ടെൽ അവീവ്: വ്യോമാക്രമണത്തിൽ കനത്ത നാശം വിതച്ചതിന് പിന്നാലെ വടക്കൻ ഗസ്സയിൽ കരമാർഗവും ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗസ്സയിലേക്ക് ഇരച്ചുകയറി ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗസ്സ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു.

നിലവിലെ യുദ്ധത്തിലെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റമെന്നാണ് ഇസ്രയേലിന്റെ ആർമി റേഡിയോ വിശേഷിപ്പിച്ചത്. സൈന്യം പുറപ്പെടുവിച്ച രാത്രികാല നടപടിയുടെ വീഡിയോയിൽ കവചിത വാഹനങ്ങൾ മണൽ നിറഞ്ഞ അതിർത്തി മേഖലയിലൂടെ നീങ്ങുന്നത് കാണാം. ഒരു ബുൾഡോസർ ഉയർത്തിയ കരയുടെ ഒരു ഭാഗം നിരപ്പാക്കുന്നതും ടാങ്കുകളിൽ നിന്നും വെടിയുതിർക്കുന്നതും സ്‌ഫോടനങ്ങളിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇസ്രയേലി ടാങ്കുകൾ വടക്കൻ ഗസ്സയിൽ പ്രവേശിച്ച് ടാങ്ക്വേധ മിസൈൽ ലോഞ്ച്പാഡുകളടക്കം തകർത്തുവെന്ന് ഇസ്രയേൽ പ്രതിരോധസേന (ഐ.ഡിഎഫ്) യെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. നടപടിക്കുശേഷം സൈനികർ ഇസ്രയേലിലേക്കുതന്നെ മടങ്ങിയതായും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തിൽ 756 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ 300 ലേറെ കുട്ടികളാണ്. യുദ്ധം കൂടുതൽ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്. 

വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേൽ ജനതയോട് പറഞ്ഞിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

യുദ്ധകാല മന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു അറിയിച്ചിരുന്നു.



'നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇസ്രയേലെന്ന് നെതന്യാഹു പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഹമാസിനെതിരായ യുദ്ധം. രണ്ട് ലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ഹമാസിന്റെ സൈനികശക്തിയടക്കം തകർക്കുക എന്നതും ഗസ്സയിൽ ബന്ദികളാക്കിയവരെ തിരികെയെത്തിക്കുക എന്നതുമാണ് ലക്ഷ്യങ്ങളെന്ന്' അദ്ദേഹം വ്യക്തമാക്കി.

'യുദ്ധനീക്കം എപ്പോൾ തുടങ്ങുമെന്നോ, എങ്ങനെയാകുമെന്നോ, എത്രകാലം നീണ്ടുനിൽക്കുമെന്നോ വെളിപ്പെടുത്താനാവില്ല. സൈനികരുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാലാണത്. ഹമാസിലെ ഓരോരുത്തരും മരിച്ചവരാണ്. അവർ ഭൂമിക്കടിയിലും മുകളിലും ഉണ്ടാകാം. ഗസ്സയ്ക്ക് പുറത്തോ ഉള്ളിലോ ആകാം. വിജയം നേടുന്നതിനായി ഇസ്രയേൽ 24 മണിക്കൂറും കഠിനമായി പ്രയത്നിക്കുകയാണ്. രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവച്ചുകൊണ്ടാണിത്. രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണിത്-നെതന്യാഹു പറഞ്ഞു

'ആയിരക്കണക്കിന് തീവ്രവാദികളെ വധിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. അടിയന്തര മന്ത്രിസഭയും സൈന്യവും സംയുക്തമായാണ് കരയുദ്ധത്തിന്റെ സമയം നിശ്ചയിച്ചത് അവർ നടത്തിയ കൊലപാതകങ്ങൾക്കും ക്രൂരകൃത്യങ്ങൾ ആസൂത്രണം ചെയ്തവർക്കും കനത്ത വില നൽകേണ്ടിവരും - നെതന്യാഹു മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

യു.എസ് അഭ്യർത്ഥന പ്രകാരം ഗസ്സക്കു മേലുള്ള കരയാക്രമണം വൈകിപ്പിക്കാൻ ഇസ്രയേൽ സമ്മതിച്ചതായി യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാവിന്യാസത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുവരെ കരയധിനിവേശം വൈകിപ്പിക്കാനാണ് യു.എസ് അഭ്യർത്ഥിച്ചത്. സിറിയയുമായും ഇറാനുമായും സംഘർഷം മുന്നിൽ കണ്ടാണ് ഈ മുൻകരുതലെന്നും റിപ്പോർട്ടുണ്ട്.


അതിനിടെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗസ്സയിൽ മാത്രം മരണം 6600 ആയി. സ്ഥിതി ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു. അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയായിരുന്നു ഇത്. ഗസ്സയിൽ വ്യോമാക്രമണം തുടരുകയാണ് ഇസ്രയേൽ.

അതേസമയം ഗസ്സയിൽ ഇന്ധനം ഇന്നത്തോടെ തീരും. അതോടെ ആറു ലക്ഷം അഭയാർത്ഥികൾക്ക് സഹായം നൽകിവരുന്ന യുഎൻ ഏജൻസികൾ പ്രവർത്തനം നിർത്തേണ്ടി വരും. ഇന്ധന ട്രക്കുകളെ ഗസ്സയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല.

സിറിയക്കുള്ളിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. യെമനിൽ നിന്ന് സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും തുടർച്ചയായി ശിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തുകയാണ്.



ഫലസ്തീൻ അഥോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനൻ അതിർത്തിയിൽ ഇസ്രയേലിനു നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണം ഉണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുൻനിർത്തി വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

ഇതിനിടെ, ഇസ്രയേൽ വീണ്ടും സിറിയയിൽ വ്യോമാക്രമണം നടത്തി. അലപ്പോ വിമാനത്താവള റൺവേ വീണ്ടും തകർന്നതായും എട്ടു സൈനികർ കൊല്ലപ്പെട്ടതായും സിറിയൻ ഗതാഗത മന്ത്രാലയ വക്താവ് സുലൈമാൻ ഖലീൽ അറിയിച്ചു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇസ്രയേൽ സിറിയയെ ലക്ഷ്യമിടുന്നത്. ഇസ്രയേൽ വിനോദസഞ്ചാരകേന്ദ്രമായ ഈലാത്തിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. 344 കുട്ടികൾ ഉൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവർ 6546 ആയി.