- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോ ടെൽ അവീവിൽ; നെതന്യാഹുവുമായി ചർച്ച നടത്തും
ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ടെൽ അവീവിൽ. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 30 ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേലിൽ 1400 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മക്രോയുടെ സന്ദർശനം.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി മക്രോ ചർച്ച നടത്തും. ഇസ്രയേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കുമെന്നും മക്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഹമാസ് ഗസ്സയിൽ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും മക്രോയുടെ സന്ദർശനത്തിന്റെ ലക്ഷ്യമാണ്. മാത്രമല്ല, അതിരൂക്ഷമായി തുടരുന്ന സംഘർഷം യുദ്ധത്തിനു വഴിമാറാതിരിക്കാനുള്ള സമ്മർദ്ദ നീക്കങ്ങളും നടത്തുമെന്നാണ് വിവരം.
നെതന്യാഹുവിനു പുറമെ ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രയേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്‌സ്, യയിർ ലാപിഡ് എന്നിവരുമായും മക്രോ ചർച്ച നടത്തും.
സംഘർഷം കൊടുമ്പിരികൊള്ളുന്ന മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ മുന്നോട്ടു വയ്ക്കുമെന്നും മക്രോ അറിയിച്ചു. ഇസ്രയേൽ കരയുദ്ധത്തിനു മുന്നൊരുക്കം നടത്തവേ, ഗസ്സയിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുമെന്നും മക്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേലിൽ 1400 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 30 പേർ ഫ്രഞ്ച് പൗരന്മാരാണെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ ഇസ്രയേൽ നടത്തുന്ന തിരിച്ചടിയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
മറുനാടന് ഡെസ്ക്