ടെൽ അവീവ്: ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് ഗസ്സ നഗരം സമ്പൂർണമായി വളഞ്ഞുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ഹമാസിനെ മേഖലയിൽനിന്നു വേരോടെ പിഴുതെറിയുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ മുന്നേറ്റം. അതേസമയം, ഗസ്സയിൽ ഉടനീളമുള്ള ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് ശക്തമായി പ്രതിരോധിക്കുന്നതായാണ് വിവരം. ഗസ്സയിൽ കടക്കുന്ന ഇസ്രയേൽ സൈനികരെ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസ് വക്താവ് രംഗത്തെത്തി.

ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000ത്തിന് അടുത്തെത്തി. അതിൽ ഏറിയ പങ്കും കുട്ടികളും സ്ത്രീകളുമാണ്. ആയിരക്കണക്കിന് ആളുകൾക്കു പരുക്കേറ്റിട്ടുമുണ്ട്. ഗസ്സ വളഞ്ഞ് ഇസ്രയേൽ സൈന്യം നടത്തുന്ന മുന്നേറ്റം ജനനിബിഡമായ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് അടുക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.

ഗസ്സ നഗരത്തിൽ വ്യാപിച്ചു കിടക്കുന്ന ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കിയാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു ഹമാസ് മറുപടി നൽകുന്നത്. തുരങ്കങ്ങളിൽനിന്ന് സ്‌ഫോടകവസ്തുക്കളെറിഞ്ഞും പുറത്തിറങ്ങി വെടിയുതിർത്തും വഴിയിൽ കുഴിബോംബുകൊണ്ടു കെണിയൊരുക്കിയും സേനയുടെ മുന്നേറ്റം തടയാനാണ് ഹമാസ് ശ്രമിക്കുന്നത്.

തുരങ്കങ്ങളിൽനിന്ന് അപ്രതീക്ഷിതമായി പുറത്തെത്തി ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി ഹമാസ് ആക്രമണം അഴിച്ചുവിടുന്ന ഹമാസ് സായുധസംഘം, അതിനുശേഷം ഞൊടിയിടയിൽ തുരങ്കങ്ങളിലേക്ക് ഉൾവലിയുകയാണു ചെയ്യുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗറില യുദ്ധത്തിന്റെ വിഡിയോകൾ ഹമാസ് തന്നെ പുറത്തുവിട്ടു.

'ഇസ്രയേൽ സൈനികരെ ഞങ്ങൾ കറുത്ത ബാഗുകളിലാക്കി തിരിച്ചയയ്ക്കു'മെന്ന് ഹമാസ് വക്താവ് അബു ഉബൈദയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം അവർ ഔദ്യോഗികമായി പുറത്തുവിട്ടതിലും അധികമാണെന്നും അബു ഉബൈദ അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗസ്സയിൽ കടന്നു നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 23 സൈനികർക്ക് ജീവൻ നഷ്ടമായെന്നാണ് ഇസ്രയേൽ പുറത്തുവിട്ട കണക്ക്. ഇതിൽ നാലു പേർ കൊല്ലപ്പെട്ടതായി ഇന്നാണു സ്ഥിരീകരണം വന്നത്. എന്നാൽ മരിച്ച സൈനികരുടെ എണ്ണം അതിലും കൂടുതലാണെന്നാണ് ഹമാസിന്റെ അവകാശവാദം.

അതേ സമയം സൈനിക മുന്നേറ്റത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേലും പങ്കുവച്ചു. ഹമാസ് പ്രവർത്തകർ ഗസ്സ സിറ്റിയിലെ ഭൂഗർഭ തുരങ്കങ്ങൾക്കു പുറമേ സാധാരണക്കാരുടെ വീടുകളിൽ ഒളിച്ചുപാർത്തും ആക്രമണം നടത്തുകയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇതു നേരിടാൻ ഇസ്രയേൽ സൈന്യം വീടുകളിലേക്ക് ഇരച്ചുകയറുമെന്ന് ആശങ്കയുണ്ട്.

