വാഷിങ്ടൻ: ഹമാസിനെതിരായ സൈനിക നടപടികളുടെ പേരിൽ ഗസ്സയിൽ ഒറ്റപ്പെട്ടുപോയ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നത് ഇസ്രയേലിന് കനത്ത തിരിച്ചടിയായേക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഗസ്സയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

ഇസ്രയേലിനോടുള്ള ഫലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.

സജീവമായി നിൽക്കുന്ന വിദേശനയ വിഷയങ്ങളിൽ അപൂർവമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകൾ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവർക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.

'യുദ്ധമുഖത്ത് തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗസ്സയിൽ) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ തീരുമാനം അവർ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. മാത്രമല്ല, ഫലസ്തീന്റെ വരും തലമുറകൾക്കും ഇസ്രയേലിനോടുള്ള വിരോധം വർധിക്കാനും ഇസ്രയേലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രയേലിന്റെ ശത്രുക്കൾ കൂടുതൽ ശക്തിപ്പെടാനും ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴിതെറ്റാനും ഈ നടപടികൾ ഇടയാക്കും' ഒബാമ ചൂണ്ടിക്കാട്ടി.

2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എസ് പാലിച്ചിരുന്ന ഉയർന്ന മൂല്യങ്ങൾ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പിന്തുണച്ചു. ഒബാമ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘർഷങ്ങളിൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു. എന്നാൽ, വ്യോമാക്രമണങ്ങളിൽ ഫലസ്തീനികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ അദ്ദേഹം രാജ്യത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണമാണ് രണ്ടാഴ്ച പിന്നിടുമ്പോഴും സജീവമായി തുടരുന്നത്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 1400 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇസ്രയേൽ നടത്തുന്ന തിരിച്ചടിയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ, ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.