- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബാലിയയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; 50 ലേറെ പേർ കൊല്ലപ്പെട്ടു; 150പേർക്ക് പരിക്കേറ്റു; നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു; അഭയാർഥി ക്യാമ്പിൽ പതിച്ചത് ആറുബോംബുകൾ; ഗസ്സയിലെ മുന്നേറ്റത്തിന്റെ ഭാഗമായി 300 ഓളം ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ
ഗസ്സ: വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ, 50 ലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ ഇൻഡൊനേഷ്യൻ ആശുപത്രി ഡയറക്ടറുടെ വിശദീകരണമനുസരിച്ച് നിരവധി പേർ കൊല്ലപ്പെട്ടു. ആറ് ബോംബുകളാണ് അഭയാർഥി ക്യാമ്പിന് മേൽ പതിച്ചതെന്ന് ഗസ്സയിലെ അധികൃതർ പറയുന്നു. 150 പേർക്ക് പരിക്കേറ്റു എന്നാണ് ഗസ്സ ആരോഗ്യമന്ത്രാലായം പ്രസ്താവനയിൽ അറിയിച്ചത്. ഡസൻ കണക്കിന് ആളുകൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചുഎന്നാൽ, ഇക്കാര്യത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഹമാസും, ഇസ്രയേൽ പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ഗസ്സ മുനമ്പിന്റെ വടക്ക് കിഴക്ക് ഭാഗത്ത് രൂക്ഷമായിരിക്കുകയാണ്. ഹമാസിന്റെ സായുധ വിഭാഗമായ അൽഖ്വാസം ബ്രിഗേഡ് ഇന്നുപുലർച്ചെ ടാങ്ക് വേധ മിസൈലുകൾ തൊടുത്തുവിട്ടു. രണ്ടുടാങ്കുകളും ബുൾഡോസറുകളുമാണ് ലക്ഷ്യമിട്ടത്.
ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നാണ് ജബാലിയ. 2023 ജൂലായ് വരെ യു.എന്നിന്റെ കണക്കുകൾ പ്രകാരം ഇവിടെ 116,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16 കെട്ടിടങ്ങളിലായി 26 ഓളം സ്‌കൂളുകൾ, ഭക്ഷണവിതരണകേന്ദ്രം, രണ്ട് ആരോഗ്യകേന്ദ്രങ്ങൾ, ഒരു ലൈബ്രറി, ഏഴ് കിണറുകൾ ഏന്നിവ 1.4 ചതുരശ്ര കിലോമീറ്റർ പരിധിയിൽ ഉൾക്കൊള്ളുന്നതാണ് ഈ ക്യാമ്പ്.
അതേസമയം, കരയാക്രമണത്തിന്റെ ഭാഗമായി 300 ഓളം ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ പ്രതിരോധ സേന പറഞ്ഞു. ടാങ്ക് വേധ മിസൈൽ പോസ്റ്റുകളും, റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങളും, ഭൂഗർഭ ഒളിയിടങ്ങളും ആക്രമിച്ചു. വടക്കൻ ഗസ്സയിലെ മുന്നേറ്റം വിപുലമാക്കുകയാണ് ഐഡിഎഫ്. കര, വ്യോമ, നാവിക സേനകൾ സംയുക്തമായാണ് ശത്രുവിനെ നേരിടുന്നതെന്ന് ഐഡിഎഫ് വക്താവ് ജോനാഥൻ കോന്റിക്കസ് പറഞ്ഞു.
ഹമാസുമായി വെടിനിർത്തലില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതൻയ്യാഹു ഇന്നലെ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കീഴടങ്ങലിന് സമമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗസ്സയിൽ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഹമാസ് ഉപയോഗിക്കുന്നതുകൊണ്ടാണ് ഉയർന്ന മരണസംഖ്യ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗസ്സ ഇപ്പോൾ ആയിരക്കണക്കിന് കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎൻ പറയുന്നു.
മറുനാടന് ഡെസ്ക്