- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇടപെടാൻ ഉത്തര കൊറിയ; ഹമാസിന് ആവശ്യമായ ആയുധങ്ങൾ വിൽക്കണമെന്ന് കിം ജോങ് ഉൻ; കൂടുതൽ ആയുധങ്ങളെത്തിയാൽ യുദ്ധം നീണ്ടേക്കുമെന്ന് വിലയിരുത്തൽ; ഗസ്സയിൽ നാശം വിതച്ച് ഐഡിഎഫ്
പ്യോങ്യാങ്: ഗസ്സയിൽ ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മിഡിൽ ഈസ്റ്റിലെ ഭീകരവാദ ഗ്രൂപ്പുകൾക്ക് ആയുധം വിറ്റേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് ദി വാൾ സ്ട്രീറ്റ് ജേണൽ. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഹമാസിനെ പിന്തുണയ്ക്കാൻ കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹമാസിന്റെ കൈവശം ഉത്തര കൊറിയയുടെ ആയുധങ്ങളെത്തിയാൽ യുദ്ധം നീണ്ടുപോകുമെന്നാണു വിലയിരുത്തൽ.
ആണവ പദ്ധതിയുടെ പേരിൽ യുഎൻ ഉപരോധം നേരിടുന്ന ഉത്തര കൊറിയ മുമ്പ് റോക്കറ്റ് ലോഞ്ചറുകൾ ഹമാസിന് വിറ്റിരുന്നുവെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഗസ്സയിലെ യുദ്ധത്തിനിടയിൽ കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ചേക്കും. യുദ്ധത്തിൽ നിന്ന് പ്രയോജനം നേടുന്നതിനായി കിം ജോങ് ഉൻ ഫലസ്തീനിന് പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ കിം ക്യു-ഹ്യുൻ പറഞ്ഞു.
സംഘർഷ സാഹചര്യം മുതലെടുത്ത് ഹമാസുമായി ആയുധവ്യാപാരത്തിനു ഉത്തര കൊറിയ തയാറാകുന്നതായി ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ചാണ് 'ദ് വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തത്. നേരത്തെ ഹമാസിന് ആന്റി ടാങ്ക് റോക്കറ്റ് ലോഞ്ചറുകൾ ഉത്തര കൊറിയ നൽകിയിരുന്നു. ഗസ്സയിലേക്കു കൂടുതൽ ആയുധങ്ങളെത്തിക്കാൻ കിം ശ്രമിക്കുന്നെന്നാണു വാർത്തയിൽ പറയുന്നത്.
യുദ്ധത്തിൽ ഫലസ്തീനു പൊതുവിൽ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നും ഹമാസിന് ആയുധങ്ങൾ നൽകുന്നതിലൂടെ ഉത്തര കൊറിയയ്ക്കും ഇതിന്റെ നേട്ടം പങ്കിടാമെന്നുമാണു കിം കണക്കുകൂട്ടുന്നതെന്നാണു നിഗമനം. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടപ്പോൾ, ഉപയോഗിച്ച ആയുധങ്ങളിൽ ചിലത് ഉത്തര കൊറിയയുടേതാണെന്ന സംശയം ഉയർന്നിരുന്നു.
കവചിത വാഹനങ്ങൾക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന ഉത്തര കൊറിയൻ എഫ് -7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് ഹമാസ് ഉപയോഗിച്ചതെന്നാണ് വാദം. ഹമാസ് ഭീകരർ ഉത്തരകൊറിയൻ ബൾസെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകൾ ഉപയോഗിച്ചിരുന്നുവെന്നും വാദമുയർന്നു.
അതേസമയം ഹമാസ് തങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ചെന്ന അവകാശവാദങ്ങൾ പ്യോങ്യാങ് തള്ളിക്കളഞ്ഞിരുന്നു. ഇത് യുഎസ് പ്രചരിപ്പിക്കുന്ന 'അടിസ്ഥാനരഹിതവും വ്യാജവുമായ കിംവദന്തി' ആണെന്നായിരുന്നു പ്രതികരണം. കഴിഞ്ഞ മാസം, ഗസ്സ മുനമ്പിലെ അൽ-അഹ്ലി അൽ-അറബി ഹോസ്പിറ്റലിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിൽ യുഎസിനെ ഉത്തരകൊറിയ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഇസ്രയേൽ, ഹമാസിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സ്ഫോടനത്തിന് കാരണമെന്ന് പറഞ്ഞു.
ഗസ്സയിലെ ആശുപത്രിയിൽ ബോംബ് സ്‌ഫോടനം നടത്തിയപ്പോൾ ഇസ്രയേലിനെ ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രി വിമർശിച്ചതും ചർച്ചയായി. തോളിൽവച്ച് പ്രയോഗിക്കാവുന്ന ഉത്തര കൊറിയയുടെ എഫ്7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഹമാസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നു ദക്ഷിണ കൊറിയയും പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടി.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ 25-ാം ദിവസമാണ് ഇസ്രയേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചത്. മാരകായുധങ്ങളുമായി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇസ്രയേൽ സൈനികർ മുന്നോട്ട് നീങ്ങുന്നതും വെടിയുതിർക്കുന്നതും പുറത്തുവരുന്ന ചിത്രങ്ങളിൽ കാണാം. ഗസ്സ നഗരത്തിൽ എങ്ങും വെടിയുണ്ടകളുടെ ശബ്ദവും തീയും പുകയും മാത്രമാണ്.
ഹമാസിനെ ഉന്മൂലനം ചെയ്യാനാണ് ഇസ്രയേൽ സൈന്യം ഗസ്സയിലേക്ക് കടക്കുന്നതെന്നാണ് വാദം. ഗസ്സയുടെ വടക്കൻ അതിർത്തിയിൽ നിന്ന് ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഇസ്രയേൽ സൈന്യം ബാഗുകൾ നിറയെ വെടിയുണ്ടകൾ തോളിൽ തൂക്കി കടക്കുന്നത് പുറത്തുവന്ന ചിത്രങ്ങളിൽ കാണാം. ഇതിൽ വഴിയൊരുക്കി മുന്നോട്ട് നീങ്ങുന്ന ഇസ്രയേലി സൈന്യത്തിന്റെ ബുൾഡോസറുകളുമുണ്ട്.
ഇസ്രയേലി കരസേന ഹമാസിന്റെ താവളങ്ങളെയും പ്രവർത്തകരെയും തിരിച്ചറിയുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തിൽ ഈ താവളങ്ങൾ നശിപ്പിക്കപ്പെടുകയാണ്. ഇതുകൂടാതെ കരസേനയും ഹമാസ് പ്രവർത്തകരെ നേരിട്ട് നേരിടുന്നുണ്ട്.
അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചു. ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് പ്രഖ്യാപനം.
ബൊളീവിയയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല. 2009ൽ ഗസ്സ മുനമ്പിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ 2020-ൽ പ്രസിഡന്റ് ജീനിൻ അനസിന്റെ സർക്കാർ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്