- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ പൗരന്മാർക്ക് പിന്നിലൊളിച്ച് ഹമാസ് ഇസ്രയേലികളെ ആക്രമിക്കുന്നു; സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നു; ഗസ്സയിലേത് വ്യത്യസ്തമായ യുദ്ധമെന്ന് നെതന്യാഹു; ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുമായി ചേർന്ന് ശ്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
ടെൽ അവീവ്: ഗസ്സയിൽ സാധാരണക്കാർക്ക് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ ഇസ്രയേൽ ശ്രമിക്കുമ്പോൾ, പറ്റാവുന്നത്ര ഇസ്രയേലികളെ വധിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫലസ്തീൻ ജനതയ്ക്ക് എന്തുസംഭവിക്കുന്നുവെന്നും ഹമാസിന് പ്രശ്നമല്ല. എല്ലാദിവസവും ഹമാസ് ഇരട്ട യുദ്ധക്കുറ്റമാണ് ചെയ്യുന്നത്. അവരുടെ പൗരന്മാർക്ക് പിന്നിലൊളിച്ച് ഇസ്രയേലികളെ ആക്രമിക്കുകയാണ് ഹമാസ്. സാധാരണക്കാരെ അവർ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു.
ഹമാസ് ബന്ദികളാക്കിയ സ്വന്തം പൗരന്മാരെ മോചിപ്പിക്കാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് മറ്റൊരു തരത്തിലുള്ള ശത്രുവായതിനാൽ, വ്യത്യസ്തമായൊരു യുദ്ധമാണിത്. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതും ആയിരിക്കും. എന്നാൽ, നീതിബോധത്തോടെയും തകർക്കാൻ കഴിയാത്ത ഉത്സാഹത്തോടെയും ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഇസ്രയേൽ വിജയിക്കുമെന്നും നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഇരട്ട യുദ്ധക്കുറ്റം ചെയ്യുന്നതിന്റെ ഫലമാണ് കഴിഞ്ഞ 11 ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്. തീവ്രവാദികളെ ഇസ്രയേൽ ലക്ഷ്യമിടുമ്പോൾ നിർഭാഗ്യവശാൽ സാധാരണക്കാരും ആക്രമിക്കപ്പെടുന്നു' - നെതന്യാഹു പറഞ്ഞു. സാധാരണക്കാർക്കുണ്ടാവുന്ന അത്യാഹിതങ്ങൾക്ക് ഹമാസാണ് ഉത്തരവാദികൾ, അതിന് അവരെക്കൊണ്ട് മറുപടി പറയിക്കണം. ഗസ്സയിലെ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ ലോകം മുഴുവൻ ശരിയാംവണ്ണം രോഷം പ്രകടിപ്പിച്ചു. എന്നാൽ, ഇതിന്റെ രോഷം ഇസ്രയേലിന് നേരെയല്ല 'തീവ്രവാദികൾക്ക്' നേരെയാണ് ഉണ്ടാവേണ്ടത്. സാധാരണക്കാർക്ക് നേരെ ആക്രമണം ഉണ്ടാവുന്നത് ഒഴിവാക്കാൻ ഇസ്രയേൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും നെതന്യാഹു അവകാശപ്പെട്ടു.
അതേസമയം, പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടി പ്രതിരോധിക്കുന്ന ഇസ്രയേലിനെ തങ്ങൾ പിന്തുണയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. നിഷ്‌കളങ്കരായ സാധാരണക്കാർ കൂടുതൽ ദുരന്തം അനുഭവിക്കാതിരിക്കാൻ ഇസ്രയേലും മറ്റ് പങ്കാളികളുമായി ഒന്നിച്ചുപ്രവർത്തിക്കുമെന്നും ബൈഡൻ ഉറപ്പു നൽകി.
അതേസമയം ആശുപത്രിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കിടയിൽ ഫലസ്തീൻ ഡോക്ടർമാർ വാർത്താസമ്മേളനം നടത്തിയിരുന്നു. പ്രാദേശിക സമയം ചൊവ്വാ വൈകിട്ട് നടന്ന സ്‌ഫോടനത്തിൽ അൽ അഹ്ലി അറബ് ആശുപത്രിയിൽ 500 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ബോംബാക്രമണം നടക്കുമ്പോൾ ആയിരക്കണക്കിനുപേർ ഇവിടെ അഭയം തേടിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
''ഇന്നത്തെ ദിവസം മുഴുവൻ ശസ്ത്രക്രിയകളുടേതായിരുന്നു. അതുകൊണ്ട് ആശുപത്രിയിൽത്തന്നെ ഉറങ്ങാമെന്നു കരുതി. വൈകുന്നേരം ഒരു ശസ്ത്രക്രിയയ്ക്കുശേഷം വലിയൊരു ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയിറങ്ങുന്നത്. കുട്ടികളുടെ മൃതദേഹ കൂമ്പാരമാണ് അപ്പോൾ കണ്ണിൽപ്പെട്ടത്.'' ഒരു ഡോക്ടർ പറഞ്ഞു.
നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകുകയും പരുക്കേൽക്കുകയും ചെയ്തുവെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഗസ്സയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളിയിരുന്നു.
ഹമാസ് ഇസ്രയേലിലേക്ക് വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി ഗസ്സയിലെ ആശുപത്രിയിൽ പതിച്ചതിന് തെളിവുമായി ഇസ്രയേൽ പ്രതിരോധ സേന രംഗത്ത് വന്നിരുന്നു. 500 ലധികം പേരാണ് ആശുപത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി നിഷേധ കുറിപ്പിറക്കിയിരുന്നു. അതിനിടെ, ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് പുതിയ തെളിവുകൾ പുറത്തുവിട്ടു.
രണ്ട് ഹമാസ് സായുധ സേനാംഗങ്ങൾ തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. റോക്കറ്റ് തൊടുത്തുവിട്ടത് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ആണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
മറുനാടന് ഡെസ്ക്