വാഷിങ്ടൺ: ഫലസ്തീനികളെ കൂട്ടക്കുരുതി നടത്താൻ യുഎസിലെ ജോ ബൈഡൻ ഭരണകൂടം ഒത്താശ ചെയ്യുകയാണെന്ന് യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗം റാഷിദ തായിബ്. കാപിറ്റോൾ ഹില്ലിൽ ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇസ്രയേലും, ഹമാസും തമ്മിൽ ഇപ്പോൾ തുടരുന്ന യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തലിന് തയ്യാറാകണമെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയാണ് റാഷിദ.

' കുട്ടികളുള്ള ആശുപത്രിയിൽ ബോംബിടുന്നത് ശരിയാണെന്ന് ആളുകൾ ചിന്തിക്കുക, അതാണ് ഏറ്റവും അധികം വേദനിപ്പിക്കുന്നത്. മക്കളെ, കരയുതെന്ന് ആളുകൾ ആ കുട്ടികളോട് പറയുന്നത് വീഡിയോകളിൽ കണ്ടിരിക്കുകയും കടുപ്പമാണ്. എന്നാൽ, അവർ കരയട്ടെ... അവർ വിറയ്ക്കുന്നു... ആരൊക്കെയോ അറബിയിൽ കരയരുതെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അവരും കരയും ഞാനും കരയും നമ്മളെല്ലാവരും കരയും. കരഞ്ഞില്ലെങ്കിൽ നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്. - റാഷിദ തായിബ് വ്യക്തമാക്കി.

'ഞാൻ നിങ്ങളോട് പറയുന്നു പ്രസിഡന്റ് ബൈഡൻ, ഇക്കാര്യത്തിൽ, അമേരിക്ക മുഴുവൻ നിങ്ങൾക്കൊപ്പം ഇല്ല. അതുനിങ്ങൾ മനസ്സിലാക്കണം. നമ്മൾ ബഹുഭൂരിപക്ഷം ആളുകളെ കൂട്ടക്കൊല ചെയ്യുന്നത് വെറുതെ കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നും പറയാതെ ഞങ്ങൾ നോക്കി നിൽക്കുകയാണ്. പക്ഷെ, ഞങ്ങൾ ഇത് ഓർമിക്കും. ചരിത്രത്തിന്റെവലതു വശത്താണ് ഞങ്ങളെന്ന് കരച്ചിലിനിടെ പ്രതിഷേധക്കാരോട് തായിബ് പറഞ്ഞു.

അൽ അഹ്ലി ആശുപത്രിയിൽ, 500 ലേറെ പേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് ഇസ്രയേലിനെയാണ് റാഷിദ പഴിക്കുന്നത്. ഇസ്രയേൽ ആരോപണം നിഷേധിച്ചതിന് പിന്നാലെ, റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ റാഷിദയ്ക്ക് എതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിൽ റാഷിദ തായിബ് അടക്കമുള്ള ഡെമോക്രാറ്റിക് അംഗങ്ങൾ പ്രമേയം കൊണ്ടു വന്നിരുന്നു. ഇസ്രയേലിലും അധിനിവേശ ഫലസ്തീനിലും അക്രമാസക്തമായ സാഹചര്യം ഒഴിവാക്കുന്നതും വെടിനിർത്തലും ആവശ്യപ്പെടുന്നതാണ് പ്രമേയം.

വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്ന സാഹചര്യത്തിലാണ് അംഗങ്ങൾ പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീൻ വംശജയായ റാഷിദ തായിബ്, സോമാലിയൻ വംശജയായ ഇഹാൻ ഒമർ, കോറി ബുഷ്, സമ്മർ ലീ, അയന്ന പ്രെസ്ലി, അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് അടക്കമുള്ള പന്ത്രണ്ടോളം അംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണ്. സിവിലിയന്മാരെ അവരുടെ വിശ്വാസമോ വംശമോ പരിഗണിക്കാതെ ലക്ഷ്യം വെക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം വനിതകളാണ് ഫലസ്തീൻ വംശജയായ റാഷിദ തായിബും സോമാലിയൻ വംശജയായ ഇൽഹാൻ ഒമറും. താലിബ് മിഷിഗണിൽ നിന്നും ഒമർ മിനിസോട്ടയിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നേരതതെ അൽ അഹ്ലി ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തിന് പിന്നിൽ, ഇസ്രയേലാണെന്ന ആരോപണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധിച്ചിരുന്നു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ഞാൻ മനസ്സിലാക്കിയതു വച്ച് അതിനു പിന്നിൽ നിങ്ങളല്ല, അത് അവരുടെ പണിയാണ്'' ബൈഡൻ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ എങ്ങനെയാണ് സ്ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകൾ പുറത്തുണ്ടെന്ന് ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു.

അൽ അഹ്‌ലി അറബ് ആശുപത്രിയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് അറബ് ലോകത്ത് പ്രതിഷേധം കനക്കുകയാണ്. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് ഫലസ്തീൻ ആരോപിക്കുന്നു. എന്നാൽ എന്നാൽ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇസ്രയേൽ വാദം. ഗസ്സയിലെ സായുധസംഘമായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ വീണതാണെന്ന് ഇസ്രയേൽ വാദം.