽ തള്ളിപ്പിടിച്ച് പ്രതിരോധിക്കുകയായിരുന്നു. നാലര മണിക്കൂറോളം അവർക്ക് അങ്ങനെ നിൽക്കേണ്ടിവന്നു. ഒടുവിൽ അക്രമികൾ പിൻവാങ്ങുകയായിരുന്നു. അന്ന് സംഭവിച്ച കാര്യങ്ങൾ സബിത വിശദീകരിക്കുന്ന വിഡിയോയും ഇസ്രയേൽ എംബസി പങ്കുവച്ചിട്ടുണ്ട്. 'ഇന്ത്യൻ സൂപ്പർവിമൻ' എന്ന തലക്കെട്ടും ഒരു ലഘു കുറിപ്പും ഇതിനൊപ്പമുണ്ട്.

''കേരളത്തിൽ നിന്നുള്ള കെയർഗിവറായ സബിതയുടെ ഈ അനുഭവം കേൾക്കൂ. വീടിനുള്ളിൽ അതിക്രമിച്ചു കടക്കാനും തങ്ങൾ പരിചരിക്കുന്ന ഇസ്രയേൽക്കാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്റെ ശ്രമങ്ങളെ വാതിൽ തള്ളിപ്പിടിച്ച് മീരാ മോഹനനോടൊപ്പം എപ്രകാരമാണ് പ്രതിരോധിച്ചതെന്ന് സബിത വിവരിക്കുന്നു'' എന്നാണ് വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ്. വെടിയുണ്ടകൾ പതിച്ച ഒരു വാതിലിന്റെയും ഭിത്തിയുടെയും ചിത്രവും എംബസി പങ്കുവച്ചു.

അതിർത്തി പ്രദേശത്താണ് കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ജോലി ചെയ്യുന്നത്. ഈ വീട്ടിൽ ഞാനുൾപ്പെടെ രണ്ട് കെയർഗിവർമാരാണുള്ളത്. എഎൽഎസ് ബാധിതയായ സ്ത്രീയെയാണ് ഞങ്ങൾ പരിചരിക്കുന്നത്. അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ജോലി പൂർത്തിയാക്കി മടങ്ങാനൊരുങ്ങുന്ന സമയത്താണ് 6.30 ഓടെ അപായ സൈറൺ മുഴങ്ങിയത്. അതോടെ ഞങ്ങൾ സേഫ്റ്റി റൂമിലേക്ക് ഓടി. അന്ന് സൈറൺ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

ഇതിനിടെ റാഹേലിന്റെ മകൾ വിളിച്ച് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അറിയിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വീടിന്റെ മുൻവാതിലും പിൻവാതിലും എത്രയും വേഗം അടയ്ക്കാൻ അവർ നിർദ്ദേശിച്ചു. തറയിൽ ചവിട്ടുമ്പോൾ കൂടുതൽ ഗ്രിപ് കിട്ടുന്നതിനായി ഞങ്ങൾ ചെരിപ്പുകൾ അഴിച്ചുമാറ്റി.

ഏതാനും മിനിറ്റുകൾക്കുള്ളിൽ അക്രമികൾ വീട്ടിലെത്തി. വെടിയുതിർത്തും വീടിന്റെ ഗ്ലാസുകൾ തകർത്തും അവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ റാഹേലിന്റെ മകൾ വിളിച്ച് ഒരു കാരണവശാലും വാതിൽ തുറക്കാൻ അനുവദിക്കരുതെന്നും എല്ലാവരും ചേർന്ന് തള്ളിപ്പിടിക്കണമെന്നും നിർദ്ദേശിച്ചു. ഏതാണ്ട് നാലര മണിക്കൂർ സമയമാണ് ഞങ്ങൾ ആ വാതിൽ തള്ളിപ്പിടിച്ചു നിന്നത്. ഏതാണ്ട് 7.30 മുതൽ അക്രമികൾ വീടിനു പുറത്തുണ്ടായിരുന്നു.

അവർ ഷൂട്ട് ചെയ്യുന്ന ശബ്ദവും ഗ്ലാസുകൾ പൊട്ടുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. സേഫ്റ്റി റൂമിൽ നിന്ന് ഞങ്ങൾ വീണ്ടും റാഹേലിന്റെ മകളെ വിളിച്ചു. വാതിൽ അമർത്തിപ്പിടിക്കാനാണ് അവർ ഞങ്ങളോട് പറഞ്ഞത്. അവർ വാതിലിലേക്ക് ഷൂട്ട് ചെയ്യുകയും തകർക്കാനും ശ്രമിച്ചു. ഞങ്ങൾ വാതിലിലെ പിടിവിട്ടില്ല.

പുറത്തുനിന്ന് വാതിൽ തുറക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങളാകട്ടെ, അവർ അകത്തു കടക്കാതിരിക്കാൻ വാതിൽ തള്ളിപ്പിടിച്ചുനിന്ന് പ്രതിരോധിച്ചു. അവർ വാതിലിൽ ശക്തമായി അടിക്കുകയും വാതിലിനു നേരെ വെടിയുതിർക്കുകയും ചെയ്തുകൊണ്ടിരുന്നു.

പിന്നീട് ഹമാസ് സംഘം വീട്ടിൽ നിന്ന് പോയെന്ന് മനസിലായി. പക്ഷേ വാതിൽ തുറക്കാൻ ഞങ്ങൾക്ക് പേടിയായിരുന്നു. നാലര മണിക്കൂറുകളോളം ഞങ്ങൾ വാതിൽ നിന്ന് കൈവിടാതെ നിന്നു. അറിയാവുന്ന പ്രാർത്ഥനകളെല്ലാം ചൊല്ലി. ഉച്ചയ്ക്ക് ഒരു മണിയായപ്പോഴും വീണ്ടും വെടിയൊച്ച കേട്ടു.

അവിടെയുണ്ടായിരുന്ന എല്ലാം ഹമാസ് സംഘം തകർത്തു. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നുപോലും ഞങ്ങൾക്ക് മനസ്സിലായില്ല. ഏതാനും മണിക്കൂറുകൾക്കു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും വെടിയൊച്ച കേട്ടു. ഇസ്രയേൽ സൈന്യം നമ്മെ രക്ഷിക്കാനായി എത്തിയിട്ടുണ്ടെന്ന് ഗൃഹനാഥനായ ഷുലിക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാനായി അദ്ദേഹം പുറത്തിറങ്ങി നോക്കി. അവിടെ എല്ലാം തകർക്കപ്പെട്ടിരുന്നു.

ഇസ്രയേൽ സൈന്യം ഞങ്ങളെ രക്ഷിക്കാനെത്തുമെന്ന് വീട്ടിലെ ഗൃഹനാഥനായ ഷ്മൂലിക് ഞങ്ങളെ അറിയിച്ചു. അദ്ദേഹം രാത്രിയായപ്പോൾ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. പൂർണമായും തകർന്ന വീടാണ് അദ്ദേഹം കണ്ടത്. സൈന്യം എത്തിയപ്പോൾ ഞങ്ങളും പുറത്തേക്കിറങ്ങി. സകലതും ഹമാസ് സംഘം എടുത്തുകൊണ്ടുപോയിരുന്നു. കൊണ്ടുപോകാൻ കഴിയാത്തത് നശിപ്പിച്ചു. മീരയുടെ പാസ്പോർട്ട് വരെ എടുത്തു. ഞങ്ങൾ തയ്യാറാക്കിവെച്ചിരുന്ന എമർജൻസി ബാഗും സ്വർണവും പണവുമെല്ലാം അവർ കൊണ്ടുപോയിരുന്നു.

ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത പല വീടുകളും ഇതേ അവസ്ഥയിലാണുണ്ടായിരുന്നത്. അവിടേയുള്ള പലരേയും കൊല്ലപ്പെട്ടിരുന്നു. ചിലരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതുപോലെ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മിസൈൽ ആക്രമണങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ആ സമയത്ത് ഞങ്ങൾ സുരക്ഷാ റൂമിൽ താമസിക്കും. അതുകഴിഞ്ഞാൽ പുറത്തേക്കിറങ്ങും. എന്നാൽ ആ ദിവസം അതുപോലെയായിരുന്നില്ല. എന്തെങ്കിലും ചെയ്യാനുള്ള സമയം ഞങ്ങൾക്ക് ലഭിച്ചില്ല.'-സബിത പറയുന്നു.