ന്യൂയോർക്ക്: ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പ്രസ്താവനയെ പൂർണ്ണമായും തള്ളി ഇസ്രയേൽ. ഗസ്സയിൽ വെടി നിർത്തൽ സാധ്യമല്ലെന്നും ലോകത്തെ ഭീകരവാദ ഭീതിയിൽ സ്വതന്ത്രമാക്കുന്നതിനുള്ള യുദ്ധമാണ് ഗസ്സയിലേതെന്നും ഇസ്രയേൽ വിശദീകരിക്കുന്നു. യുഎന്നിന്റെ ഉന്നത തല യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേലിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശക്തിയാണ് ഹമാസ്. അവരുമായി ഒത്തു തീർപ്പിനില്ലെന്നാണ് ഇസ്രയേൽ നിലപാട്.

ഹമാസിനെ പുതിയ നാസികൾ എന്നാണ് ഇസ്രയേൽ വിശദീകരിക്കുന്നത്. ഹമാസിനെ നശിപ്പിക്കുയെന്നത് ഇസ്രയേലിന്റെ അവകാശം മാത്രമല്ല. മറിച്ച് കടമയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറയുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് യുഎൻ രക്ഷാ സമിതിയിൽ നടത്തിയ പ്രസ്താവനയെത്തുടർന്ന് അദ്ദേഹവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി അറിയിച്ച് ഇസ്രയേലി വിദേശകാര്യ മന്ത്രി എലി കോഹൻ അറിയിച്ചിരുന്നു. കഴിഞ്ഞ 56 വർഷമായി ഫലസ്തീൻ ജനത തങ്ങളുടെ ഭൂമിയിൽ അധിനിവേശത്തിനിരയായി വീർപ്പുമുട്ടി കഴിയുകയാണെന്നായിരുന്നു ഗുട്ടെറസിന്റെ നിലപാട്. യുഎൻ സുരക്ഷാ കൗൺസിലിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

'ഹമാസിന്റെ ആക്രമണങ്ങൾ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഫലസ്തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുന്നു. തങ്ങളുടെ ഭൂമി ഒത്തുതീർപ്പിൽ കൂടിയും ആക്രമണത്തിൽ കൂടിയും വീതംവെക്കുന്നത് അവർ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങൾ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകൾ തകർക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു' ഗുട്ടെറസ് പറഞ്ഞു. എന്നിരുന്നാലും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല, അതേ സമയംതന്നെ ആ ആക്രമണത്തിന്റെ പേരിൽ ഒരു ഭീകരാക്രമണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ല' യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനത്തിനാണ് ഗസ്സയിൽ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഒരുകാര്യം വ്യക്തമായി പറയാൻ ഉദ്ദേശിക്കുന്നു; 'സായുധപോരാട്ടത്തിൽ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നിൽ ഒരു കക്ഷിയും അതീതരല്ല'- ഗുട്ടെറസ് കൂട്ടിച്ചേർത്തു. ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇസ്രയേൽ അംബാസഡർ ഗിലഡ് എർദാൻ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവർത്തനത്തെ ഒരു നിലക്കും ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം, എത്രയും പെട്ടെന്ന് തന്നെ ഗുട്ടെറസ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ മറ്റ് ലോകരാജ്യങ്ങൾ അംഗീകരിക്കില്ലെന്നാണ് സൂചന.

ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ ഗസ്സയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെന്നതാണ് യാഥാർത്ഥ്യം. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിന്റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗസ്സ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗസ്സയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു.