ഗസ്സ: ഈജിപ്തിനും ഗസ്സയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുനൽകിയതോടെ മാനുഷിക സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ ഗസ്സയിലേക്ക്. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നൽകിയത്. ഈജിപ്തിൽ നിന്ന് ഗസ്സയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ മറ്റുള്ള ട്രക്കുകളും അതിർത്തി പിന്നിടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മരുന്നുകളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗസ്സയിലേക്കു പോകാൻ അതിർത്തിയിൽ കാത്തുകിടക്കുന്നത്. ദിവസം 20 ട്രക്കുകൾ മാത്രമാവും ആദ്യം കടത്തിവിടുക. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗസ്സയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു. എന്നാൽ 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗസ്സയിൽ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു.

48 മണിക്കൂറിനുള്ളിൽ ട്രക്കുകൾ ഗസ്സയിലേക്കു പോകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്ത് പ്രസിഡന്റും ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചുവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടങ്ങി പതിനഞ്ചാം ദിവസമായ ഇന്ന് നിരവധി ട്രക്കുകൾ ഗസ്സയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ ടെലിവിഷൻ പുറത്തുവിട്ടു.

ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കിടെ പതിനൊന്നുദിവസമായി സമ്പൂർണ ഉപരോധം തുടരുന്ന ഗസ്സയിൽ മാനുഷികപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ ആളുകൾക്ക് വേറെ മാർഗമില്ല എന്ന അവസ്ഥയിലാണ്. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കയാണ്. വൈദ്യുതിവിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. നിലവിൽ പല ആശുപത്രികളിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻവേണ്ട ഇന്ധനമില്ല.

ഗസ്സയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചിരുന്നെങ്കിലും അതിർത്തി തുറന്നിട്ടിരുന്നില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ, പ്രാദേശിക സമയം പത്ത് മണിയോടെ അതിർത്തി തുറക്കുകയായിരുന്നു.

ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഫാ അതിർത്തിയിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ''ഈ ട്രക്കുകൾ വെറും ട്രക്കുകളല്ല, ഗസ്സയിലെ ജനങ്ങൾക്കു മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്'' എന്നാണു ഗുട്ടെറസ് പറഞ്ഞത്. ''ഈ ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കുക, എത്രയും വേഗം, എത്രയധികം പറ്റുമോ അത്രയുമധികം.'' മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റഫാ അതിർത്തിയിലെത്തിയ ഗുട്ടെറസിനു മുന്നിൽ ഈജിപ്തിലെ പ്രതിഷേധക്കാർ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുയർത്തി.

ആദ്യഘട്ടമായി 20 ട്രക്കുകൾ കടത്തിവിടാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നു യുഎസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സംഘർഷത്തിനു മുൻപ് പ്രതിദിനം അതിർത്തി കടന്നിരുന്നത് 450 ട്രക്കുകളാണ്. അതിനാൽതന്നെ 20 ട്രക്കുകൾ കടത്തിവിടാമെന്നു പറയുന്നത് ലോകത്തിന്റെ കണ്ണിൽ പൊടിയിടാനാണെന്നു ഹമാസ് പറയുന്നു. മുൻപ് ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള കെരെം ഷാലോം അതിർത്തി ക്രോസിങ് വഴിയും സഹായനീക്കം അനുവദിച്ചിരുന്നു. എന്നാൽ ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ ഇത് അനുവദിക്കില്ലെന്നാണ് ഇപ്പോൾ ഇസ്രയേലിന്റെ നിലപാട്.