യെരുശലേം: യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ഹമാസ് രണ്ടു ഇസ്രയേലി ബന്ദികളെ കൂടി മോചിപ്പിച്ചു. ഇരുവരും വനിതകളാണ്. അതേസമയം, ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ, 5000 ത്തിലേറെ പേർ കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവിച്ചു.

ഖത്തറിന്റെയും, ഈജിപ്റ്റിന്റെയും മധ്യസ്ഥതയുടെ ഫലമായാണ് മാനുഷിക പരിഗണനയുടെ പേരിൽ രണ്ടുവനിതകളെ മോചിപ്പിച്ചത്. ഇരുവരെയും, ഗസ്സയ്ക്കും ഈജിപ്റ്റിനും മധ്യേയുള്ള റഫ അതിർത്തിയിൽ എത്തിച്ചു. നേരത്തെ രണ്ട് അമേരിക്കൻ-ഇസ്രയേലി വനിതകളെ ഹമാസ് മോചിപ്പിച്ചിരുന്നു.

നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഹമാസ് 50 ബന്ദികളെ കൂടി വിട്ടയയ്ക്കുമെന്നാണ് സൂചനയ ഇരട്ട പൗരത്വമുള്ള ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നതെന്നും പറയുന്നു. റെഡ് ക്രോസ് പ്രതിനിധികൾ വിട്ടയച്ച ബന്ദികളെ സ്വീകരിക്കാൻ റഫ അതിർത്തിയിൽ എത്തി.

222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഹമാസിനെ നിലംപരിശാക്കാൻ കരയുദ്ധത്തിന് ഒരുങ്ങുകയാണ് ഇസ്രയേൽ സൈന്യം. ബന്ദികളുടെ പേരിൽ ഗസ്സയിലെ കരയാക്രമണം വൈകിക്കില്ലെന്നാണ് ഇസ്രയേൽ പ്രഖ്യാപനം. ബന്ദികളെ തിരിച്ചെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെങ്കിലും, അതിന്റെ പേരിൽ കരയുദ്ധം വൈകിക്കില്ലെന്നാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി ഇസ്രയേൽ കാട്‌സ് ജർമൻ ടാബ്ലോയിഡ് ബിൽഡിനോട് പറഞ്ഞത്.

75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിൽ ഹമാസ് 1400 ഇസ്രയേലികളെ വകവരുത്തിയെന്നാണ് ഇസ്രയേൽ പറയുന്നത്. ഇതിന് തിരിച്ചടിയായി വ്യോമാക്രമണങ്ങൾ തുടരുകയാണ്. 24 മണിക്കൂറിനിടെ, 300 വ്യോമാക്രമണങ്ങൾ നടത്തി. കൊല്ലപ്പെട്ട 5000 ത്തിലേറെ ഫലസ്തീനികളിൽ 2000 ത്തിലേറെ കുട്ടികളാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ ഇല്ല

മാനുഷിക പരിഗണനകൾ വച്ച് ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന കാര്യം യൂറോപ്യൻ യൂണിയൻ പരിഗണിക്കുകയാണ്. അതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ടെൽഅവീവിൽ എത്തി ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗസ്സയിൽ വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി കഴിഞ്ഞു. വെടിനിർത്തിയാൽ ഏത് ഹമാസിന് അനുകൂലമാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ഇസ്രയേലിന് എതിരെ വീണ്ടും ഭീകരാക്രമണങ്ങൾ നടത്താൻ അത് ഹമാസിനെ സജ്ജമാക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകുന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തിൽ മൂന്നു ഹമാസ് കമ്മാണ്ടർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.