ടെൽ അവീവ്: ഇന്ധനക്ഷാമം നേരിട്ടതോടെ ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനത്തിനടക്കം പ്രതിസന്ധിയിലായെന്ന റിപ്പോർട്ടുകൾക്കിടെ വലിയ അളവിൽ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ പൂഴ്‌ത്തി വച്ചിരിക്കുന്നുവെന്ന് ഇസ്രയേൽ. ഗസ്സയിൽ അഞ്ചുലക്ഷത്തിലേറെ ലിറ്റർ ഡീസൽ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഐ.ഡി.എഫ്. എക്സിൽ പങ്കുവെച്ചു.

തെക്കൻ ഗസ്സയിൽ റാഫ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് വലിയ ഇന്ധന ടാങ്കുകളിൽ ഡീസൽ ശേഖരിച്ചുവെച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. സാധാരണക്കാരിൽനിന്ന് തട്ടിയെടുക്കുന്ന ഇന്ധനമാണ് ഹമാസ് ഇങ്ങനെ ശേഖരിക്കുന്നതെന്നും ഇസ്രയേൽ പറയുന്നു.

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വടക്കൻ ഗസ്സയിലെ ഇൻഡൊനീഷ്യൻ ആശുപത്രിയുടെ പ്രവർത്തനം നിലച്ച സാഹചര്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. 48 മണിക്കൂർ കൂടി ആശുപത്രി പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. ഇതും നിലച്ചാൽ ഇൻക്യുബേറ്ററും ശ്വസനോപകരണങ്ങളുമടക്കം പ്രവർത്തനം നിലച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ആശുപത്രിക്ക് വൈദ്യുതി നിഷേധിച്ച നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഐ.ഡി.എഫ്. ഹമാസിന്റെ വാദത്തെ ഖണ്ഡിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയത്. ആരോപിക്കപ്പെടുന്ന അളവിലുള്ള ഇന്ധനശേഖരം ഉപയോഗിച്ച് ഗസ്സയിലെ മുഴുവൻ ആശുപത്രികളും കൂടുതൽ ദിവസത്തേക്ക് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് ഇസ്രയേൽ പറയുന്നത്.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ഗസ്സയിൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിന്റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗസ്സ ആരോഗ്യമന്ത്രി പറഞ്ഞു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 6000 കടന്നു.

അതേ സമയം ഗസ്സ ആക്രമണത്തിൽ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കില്ലെന്നും ഹമാസിനെ വേരോടെ ഇല്ലാതാക്കും വരെ പിന്നോട്ടില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേലിന്റെ ഇന്ത്യയിലെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹാദസ് ബക്‌സ്ത് പ്രതികരിച്ചു. ബന്ധികളെ മോചിപ്പിക്കുന്നത് വരെ ചർച്ച പോലും സാധ്യമല്ലെന്നും അവർ പറഞ്ഞു.

ഇസ്രയേലിനെ ആദ്യം പിന്തുണച്ച നേതാവ് നരേന്ദ്ര മോദിയാണ്. ഇന്ത്യയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് ചെറിയൊരു വിഭാഗമാണ്. ഇന്ത്യയിലെ കൂടുതൽ പേരും ഇസ്രയേലിനൊപ്പമാണ്. ഇസ്രയേലിലെ സാഹചര്യം എങ്ങനെയും മാറാം. ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കണം. കേരളത്തിലെ രണ്ട് കെയർഗീവർമാരുടെ സേവനം ധീരമെന്നും ഹാദസ് ബക്‌സ്ത് പറഞ്ഞു.

ഇതിനിടെ, ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ സിറിയയിലും വ്യോമാക്രണം നടത്തി. സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച 10 പേരെ വധിച്ചു. അതേസമയം, ഇസ്രയേൽ - ഫലസ്തീൻ ചർച്ചകൾക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. ഫലസ്തീനുമായുള്ള ബന്ധവും സഹായം നൽകുന്നതും തുടരുമെന്നും ഇന്ത്യ യുഎന്നിൽ അറിയിച്ചു.