ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനിടെ ഇസ്രയേലിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെപ്റ്റംബർ 11ലെ ആക്രമണത്തിനു ശേഷം യുഎസ് പ്രതികാരദാഹത്താൽ അന്ധമായിപ്പോയെന്നും ഈ അവസ്ഥ ഇസ്രയേലിനു സംഭവിക്കരുതെന്നുമാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്. ഇസ്രയേൽ സന്ദർശനത്തിനിടെയാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.

''പ്രതികാരം നിങ്ങളെ വിഴങ്ങാതിരിക്കട്ടെ എന്നു ഞാൻ മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ 11ലെ ആക്രമണത്തിനുശേഷം യുഎസ് കോപാകുലമായ അവസ്ഥയിലായിരുന്നു. അബദ്ധങ്ങൾ ചെയ്യുമ്പോഴും അതിനു ന്യായീകരണം തേടുകയും അതു കണ്ടെത്തുകയും ചെയ്തിരുന്നു. യുഎസിനു പറ്റിയ അബദ്ധം ഇസ്രയേലിനു സംഭവിക്കരുത്.'' ബൈഡൻ പറഞ്ഞു.

ഗസ്സ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബൈഡൻ ഇസ്രയേലിലെത്തിയത്. സംഭവത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോ ബൈഡൻ സ്വീകരിച്ചത്. ഗസ്സയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അതീവ ദുഃഖിതനാണെന്ന് ജോ ബൈഡൻ പറഞ്ഞു. താൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇത് മറ്റാരോ ചെയ്തതാകാനാണു സാധ്യതയെന്നു കരുതുന്നുവെന്നും ബൈഡൻ പറഞ്ഞു.

അതേ സമയം ഗസ്സയിൽ സാധാരണക്കാർക്ക് അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കാൻ ഇസ്രയേൽ ശ്രമിക്കുമ്പോൾ, പറ്റാവുന്നത്ര ഇസ്രയേലികളെ വധിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു. ഫലസ്തീൻ ജനതയ്ക്ക് എന്തുസംഭവിക്കുന്നുവെന്നും ഹമാസിന് പ്രശ്‌നമല്ല. എല്ലാദിവസവും ഹമാസ് ഇരട്ട യുദ്ധക്കുറ്റമാണ് ചെയ്യുന്നത്. അവരുടെ പൗരന്മാർക്ക് പിന്നിലൊളിച്ച് ഇസ്രയേലികളെ ആക്രമിക്കുകയാണ് ഹമാസ്. സാധാരണക്കാരെ അവർ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

ഹമാസ് ബന്ദികളാക്കിയ സ്വന്തം പൗരന്മാരെ മോചിപ്പിക്കാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് മറ്റൊരു തരത്തിലുള്ള ശത്രുവായതിനാൽ, വ്യത്യസ്തമായൊരു യുദ്ധമാണിത്. വിജയത്തിലേക്കുള്ള പാത നീണ്ടതും പ്രയാസമേറിയതും ആയിരിക്കും. എന്നാൽ, നീതിബോധത്തോടെയും തകർക്കാൻ കഴിയാത്ത ഉത്സാഹത്തോടെയും ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഇസ്രയേൽ വിജയിക്കുമെന്നും നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വൻ സുരക്ഷാ വിന്യാസത്തിനിടെയാണു ബുധനാഴ്ച സന്ദർശനത്തിനായി ബൈഡൻ ടെൽ അവീവിലെത്തിയത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർ ബൈഡനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

അതേ സമയം ഇസ്രയേൽ-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. യുഎൻ സുരക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെയാണ് അമേരിക്ക വീറ്റോ ചെയ്തത്. ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തെ അപലപിക്കുകയും ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കു സഹായമെത്തിക്കാനും പ്രമേയം ആവശ്യപ്പെട്ടിരുന്നു. 15 അംഗ സുരക്ഷാസമിതിയിൽ 12 രാജ്യങ്ങൾ അനുകൂലിച്ചു വോട്ട് ചെയ്തു.

ഗസ്സയിൽ സഹായമെത്തിക്കണമെന്ന പ്രമേയം ബ്രസീൽ ആണ് അവതരിപ്പിച്ചത്. ഈ പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. പ്രമേയത്തെ യുഎൻ സുരക്ഷാ സമിതിയിലെ 12 അംഗങ്ങൾ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.

ഗസ്സയിൽ സഹായമെത്തിക്കാനുള്ള യുഎൻ ശ്രമങ്ങൾ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ബ്രസീൽ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും നേരിട്ടുള്ള നയതന്ത്ര പ്രവർത്തനങ്ങളെയാണ് തങ്ങൾ പിന്തുണക്കുന്നതെന്നും യുനൈറ്റഡ് നേഷൻസിലെ യു.എസ് അംബാസിഡർ ലിൻഡ തോമസ് പറഞ്ഞു.

നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമെ ആളുകളുടെ ജീവൻ രക്ഷിക്കാനാകുവെന്നും ഇക്കാര്യത്തിൽ സുരക്ഷാ സമിതി ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സുരക്ഷാ സമിതിയുടെ ഏതൊരു നടപടിയിൽനിന്നും ഇസ്രയേലിനെ പിന്തുണക്കുന്നതാണ് യു.എസിന്റെ രീതി. മാനുഷിക പരിഗണന മുൻനിർത്തി അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള റഷ്യയുടെ പ്രമേയവും കഴിഞ്ഞ ദിവസം തള്ളിപ്പോയിരുന്നു.

അമേരിക്കൻ സഹപ്രവർത്തകരുടെ ഇരട്ടത്താപ്പിനും കാപട്യത്തിനും ഒരിക്കൽ കൂടി സാക്ഷികളായെന്നായിരുന്നു റഷ്യയുടെ യുഎൻ അംബാസഡർ വാസിലി നെബൻസിയ പറഞ്ഞത്. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യയുടെ പ്രമേയം തിങ്കളാഴ്ച പാസാക്കാൻ കഴിഞ്ഞിരുന്നില്ല.