- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണവും മരുന്നും വെള്ളവും നിറച്ച നിരവധി ട്രക്കുകൾ ഈജിപ്ഷ്യൻ അതിർത്തിയിൽ; ഗസ്സയിലെ ജനങ്ങളുടെ ജീവന്റെ വിലയുള്ളവ; ട്രക്കുകളെ കടത്തിവിടണമെന്ന് യു.എൻ സെക്രട്ടറി ജനറൽ; ബന്ദികളിൽ ചിലരെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചതായി റിപ്പോർട്ട്
കെയ്റോ: ഇസ്രയേൽ-ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിലെ ജനങ്ങൾക്ക് ജീവൻ നിലനിർത്താൻ അവശ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ അനുവദിക്കണമെന്ന് യു എൻ.
അടിയന്തര സഹായമെത്തിക്കാൻ ഈജിപ്ത് അതിർത്തിയിൽ തടഞ്ഞിട്ടിരിക്കുന്ന ട്രക്കുകളെ ഗസ്സയിലേക്ക് കടത്തിവിടണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഈജിപ്റ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവും അടക്കമുള്ളവയാണ് ട്രക്കുകളിലുള്ളത്. ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ വസ്തുക്കളാണ് അതിലുള്ളത്. അവയ്ക്ക് ഗസ്സയിലെ ജനങ്ങളുടെ ജീവന്റെ വിലയുണ്ടെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേർത്തു.
റഫ ക്രോസിങ് വഴിയുള്ള സഹായവസ്തുക്കളുടെ വിതരണം അടുത്ത രണ്ട് ദിവസത്തിനുള്ളിലുണ്ടാകുമെന്ന് യു.എൻ വക്താവ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും കൊണ്ടുപോകുന്ന നിരവധി ട്രക്കുകളാണ് ഈജിപ്ഷ്യൻ അതിർത്തിയിലുള്ളത്. എന്നാൽ ഇവയ്ക്ക് ആവശ്യമായ ഇന്ധനമില്ല. 20 ട്രക്കുകളെ മാത്രമായിരിക്കും ആദ്യം അതിർത്തി കടക്കാൻ അനുവദിക്കുക എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേമസമയം, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുന്നപക്ഷം ഗസ്സയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബിബിസി റിപ്പോർട്ടുചെയ്തു. ബന്ദികളിൽ ചിലരെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചുവെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇസ്രയേൽ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതിനിടെ, അൽ ജസിറയുടെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് ഇസ്രയേലി അധികൃതർ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയ്ക്കെതിരായ വാർത്തകൾ പ്രചിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് വിവരം. അതിനിടെ 200 പേരെയാണ് നിലവിൽ ഗസ്സ മുനമ്പിൽ ബന്ദികളാക്കിയിട്ടുള്ളതെന്ന് ഇസ്രയേൽ പ്രതിരോധസേന വ്യക്തമാക്കി. ഇതിൽ 20 പേർ 18 വയസിൽതാഴെ പ്രായമുള്ള കുട്ടികളാണ് എന്നാണ് അവർ പറയുന്നത്. 20 ഓളം പേർ 60 വയസിനുമേൽ പ്രായമുള്ളവരാണ്.
ഹമാസ് ഭരിക്കുന്ന ഫലസ്തീനിലെ ഗസ്സ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരോട് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
''നിങ്ങൾ ഇപ്പോൾ ഗസ്സയെ ദൂരെ നിന്ന് കാണുന്നു. താമസിയാതെ നിങ്ങൾ അത് അകത്ത് നിന്ന് കാണും. ഉടൻ ഉത്തരവ് വരും'' സൈനികരോട് ഗാലന്റ് പറഞ്ഞു. 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധം ദീർഘകാലത്തേക്ക് തുടരുമെന്നും പോരാട്ടം ബുദ്ധിമുട്ടേറിയതും തീവ്രവും ആയിരിക്കുമെന്നും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഹമാസിനെതിരെ ഇസ്രയേൽ വിജയിക്കുമെന്ന് അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സ അതിർത്തിക്കടുത്തുള്ള ഗോലാനിയിൽ തമ്പടിച്ചിരിക്കുന്ന സൈനികരുടെ സംഘത്തെ സന്ദർശിച്ചു. എല്ലാ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇസ്രയേൽ മുഴുവനും നിങ്ങളുടെ പിന്നിലുണ്ട്, നമ്മൾ ശത്രുക്കളെ ശക്തമായി ആക്രമിക്കാൻ പോകുന്നു, അതുവഴി നമുക്ക് വിജയം നേടാനാകും' നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
പ്രതീക്ഷിക്കുന്ന കര ആക്രമണം 'ദീർഘവും തീവ്രവും' ആയിരിക്കുമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സതേൺ കമാൻഡ് മേധാവി മേജർ ജനറൽ യാറോൺ ഫിങ്കൽമാൻ പറഞ്ഞു.
'ഈ യുദ്ധം ക്രൂരരായ ശത്രുക്കൾ നമ്മുടെമേൽ അടിച്ചേൽപ്പിച്ചതാണ്. എന്നാൽ നമ്മൾ അവരെ തടഞ്ഞു, നമ്മൾ അവരെ ശക്തമായി ആക്രമിക്കുകയാണ്, ''ഫിങ്കൽമാൻ ഗസ്സ അതിർത്തിക്ക് സമീപം സൈനികരോട് പറഞ്ഞു.
ഐഡിഎഫും നാവിക സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഹമാസിന്റെ പ്രത്യേക നാവികസേനാ പ്രവർത്തകൻ മബ്ദു ഷാലാബി കൊല്ലപ്പെട്ടു. കടലിൽ നിന്ന് നടക്കുന്ന ഇസ്രയേലിനെതിരായ ഭീകരാക്രമണങ്ങളിൽ ഷാലാബിക്ക് പങ്കുണ്ടെന്നാണ് സൈന്യം പ്രസ്താവനയിൽ പറയുന്നത്. ഒരു ഓപ്പറേഷനൽ കമാൻഡ് സെന്ററിൽ വച്ചാണ് ഷാലബിയെ ലക്ഷ്യം വച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
യുദ്ധം രൂക്ഷമായതോടെ ഗസ്സയിൽ മരണസംഖ്യ ഉയരുകയാണ്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും, സായുധ സംഘത്തിനെതിരെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിനും ശേഷം ഇതുവരെ 3859 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, 3,983 കുട്ടികളും 3,300 സ്ത്രീകളും ഉൾപ്പെടെ 12,493 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അൽ-ഖിദ്രയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി ഗസ്സ സിറ്റിയിലെ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ഹമാസും, പള്ളി അധികാരികളും അറിയിച്ചു. ഇവിടെ ആളപായമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പള്ളിലുണ്ടായ ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
മറുനാടന് ഡെസ്ക്