ടെൽ അവീവ്: ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ കരയാക്രമണം. ഗസ്സയ്ക്കുള്ളിൽ കടന്ന് ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ യുദ്ധടാങ്കുകൾ ആക്രമണം നടത്തി കനത്ത നാശം വിതച്ചു. സംഘർഷം തുടരുന്നതിനിടെ സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗസ്സയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നിരിക്കുകയാണ്.

മധ്യഗസ്സയിലെ നിരവധി ഹമാസ് താവളങ്ങളിൽ യുദ്ധടാങ്കുകൾ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. ഒക്ടോബർ ഏഴിന് അതിർത്തി കടന്ന് ആക്രമണം നടത്തിയ സംഘത്തിന് സഹായം നൽകിയ മുതിർന്ന ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

അതേസമയം, ഗസ്സയിൽ ഇസ്രയേൽ വ്യോമക്രമണം അതിശക്തമായി തുടരുകയാണ്. അൻപത് ബന്ദികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇരുന്നൂറിലേറെ ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളത്. അവരിൽ അമ്പത് പേർ കൊല്ലപ്പെട്ടെന്ന അറിയിപ്പ് അവരുടെ ബന്ധുക്കളെ ആശങ്കയിലാക്കി. മരണം ഏഴായിരം കടന്ന ഗസ്സയിൽ ഇന്ധനം നിലച്ചതോടെ യുഎൻ ഏജൻസികൾ അടക്കം സന്നദ്ധ പ്രവർത്തനം വെട്ടിച്ചുരുക്കി. ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടതോടെ ഓരോ നിമിഷവും കൂടുതൽ ജീവനുകൾ പൊലിയുകയാണ്.

ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഈ ആക്രമണം ഹമാസ് - ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗം അല്ലെന്നും അമേരിക്കയ്ക്ക് നേരെ പ്രകോപനം സൃഷ്ടിക്കുന്ന ഇറാനുള്ള മറുപടി ആണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിശദീകരിച്ചു.

അമേരിക്കൻ പൗരന്മാർക്കും താവളങ്ങൾക്കും നേരെ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറാന് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ആക്രമണത്തിന് പിന്തുണ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കയ്ക്ക് ഇറാനും മുന്നറിയിപ്പ് നൽകി. ആരൊക്കെ എതിർപക്ഷത്തു നിന്നാലും ഗസ്സയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല വ്യക്തമാക്കി.

അതേസമയം, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് നേരെ ഇസ്രയേൽ നടത്തിയ പരാമർശങ്ങളെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ അപലപിച്ചു.

ഗസ്സയിലെ മാനുഷിക പ്രശ്‌നം ചർച്ച ചെയ്യുന്ന യുഎൻ പൊതുസഭ തുടരുകയാണ്. ഗസ്സയിലേക്കുള്ള അവശ്യ വസ്തു നീക്കം അതീവ മന്ദഗതിയിലാണെന്ന് യുഎന്നിന്റെ ലോക ഭക്ഷ്യ സംഘടന കുറ്റപ്പെടുത്തി. ആക്രമണത്തിന് ഇടവേള നൽകി ഗസ്സയ്ക്ക് സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേ സമയം അൽ അഖ്‌സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രയേൽ നിയന്ത്രിക്കുകയും ചെയ്തിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. ഇപ്പോൾ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം ഇസ്രയേൽ അടച്ചിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അധിനിവേശ വെസ്റ്റ്ബാങ്കിൽ പലയിടത്തും ഇത്തരത്തിൽ ഇസ്രയേൽ വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‌ലിം വിഭാഗത്തിന് ഇസ്രയേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർത്ഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്ന് പ്രാർത്ഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രയേലിന്റെ വഴിതടയൽ.

ഗസ്സയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്‌കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.