ഗസ്സ: വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബാലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലി വ്യോമാക്രമണം. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് ക്യാമ്പിലെ ജനവാസ കെട്ടിടങ്ങൾക്ക് നേരേ ആക്രമണമുണ്ടായത്. നിരവധി പേർക്ക് ജീവഹാനി സംഭിവച്ചതായാണ് സൂചന.

ജബാലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തീവ്രതയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു. അഭയാർഥി ക്യാമ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണ് അൽ ഫലൗജ ബ്ലോക്ക്.

ഇന്നലെയും ഇസ്രയേൽ ജബാലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയിരുന്നു. 100ലേറെ പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഒരു ടൺ വീതം ഭാരമുള്ള ആറു മിസൈലുകൾ പ്രദേശത്ത് ഒരേ സമയം പതിക്കുകയായിരുന്നെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബാലിയയിലേത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 8,796 പേരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റാഫ അതിർത്തി തുറന്നു

വിദേശികളെയും പരിക്കേറ്റവരെയും ഒഴിപ്പിക്കാനായി റാഫ അതിർത്തി തുറന്നതിനിടെയാണ് വീണ്ടും ജബാലിയയിൽ വ്യോമാക്രമണം ഉണ്ടായത്.മൂന്നാഴ്ച മുമ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് വിദേശ പാസ്‌പോർട്ടുള്ളവർക്ക് പുറത്തുകടക്കാനായി മേഖലയിലെ പ്രവർത്തിക്കുന്ന ഏക അതിർത്തി പോസ്റ്റായ റാഫ തുറന്നത്. ഇസ്രയേലും, ഈജിപ്റ്റും തമ്മിൽ ധാരണയായ പട്ടികയിൽ പെട്ട വിദേശികളാണ് ഗസ്സ ഒഴിഞ്ഞുപോകുന്നത്. ബന്ധപ്പെട്ട ഏംബസികളെ മുൻകൂട്ടി വിവരം ധരിപ്പിച്ചിട്ടുണ്ട്.

അതിനിടെ, ഗസ്സയിലെ ഏക കാൻസർ ആശുപത്രി പ്രവർത്തനരഹിതമായി. ഇന്ധനം തീർന്നതോടെയാണ് ഈ ആശുപത്രി അടച്ചുപൂട്ടിയത്. തുർക്കിഷ്-ഫലസ്തീനിയൻ സൗഹാർദ്ദ ആശുപത്രിയുടെ സേവനമാണ് നിലച്ചത്.

അതേസമയം ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബലിയയിലേത്. അരലക്ഷം പേർ തിങ്ങിത്താമസിക്കുന്ന ക്യാമ്പിനു നേരെ ഇസ്രയേൽ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പക്ഷേ, മാരക പ്രഹരശേഷിയുള്ള ഉഗ്ര ബോംബുകളാണ് ഇസ്രയേൽ പ്രയോഗിച്ചത്.

'ഈ കെട്ടിടങ്ങളിൽ താമസിച്ചുവന്നത് നൂറുകണക്കിന് പേരാണ്. ആറ് യു.എസ് നിർമ്മിത ബോംബുകൾ ഉപയോഗിച്ച് അധിനിവേശ ശക്തികൾ ഈ പ്രദേശം ഒന്നാകെ ചാരമാക്കി. ഗസ്സ മുനമ്പിൽ ഇസ്രയേൽ അതിക്രമത്തിലെ ഏറ്റവും അവസാനത്തെ കൂട്ടക്കുരുതിയാണിത്'' -ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽബസൂം പറയുന്നു.

നിരവധി കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ ഇരുവശത്തും കൂറ്റൻ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽനിന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും നാട്ടുകാർ പുറത്തെടുത്തത്. ജീവനോടെയും ജീവനറ്റും അടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കൂട്ടായ തെരച്ചിൽ തുടരുകയാണ്. വലിയ കെട്ടിടങ്ങൾ അപ്പാടെ നിലംപൊത്തിയതിനാൽ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ കുറവാണ്. അവയവങ്ങൾ ചിതറിക്കിടക്കുന്നതുൾപ്പെടെ ചുറ്റും ഭീതിദമായ കാഴ്ചകളാണെന്ന് അൽബസൂം കൂട്ടിച്ചേർത്തു.

അതേസമയം ഗസ്സ മുനമ്പിലെ ജബാലിയ ക്യാമ്പിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് നിരപരാധികളായ ധാരാളം ജനങ്ങളുടെ മരണത്തിനും പരിക്കിനും കാരണമായി. ഇത് മനുഷ്യത്വരഹിതമാണ്. ഗസ്സയിലെ സൈനിക ആക്രമണങ്ങൾ നിർത്തുന്നത് അടിയന്തിര മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.

ഇസ്രയേലി അധിനിവേശ സേന സിവിലിയന്മാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ആവർത്തിച്ച് ലക്ഷ്യമിടുന്നതിനെതിരെ സൗദി അപലപിക്കുകയും പൂർണമായി നിരസിക്കുകയും ചെയ്യുന്നുവെന്ന് 'എക്സ്' അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 2023 ഒക്ടോബർ 27 ന് പുറത്തിറക്കിയ യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി ഉടനടി വെടിനിർത്തലും മാനുഷിക ഉടമ്പടിയും അംഗീകരിക്കാൻ അധിനിവേശ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിലാണ് ആക്രമണം തുടരുന്നതെന്നും പറഞ്ഞു.

നിലവിലുള്ള അപകടകരമായ മാനുഷിക സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, സൈനിക പ്രവർത്തനങ്ങൾ നിർത്തുക എന്നിവ അടിയന്തിര മുൻഗണനകളാണ്. അത് നീട്ടിവെക്കാനോ തടസ്സപ്പെടുത്താനോ അംഗീകരിക്കാൻ കഴിയില്ല. ഉടനടി അവ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അനിവാര്യമായും ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കും. ഇസ്രയേൽ അധിനിവേശത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.