ന്യൂയോർക്ക്: ഹമാസിനെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ച യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉടൻ രാജി വച്ചൊഴിയണമെന്ന് ഇസ്രയേൽ. കുട്ടികളുടെയും, സ്ത്രീകളുടെയും, മുതിർന്നവരുടെയും കൂട്ടക്കരുതി എന്ന പ്രചാരണത്തോട് അനുഭാവം കാട്ടുന്ന സെക്രട്ടറി ജനറൽ യുഎന്നിനെ നയിക്കാൻ യോഗ്യനല്ലെന്ന് ഇസ്രയേലിന്റെ യുഎന്നിലെ അംബാസഡർ ഗിലാദ് എർദാൻ പറഞ്ഞു. ഇസ്രയേൽ പൗരന്മാർക്കും, ജൂതജനതയ്ക്കും എതിരായ ഭീകരാക്രമണങ്ങളോട് അനുകമ്പ കാട്ടുന്നവരോട് സംസാരിക്കുന്നതിൽ ന്യായമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായത് അല്ലെന്ന അന്റോണിയ ഗുട്ടെറസിന്റെ പ്രസ്താവനയാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.

താൻ യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി എലി കോഹനും പ്രഖ്യാപിച്ചു. ഒക്ടോബർ 8 ന് ശേഷം സമീകൃത സമീപനത്തിൽ കഥയില്ല. ഹമാസിനെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കണമന്നും കോഹൻ പറഞ്ഞു.

അതേസമയം, ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നാണ് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പറഞ്ഞത്. കഴിഞ്ഞ 56 വർഷമായി ഫലസ്തീൻ ജനത തങ്ങളുടെ ഭൂമിയിൽ അധിനിവേശത്തിനിരയായി വീർപ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

'ഹമാസിന്റെ ആക്രമണങ്ങൾ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഫലസ്തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുന്നു. തങ്ങളുടെ ഭൂമി ഒത്തുതീർപ്പിൽ കൂടിയും ആക്രമണത്തിൽ കൂടിയും വീതംവെക്കുന്നത് അവർ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങൾ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകൾ തകർക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു' ഗുട്ടെറസ് പറഞ്ഞു.

എന്നിരുന്നാലും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല, അതേ സമയംതന്നെ ആ ആക്രമണത്തിന്റെ പേരിൽ ഒരു ഭീകരാക്രമണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ല' യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനത്തിനാണ് ഗmdmയിൽ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരുകാര്യം വ്യക്തമായി പറയാൻ ഉദ്ദേശിക്കുന്നു; 'സായുധപോരാട്ടത്തിൽ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നിൽ ഒരു കക്ഷിയും അതീതരല്ല'- ഗുട്ടെറസ് കൂട്ടിച്ചേർത്തു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരെ കുറിച്ച് വിവരം നൽകുന്നവർക്ക് സംരക്ഷണം നൽകുമെന്ന് പ്രതിരോധ സേന യുടെ അറിയിപ്പ്. എക്‌സിലെ പോസ്റ്റിൽ, വിവരം നൽകുന്നവരുടെ പേരും മറ്റും രഹസ്യമാക്കി വയ്ക്കുമെന്നും പറയുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതിന് ക്യത്യമായ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും വാഗ്ദാനമുണ്ട്.

' നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മനുഷ്യത്വപരമായ കാര്യം ചെയ്യണം. നിങ്ങളുടെ പ്രദേശത്ത് തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിലയേറിയ വിവരങ്ങൾ ഞങ്ങളുമായി പങ്കുവെക്കണം' - ലഘുലേഖയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു.

വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. വിവരം നൽകുന്നവരേയും അവരുടെ വീടുകളും ഇസ്രയേൽ സൈന്യം സുരക്ഷിതമായി സംരക്ഷിക്കും. കൂടാതെ ധനസഹായവും നൽകുമെന്നും ഇസ്രയേൽ ലഘുലേഖയിൽ പറയുന്നു. വിവരം നൽകാൻ വേണ്ടിയുള്ള ഫോൺ നമ്പറുകളും ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗസ്സ - ഇസ്രയേൽ അതിർത്തിയിലെ വേലിക്കരികിൽ നിന്ന് പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ലഘുലേഖ വിതരണം ചെയ്തിരുന്നു. സൈനിക വിമാനം വഴിയായിരുന്നു ലഘുലേഖ ഈ പ്രദേശത്ത് വിതരണം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സുരക്ഷയും ധനസഹായവും വാഗ്ദാനം ചെയ്തിരിക്കുന്നത്.

രണ്ടുബന്ദികളെ കൂടി മോചിപ്പിച്ചു

അതേസമയം, യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ഹമാസ് രണ്ടു ഇസ്രയേലി ബന്ദികളെ കൂടി മോചിപ്പിച്ചു. ഇരുവരും വനിതകളാണ്. അതേസമയം, ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ, 5000 ത്തിലേറെ പേർ കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവിച്ചു.

ഖത്തറിന്റെയും, ഈജിപ്റ്റിന്റെയും മധ്യസ്ഥതയുടെ ഫലമായാണ് മാനുഷിക പരിഗണനയുടെ പേരിൽ രണ്ടുവനിതകളെ മോചിപ്പിച്ചത്. ഇരുവരെയും, ഗസ്സയ്ക്കും ഈജിപ്റ്റിനും മധ്യേയുള്ള റഫ അതിർത്തിയിൽ എത്തിച്ചു. നേരത്തെ രണ്ട് അമേരിക്കൻ-ഇസ്രയേലി വനിതകളെ ഹമാസ് മോചിപ്പിച്ചിരുന്നു.