ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈമാസം ഇന്ത്യ സന്ദർശിക്കും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പം ഇന്ത്യയിൽ എത്തുന്ന ആന്റണി ബ്ലിങ്കൻ മന്ത്രിതല ചർച്ചകളിൽ പങ്കെടുക്കും. ഇന്ത്യൻ പ്രതിനിധികളായ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഇസ്രയേൽ - ഹമാസ് യുദ്ധമടക്കം ആഗോള തലത്തിലുള്ള ആശങ്കകൾ ഇന്ത്യയുമായി ചർച്ച ചെയ്യും.

ഈ മാസം ആന്റണി ബ്ലിങ്കൻ ഇന്ത്യ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. നവംബർ രണ്ടുമുതൽ പത്തുവരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇസ്രയേൽ, ജോർദാൻ സന്ദർശനങ്ങൾക്ക് ശേഷമാണ് ബ്ലിങ്കൻ ഇന്ത്യയിൽ എത്തുക. ഇന്ത്യയ്ക്ക് പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളും ആന്റണി ബ്ലിങ്കന്റെ സന്ദർശന പട്ടികയിലുണ്ട്.

ഇസ്രയേൽ-ഹമാസ് യുദ്ധവും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമാകും. വിഷയത്തിൽ ഇന്ത്യയുടെയും അമേരിക്കയും നിലപാടും ഇരുരാജ്യങ്ങൾക്കുമിടയിലെ പൊതുതാത്പര്യളെ യുദ്ധം ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ എന്നതും ചർച്ച ചെയ്യും. അതേസമയം ജപ്പാൻ, ജോർദ്ദാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ബ്ലിങ്കൻ സന്ദർശനം നടത്തും.

ഇസ്രയേൽഹമാസ് സംഘർഷം ശക്തമാകുന്നതിനിടെയാണ് ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കുന്നത്. വെള്ളിയാഴ്ച ഇസ്രയേലിലെത്തുന്ന ബ്ലിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

ഇസ്രയേലിന് യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ബ്ലിങ്കന്റെ സന്ദർശനം. മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ജോർദാൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കൻ സന്ദർശിച്ചിരുന്നു. ഇസ്രയേലിന് അടിയന്തര സഹായം നൽകുന്നതിനായി പ്രത്യേക ബിൽ പാസാക്കണമെന്ന് ബ്ലിങ്കൻ നേരത്തെ തന്നെ അമേരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു.

1400ൽ അധികം പേരെ ഹമാസ് വധിച്ചെന്ന് ഇസ്രയേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 230ഓളം പേർ യുഎസ് പൗരന്മാരാണ്. അതേസമയം ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 8500ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയവും അറിയിച്ചു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേരാണ് കൊല്ലപ്പെട്ടത്. 300 പേർക്കു പരുക്കേറ്റു. ക്യാംപിലെ 15 പാർപ്പിടകേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ല.

അതിർത്തിയിൽനിന്നു കൂടുതൽ ഇസ്രയേൽ ടാങ്കുകൾ ഗസ്സയിലേക്കു നീങ്ങുകയാണ്. ഗസ്സ സിറ്റിയിലെ തുരങ്കങ്ങളിൽ ഇരുപക്ഷവും തമ്മിൽ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോർട്ടുണ്ട്. തുരങ്കങ്ങളിൽ പ്രവേശിച്ച സൈനികർ, ഹമാസ് പ്രവർത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങൾ കൂടി തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു.