യെരുശലേം: ഹമാസിനെതിരെ കരയുദ്ധത്തിന് ഇസ്രയേൽ കോപ്പുകൂട്ടുന്നതിനിടെ ഗസ്സയിലെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്. രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ നയതന്ത്ര ഇടപെടലിലൂടെ കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ വഴിതേടിയാണ് കരയാക്രമണം വൈകിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കയും യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. യു.എസ്. മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ഗസ്സ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ഇസ്രയേൽ സൈനികർ കരയിലൂടെയുള്ള സൈനിക നീക്കം ആരംഭിച്ചാൽ ഗസ്സയിൽ ബന്ദികളാക്കിയ വിദേശപൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവനു ഭീഷണിയാകുമെന്ന് യുഎസ് ഉൾപ്പെടെ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരയുദ്ധം വൈകിപ്പിക്കാനുള്ള നീക്കം പാശ്ചാത്യശക്തികൾ നടത്തുന്നത്.

പല യൂറോപ്യൻ രാജ്യങ്ങളിലെയും പൗരന്മാർ ഹമാസിന്റെ പിടിയിലാണ്. ഈ രാജ്യങ്ങളാണ് യുഎസിനൊപ്പം ഇസ്രയേൽ സർക്കാരിൽ സമ്മർദം ചെലുത്തുന്നത്. സമയം അതിക്രമിക്കും തോറും ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികൾ സങ്കീർണമാകുമെന്നാണു വിലയിരുത്തൽ. കരയുദ്ധം നടത്തരുതെന്ന് ഇസ്രയേലിനെ നിർബന്ധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സൈനികനീക്കം വൈകിപ്പിക്കാനുള്ള ശ്രമമാണ് വിവിധ സർക്കാരുകൾ നടത്തുന്നത്. ഈ സമയത്തിനുള്ളിൽ നയതന്ത്ര നീക്കങ്ങളിലൂടെ തങ്ങളുടെ ബന്ദികളെ മോചിപ്പിക്കാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

ഉടനെയുള്ള ഇസ്രയേലിന്റെ കരയാക്രമണം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന കൂടുതൽ പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിന് പ്രതിസന്ധി ആയേക്കുമെന്നാണ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സമയം വൈകുംതോറും ബന്ദികളാക്കിയിരിക്കുന്നവരുടെ ജീവൻ കൂടുതൽ അപകടത്തിലാവുകയാണെന്നും രക്ഷപ്പെടുത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്നും പടിഞ്ഞാറൻ ഭരണകൂടം ഇസ്രയേലിനുമേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എത്രയും പെട്ടെന്ന് കരയാക്രമണം നടത്തണമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്, ആരും ഇസ്രയേലിനെ എതിർക്കുന്നില്ല. പക്ഷേ കരയാക്രമണം വൈകിപ്പിക്കുകയാണെങ്കിൽ കൂടുതയൽ നയതന്ത്ര ഇടപെടലുകളിൽകൂടി ചിലപ്പോൾ വിജയം കണ്ടേക്കാം- മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.

യുഎസ് പൗരന്മാരായ ജൂഡിത് റാനൻ( 59), മകൾ നേറ്റില റാനൻ(18) എന്നിവരെയാണ് ഹമാസ് ശനിയാഴ്ച മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടു പോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലിൽ തിരിച്ചെത്തിയതായി ഇസ്രയേൽ സർക്കാർ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ  നടന്ന ചർച്ചയിൽ 'മാനുഷിക പരിഗണന'വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് സൂചിപ്പിച്ചു

കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി റാഫ അതിർത്തിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഗസ്സയിലെ മനുഷ്യരെ കൂടുതൽ ദുരിതത്തിലാക്കുന്നതായിരുന്നു ഇസ്രയേൽ കരയുദ്ധത്തിന് കോപ്പുകൂട്ടുന്നു എന്ന വിവരം. ഗസ്സയിൽ കരവഴിയുള്ള അധിനിവേശത്തിന് സജ്ജമാകാനാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സൈന്യത്തോട് ഉത്തരവിട്ടത്. വടക്കൻ ഗസ്സയിലും സുരക്ഷിതമെന്നുകരുതി ജനങ്ങൾ പലായനംചെയ്‌തെത്തിയ തെക്കൻ മേഖലകളിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതിനുപിന്നാലെയാണിത്.

വടക്കൻ ഇസ്രയേലിലെ ലെബനീസ് അതിർത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണപ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേൽസൈന്യം ഇവിടെ പോർമുഖം തുറന്നിരുന്നു. കരയുദ്ധത്തിലേക്ക് കടന്നാൽ ഈ മേഖലകളിൽ ആക്രമണം കനക്കുമെന്നതിനാലാണ് ഒഴിപ്പിക്കൽ.

ഗസ്സ മുനമ്പിനെ ഹമാസിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെങ്കിലും അത് പൂർത്തിയായിക്കഴിഞ്ഞാൽ ആ മേഖലയുടെ നിയന്ത്രണം കൈയാളാൻ താത്പര്യമില്ലന്ന് ഇസ്രയേലി പ്രതിരോധമന്ത്രി പറഞ്ഞു.

അതേ സമയം ഹമാസ് ഭീകരർ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നതിനാൽ കരയാക്രമണം ഇപ്പോൾ വേണ്ടെന്ന് ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നേരത്തെ പറഞ്ഞിരുന്നു. 'ക്ഷമ കാണിക്കണം. സമയമുണ്ട്. കരസേനയ്ക്ക് വഴിയൊരുക്കാൻ ഹമാസിനെതിരെ വലിയ തോതിൽ വ്യോമാക്രമണം നത്തുന്നുണ്ട്. കര സേനയെ തിടുക്കത്തിൽ അയക്കരുത്. ശത്രു മാളങ്ങളിലും തുരങ്കങ്ങളിലും ഒളിച്ചിരിക്കുന്നു' -നഫ്താലി എക്‌സിൽ കുറിച്ചു.

ഗസ്സയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെയും കൂട്ടക്കൊലയെയും അപലപിച്ച് ജറുസലേമിലെ ഓർത്തഡോക്‌സ് പാത്രിയർക്കീസ് രംഗത്തുവന്നതിന് പിന്നാലെയാണ് വ്യോമാക്രമണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള നഫ്താലിയുടെ ട്വീറ്റ്. ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂനിലെ സെന്റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തെക്കൻഗസ്സ നഗരമായ ഖാൻ യൂനുസിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നാസ്സെറിൽ പരിക്കേറ്റവരെ ചികിത്സയ്ക്കാൻ ഇടമില്ലാതായി. ഭൂഗർഭതുരങ്കങ്ങൾ, ആയുധസംഭരണശാലകൾ എന്നിവയടക്കം നൂറിലധികം ഹമാസ് താവളങ്ങൾ ആക്രമണത്തിലൂടെ തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

വ്യാഴാഴ്ച ഗസ്സയിലെ അൽ സെയ്തൂണിലുള്ള സെയ്ന്റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്കുനേരെയും ആക്രമണമുണ്ടായി. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൂടുതലും അഭയാർഥികളാണ്.

11 ദിവസമായി സമ്പൂർണ ഉപരോധം തുടരുന്ന ഗസ്സയിൽ മാനുഷികപ്രതിസന്ധി രൂക്ഷമായി. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ വേറെ മാർഗമില്ല. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കയാണ്.

ഗസ്സയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചെങ്കിലും അതിർത്തി തുറന്നിട്ടില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലാണിത്.

റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങളും മറ്റും അടച്ച് സഹായമെത്തിക്കാൻ രണ്ടുദിവസമെടുക്കുമെന്നാണ് സൂചന. വൈദ്യുതിവിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. നിലവിൽ പല ആശുപത്രികളിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വേണ്ട ഇന്ധനമില്ല.

വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് തെക്കൻ ഗസ്സയിലേക്ക് ഒഴിഞ്ഞുപോകാൻ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ ഉത്തരവിട്ടത് കരയുദ്ധത്തിനുള്ള സൂചനയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കരയുദ്ധത്തിനുള്ള മുന്നൊരുക്കമായി മൂന്നരലക്ഷത്തിലധികം കരുതൽ സേനാംഗങ്ങളെ ഒഴിപ്പിക്കലിനുമുമ്പ് ഗസ്സയിൽ വിന്യസിക്കുകയുംചെയ്തു. ഗസ്സയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു അസാധാരണനീക്കം.