യെരുശലേം: വടക്കൻ ഗസ്സ മുനമ്പിൽ നിന്നും വിട്ടുപോകാത്ത ഫലസ്തീൻകാർക്ക് ഇസ്രയേലിന്റെ അന്ത്യശാസനം. വലിയതോതിലുള്ള കരയാക്രമണം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് മുന്നറിയിപ്പ്.

ഹമാസിനെ നിർവീര്യമാക്കി നിലംപരിശാക്കാൻ സൈന്യം തയ്യാറെടുത്തുവെന്നാണ് ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് ഡാനിയൽ ഹഗാരി അടിയന്തര വീഡിയോ സന്ദേശത്തിൽ അറിയിച്ചത്. ഗസ്സ നഗരമേഖല ഇനി യുദ്ധക്കളം ആണെന്നാണ് ഫലസ്തീനി പൗരന്മാർക്ക് നൽകുന്ന മുന്നറിയിപ്പ്.

വടക്കൻ ഗസ്സയിലെയും, ഗസ്സ ഗവർണറേറ്റിലെയും അഭയകേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ലെന്ന് പോർവിമാനങ്ങൾ വഴി വിതരണം ചെയ്ത ലഘുലേഖകളിൽ പറയുന്നു. അവശേഷിക്കുന്നവർ ഉടൻ തെക്കൻ മേഖലയിലേക്ക് പോകണം.

വെള്ളിയാഴ്ച വടക്കൻ ഗസ്സയിൽ ഹമാസിന്റെ 150 ഭൂഗർഭ കേന്ദ്രങ്ങളെയാണ് പോർവിമാനങ്ങൾ ആക്രമിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. ഒക്ടോബർ 7 ന് ശേഷമുള്ള ഇസ്രയേലിന്റെ തിരിച്ചടിയിൽ, 7703 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിൽ 3300 കുട്ടികളുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ വിഭാഗം പറയുന്നു.

ഏകദേശം 4 ലക്ഷം ഫലസ്തീനികൾ ഇപ്പോഴും വടക്കൻ ഗസ്സയിൽ അവശേഷിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. പലതവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, മിക്കവരും വീട് വിട്ടുപോകാൻ കൂട്ടാക്കുന്നില്ല. ഈ മാസം ആദ്യം ആദ്യ ഒഴിയൽ മുന്നറിയിപ്പ് നൽകുമ്പോൾ അവിടെ 11 ലക്ഷത്തോളം പേരുണ്ടായിരുന്നു.

വടക്കൻ ഗസ്സ നിവാസികൾ താൽക്കാലികമായി തെക്കൻ മേഖലയിലേക്ക് പോകാനാണ് ഇസ്രയേൽ പ്രതിരോധ സേന ആവശ്യപ്പെടുന്നത്. സംഘർഷം അവസാനിക്കുമ്പോൾ ഇവിടേക്ക് മടങ്ങാമെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു. ഹമാസ് ആയുധങ്ങൾ ഒളിപ്പിച്ചിരിക്കുന്നത് സ്‌കൂളുകളിലും, പള്ളികളിലും ആശുപത്രികളിലും ആണെന്ന് ഇസ്രയേൽ സൈനിക വക്താവ് ആരോപിക്കുന്നു. ഇവ നിർവീര്യമാക്കി ഹമാസിനെ കീഴ്‌പ്പെടുത്തുകയാണ് ഐഡിഎഫ് ലക്ഷ്യം.

കനത്ത ബോംബാക്രമണത്തിൽ ഇന്റർനെറ്റ് കേബിളുകളും ഫോൺ ശൃംഖലകളും തകർന്നതോടെ, ഗസ്സയിൽ ഇന്റർനെറ്റ് ബന്ധം വന്നും പോയും ഇരിക്കുന്നു.

ഗസ്സയിൽ ഇനിയും കൂട്ടക്കുരുതി നടക്കുമെന്ന് യുഎൻ

ഗസ്സയിൽ ഇസ്രയേൽ കരമാർഗം ആക്രമണം നടത്തുമ്പോൾ ആയിരക്കണക്കിന് ആളുകൾ കൂടി മരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. ഇതുവരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുടെ രീതി കണക്കിലെടുക്കുമ്പോൾ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ സുരക്ഷിതമായ സ്ഥലമില്ല, പുറത്തുകടക്കാൻ ഒരു വഴിയുമില്ല. ഗസ്സയിലെ എല്ലാ സാധാരണക്കാരെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ വളരെ മോശമാണ്. ഇന്റർനെറ്റ് ലഭ്യതയില്ലാത്തതിനാൽ ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തിന് മനസിലാക്കാൻ മാർഗമില്ലാതായി കഴിഞ്ഞു. ഗസ്സയിലുള്ളവർക്കും പരസ്പരം വിവരങ്ങൾ കൈമാറാൻ കഴിയുന്നില്ലെന്നും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.