- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടന്നുപോയത് നരകത്തിലൂടെ; ചിലന്തിവല പോലെ ഭൂഗർഭ തുരങ്കങ്ങളുടെ വലിയ ശൃംഖല; തുരങ്കങ്ങളിൽ 200ലധികം ബന്ദികൾ; കഴിക്കാൻ ബ്രെഡും ചീസും; കിടക്കാൻ തറയിൽ മെത്ത'; ദുരിതം വിവരിച്ച് മോചിതയായ ഇസ്രയേലി സ്ത്രീകൾ
ടെൽ അവീവ്: ഇസ്രയേലിൽ നടത്തിയ മിന്നൽ ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇരുനൂറിലധികം പേരെ തടവിൽ പാർപ്പിച്ചിരിക്കുന്നത് ചിലന്തിവല പോലെയുള്ള ഭൂഗർഭ അറകളിൽ ആണെന്ന് മോചിതരായ ഇസ്രയേലി സ്ത്രീകൾ വെളിപ്പെടുത്തി. ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകളായ നൂറിത് കൂപ്പറും യോക് വേഡ് ലിഫ്ഷിറ്റ്സും ഇന്ന് മാധ്യമങ്ങളെ കണ്ടാണ് ബന്ദിയായി കഴിഞ്ഞതിന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
ഇരുന്നൂറിലേറെ ബന്ദികളെ ഹമാസ് താമസിപ്പിച്ചിരിക്കുന്നത് ഭൂഗർഭ തുരങ്കങ്ങളിൽ ആണെന്ന് ഇവർ പറഞ്ഞു. ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു ബന്ദി ജീവിതമെന്ന് 85 കാരിയായ യോക് വേഡ് ലിഫ്ഷിറ്റ്സ് പറഞ്ഞു. തടങ്കലിൽ കഴിയവെ ഹമാസ് സൗമ്യമായി പെരുമാറിയെന്നും എന്നാൽ നരകത്തിലൂടെയാണ് താൻ കടന്നുപോയതെന്നും യോക് വേഡ് ലിഫ്ഷിറ്റ്സ് പറയുന്നു,
വളരെ തയ്യാറെടുത്ത്, ദീർഘകാല ആസൂത്രണമാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ നടപടികളെന്നാണ് വ്യക്തമാകുന്നതെന്നും യോചെവെഡ് ലിഫ്ഷിറ്റ്സ് എന്ന പ്രായമായ ഇസ്രയേലി സ്ത്രീ പറഞ്ഞു. ലിഫ്ഷിറ്റ്സിനേയും നുറിത് കൂപ്പറെന്ന മറ്റൊരു ഇസ്രയേലി വൃദ്ധയേയുമാണ് ഹമാസ് തിങ്കളാഴ്ച രാത്രിയിൽ മോചിപ്പിച്ചത്. നേരത്തെ രണ്ട് അമേരിക്കൻ ബന്ദികളേയും മോചിപ്പിച്ചിരുന്നു.
ടെൽ അവീവിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യോചെവെഡ് ലിഫ്ഷിറ്റ്സ് തന്റെ തടവുജീവിതം മാധ്യമങ്ങളോട് വിവരിച്ചു. ഹീബ്രു ഭാഷയിൽ അവർ സംസാരിച്ചത് മകൾ ഷാരോൺ ലിഫ്ഷിറ്റ്സാണ് മാധ്യമങ്ങൾക്കു വിവർത്തനം ചെയ്ത് നൽകിയത്. മോട്ടോർ ബൈക്കിന്റെ പുറകിലിരുത്തിയാണ് ഹമാസ് തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതെന്നു ഷാരോൺ പറഞ്ഞു. ചിലന്തിവല പോലെ ഹമാസ് നടത്തുന്ന ഭൂഗർഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖലക്ക് തന്റെ അമ്മ സാക്ഷ്യം വഹിച്ചതായും ഷാരോൺ കൂട്ടിച്ചേർത്തു.
തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ്, ഉപദ്രവിക്കില്ലെന്നും ഗസ്സയിലെത്തിച്ച ശേഷം പിടികൂടിയവർ പറഞ്ഞു. ഇസ്രയേലിൽനിന്ന് ഗസ്സയിലേക്കുള്ള യാത്ര ദുരിതപൂർവ്വമായിരുന്നു. മോട്ടോർ ബൈക്കിൽ തലയും കാലുകളും രണ്ട് ഭാഗത്ത് തൂക്കിയിട്ടാണ് കൊണ്ടുപോയത്. അത് ശരീരത്തിൽ ചതവുകളുണ്ടാക്കി. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ശതകോടികൾ ചെലവിട്ട് ഇസ്രയേൽ പണിത അതിർത്തിവേലിയിൽ ഹമാസിന് കടന്നുപോകാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒക്ടോബർ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പായി ഹമാസ് നൽകിയ ഭീഷണികളെ ഇസ്രയേൽ പ്രതിരോധ സേന ഗൗരവമായി എടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി. 'തടങ്കലിൽ അവർ ഞങ്ങൾക്ക് ബ്രെഡ്, ഹാർഡ് ചീസ്, കുറച്ച് കൊഴുപ്പ് കുറഞ്ഞ ക്രീം ചീസ്, കുക്കുംബർ എന്നിവ തന്നു, അതായിരുന്നു ദിവസം മുഴുവൻ ഞങ്ങളുടെ ഭക്ഷണം.' ലിഫ്ഷിറ്റ്സ് പറഞ്ഞു.
സൗമ്യമായിട്ടാണ് പെരുമാറിയത്. പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനൊന്നും തടസ്സം നിന്നിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കൊപ്പം 24 പേരെയാണ് തുരങ്കത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഓരോ അഞ്ച് പേരേയും തരംതിരിച്ച് ഓരോ മുറിയിലേക്ക് മാറ്റുകയും ഓരോരുത്തരെ കാവൽ നിർത്തുകയും ചെയ്തു. കിടക്കാൻ തറയിൽ മെത്തയിട്ടിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഡോക്ടറെത്തി തങ്ങളെ പരിശോധിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഇവർ രണ്ടുപേരും സുരക്ഷിതരായി ഇസ്രയേലിൽ എത്തിയത്. ഇസ്രയേലികളായ വനിതകളെ മാനുഷിക പരിഗണന നൽകി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി കാട്സ് വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ സംഘത്തിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികന് ഗുരുതരമായി പരിക്കേറ്റു. ഫലസ്തീൻ അഥോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ് ബാങ്കിൽ ഇന്നലെയും ഇസ്രയേൽ സൈന്യം നിരവധി കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തി ഫലസ്തീനികളെ പിടികൂടി.
18 ദിവസമായി ഗസ്സയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു.വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഹമാസിനെതിരായ യുദ്ധത്തിന് ഫ്രാൻസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളിൽ ഗസ്സ തകർന്നടിഞ്ഞിരിക്കുന്നു. ഇന്ധനം കടത്തിവിടില്ലെന്ന് പിടിവാശി തുടരുന്ന ഇസ്രയേൽ ഗസ്സയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു.
ഇസ്രയേലിനോട് വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേലിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഹമാസിനെതിരെ ആഗോള സഖ്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്