- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ ഇസ്രയേൽ നടത്തുന്നത് കൂട്ടക്കുരുതി; പ്രതിഷേധം കടുപ്പിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ; ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ച് ബൊളീവിയ; നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് കൊളംബിയയും ചിലിയും; കൂസലാക്കാതെ ഇസ്രയേലും
യെരുശലേം: വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബാലിയയിലെ വ്യോമാക്രമണത്തിൽ 50 ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് എതിരെ ചില ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ പ്രതിഷേധം കടുപ്പിച്ചു. ബൊളീവിയയിലെ ഇടതുപക്ഷ സർക്കാർ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഉപേക്ഷിച്ചു. ഗസ്സ മുനമ്പിലെ യുദ്ധ കുറ്റകൃത്യങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ബൊളീവിയൻ വിദേശകാര്യ സഹമന്ത്രി ഫ്രഡ്ഡി മമാനിയാണ് നയതന്ത്രബന്ധം വിച്ഛേദിക്കുന്ന കാര്യം അറിയിച്ചത്. ആയിരക്കണക്കിന് ഫലസ്ഥീനികളുടെ കൂട്ടക്കുരുതിക്കും, നിർബന്ധിത പലായനത്തിനും വഴിവെച്ച ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ഹമാസ്, അറേബ്യൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകണമെന്ന് അഭ്യർത്ഥിച്ചു. ബൊളിവിയയുടെ കടുത്ത നടപടിക്ക് പിന്നാലെ കൊളംബിയയും ചിലിയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഗസ്സയുടെ നേരേ തുടർച്ചയായുള്ള വ്യോമാക്രമണങ്ങളെ ബ്രസീൽ പ്രസിഡന്റ് വിമർശിച്ചു.
ഗസ്സയിലെ അതിരുകടന്ന ഇസ്രയേൽ സൈനിക കടന്നാക്രമണം അന്താരാഷ്ട്ര സമാധാനത്തിനും, സുരക്ഷയ്ക്കും ഭീഷണിയാണെന്നും ബൊളിവിയൻ വിദേശകാര്യ സഹമന്ത്രി ഫ്രഡ്ഡി മമാനി പറഞ്ഞു. ബൊളിവീയൻ മുൻ പ്രസിഡന്റ് ഇവോ മോറാൽസ് ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക തീരുമാനം വന്നത്. ഇസ്രയേൽ ഭീകരരാഷ്ടമാണെന്നും, ബെഞ്ചമിൻ നെതൻയ്യാഹുവിനെയും, കൂട്ടാളികളെയും യുദ്ധക്കുറ്റങ്ങൾക്കും, കൂട്ടക്കുരുതിക്കും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.
ഗസ്സ മുനമ്പിലെ 2009ലെ അധിനിവേശത്തിന് ശേഷം ബൊളീവിയ ആ രാജ്യവുമായുള്ള ബന്ധം മുറിച്ചിരുന്നു. പിന്നീട് 2020 ൽ വലതുപക്ഷ പ്രസിഡന്റ് ജീനൈൻ അനെസ് അധികാരത്തിൽ വന്നപ്പോഴാണ് ബന്ധം പുനഃ സ്ഥാപിച്ചത്. ഫലസ്തീൻ ജനങ്ങളുടെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചതായി കൊളംബിയയിലെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. ഹിറ്റ്‌ലറിന്റെ നാസി പടയ്ക്ക് സമാനമാണ് ഇസ്രയേലിന്റെ നടപടികളെന്ന് പെട്രോ അടുത്തിടെ വിമർശിച്ചിരുന്നു. ഇതിനെതിരെ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
അന്ത്രാഷ്ട്ര മനുഷ്യാവകാശ നിയമ ലംഘനങ്ങളുടെ പേരിൽ തങ്ങളുടെ ടെൽഅവീവിലെ അംബാസഡറെ തിരിച്ചുവിളിക്കുകയാണെന്ന് ചിലിയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കും പ്രഖ്യാപിച്ചു. ഫലസ്തീനിലെ 8000 ത്തിലേറെ സാധാരണക്കാരെ കൂട്ടത്തോടെ ശിക്ഷിക്കുന്നതാണ് ഇസ്രയേലിന്റെ ആക്രമണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗസ്സയിൽ ഹമാസ് മാത്രമല്ല ഉള്ളതെന്നും, യുദ്ധത്തിന്റെ ഇരകളായ സ്ത്രീകളും കുട്ടികളും ഉണ്ടെന്നും, ഇസ്രയേൽ പ്രധാനമന്ത്രി കാട്ടുന്നത് ഭ്രാന്താണെന്നും ബ്രസീൽ പ്രസിഡന്റ് ലൂയി ഇനാസിയോ ലുല ഡിസിൽവ കഴിഞ്ഞാഴ്ച വിമർശിച്ചിരുന്നു. ഇന്നലെ ജബാലിയ അഭയാർഥി ക്യാമ്പിലെ കൂട്ടക്കുരുതി അറിഞ്ഞയുടൻ ലുല ട്വീറ്റ് ചെയ്തു:' ഇതാദ്യമായി കൂടുതലും കുട്ടികൾ കൊല്ലപ്പെടുന്ന യുദ്ധത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. നിർത്തു...ദൈവത്തിന്റെ പേരിൽ നിർത്തു'.
മറുനാടന് ഡെസ്ക്