ഒക്ടോബർ ഏഴിന് ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന നിലയിൽ ആരംഭിച്ച പ്രത്യാക്രമണം, ഒരു മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, ഗസ്സ വളഞ്ഞതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. ലോകരാജ്യങ്ങൾ ഒന്നടങ്കം വെടിനിർത്തൽ എന്ന ആവശ്യം ഉയർത്തുമ്പോഴും, അതു പരിഗണനയിൽ പോലുമില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായി യുഎസ് സജീവമായി രംഗത്തുണ്ട്. ഗസ്സ മുനമ്പിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന മേഖലകൾ കണ്ടെത്തുന്നതിനായി യുഎസ് വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകൾ പറത്തി പരിശോധന നടത്തുന്നതായി, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇത്തരത്തിൽ ഡ്രോണുകൾ പറത്തിയുള്ള പരിശോധന തുടരുന്നതായാണ് ഉദ്യോഗസ്ഥരിലൊരാൾ നൽകുന്ന വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നു വീണ്ടും മേഖലയിൽ സന്ദർശനത്തിനെത്തും.

ബന്ദികളെ മോചിപ്പിക്കുന്നതുവരെ വൻതോതിലുള്ള ആക്രമണം പാടില്ലെന്ന് യുഎസ് ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യുദ്ധത്തിൽ ഇസ്രയേലിനൊപ്പമെന്ന് തുടക്കം മുതൽ ആവർത്തിച്ചിരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഘർഷം നിർത്തിവയ്ക്കാൻ സമയമായെന്ന് പറഞ്ഞത് ശ്രദ്ധേയമായി. മിനസോഡയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രസംഗിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ജസീക്ക റോസൻബെർഗ് എന്ന റാബി വെടിനിർത്തൽ ആവശ്യപ്പെട്ടപ്പോഴാണ് സംഘർഷത്തിന് വിരാമം വേണമെന്നു ബൈഡൻ പറഞ്ഞത്.

ഗസ്സയിൽ കുടുങ്ങിയ വിദേശ പൗരത്വമുള്ളവരെയും അവരുടെ ചില ഉറ്റ ബന്ധുക്കളെയും റഫാ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ദിവസം മുൻപു മാത്രം തുറന്ന റഫാ അതിർത്തി വഴി ഇതുവരെ എഴുനൂറിലധികം പേരാണ് ഈജിപ്തിലേക്കു കടന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നൂറോളം ഫലസ്തീൻകാരെയും വിദഗ്ധ ചികിത്സാർഥം അതിർത്തി കടക്കാൻ ഈജിപ്ത് അനുവദിച്ചിരുന്നു.

വിദേശപാസ്‌പോർട്ടുള്ളവരെയും ഗുരുതരമായി പരുക്കേറ്റവരെയും പുറത്തുകടക്കാൻ സഹായിച്ച് റാഫ അതിർത്തി തുറന്നത് ആശ്വാസമായെങ്കിലും ഒഴിപ്പിക്കേണ്ടവരുടെ പട്ടികയിൽ ഇടം നേടാനാകാതെ നിരാശരാകുന്നവരുടെ എണ്ണം ഏറുകയാണ്. ഇന്നലെ 400 പേരെ മാത്രമാണ് ഈജിപ്തിലേക്കു കടക്കാൻ അനുവദിച്ചത്. ബുധനാഴ്ച 320 പേർ അതിർത്തി കടന്നു. പട്ടികയിൽ ഇടംനേടിവരിലേറെയും യുഎസ് പാസ്‌പോർട്ട് കൈവശമുള്ളവരാണ്.

ഇസ്രയേൽ കരയുദ്ധം കനപ്പിക്കുന്നതിനിടെ, ഗസ്സയിലെ സ്ഥിതി കൂടുതൽ മോശമാവുകയാണെന്നാണ് റിപ്പോർട്ട്. ഗസ്സയിലെ 35 ആശുപത്രികൾ ഇതിനകം പ്രവർത്തനം നിർത്തിക്കഴിഞ്ഞു. അവയിൽ പലതും ഇപ്പോൾ അഭയാർഥി ക്യാംപുകളായി. ആശുപത്രികളുടെ വരാന്തകളിൽപ്പോലും ആളുകൾ നിറഞ്ഞിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രികളുടെ പ്രവർത്തനം മുടങ്ങുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു.

ആയിരത്തിലേറെ ഡയാലിസിസ് രോഗികളും മാസം തികയാതെ പിറന്ന് ഇൻകുബേറ്ററിലുള്ള 130 നവജാത ശിശുക്കളും മരണം മുന്നിൽക്കാണുകയാണെന്ന് സംഘടന പറഞ്ഞു. ഗസ്സയിലെ ഇന്തൊനീഷ്യൻ ഹോസ്പിറ്റലിലെ പ്രധാന ജനറേറ്ററിന്റെ പ്രവർത്തനം നിലച്ചു. ഗസ്സയ്ക്ക് നിലവിൽ ഇസ്രയേലിന്റെ ഇന്ധനവിലക്കുണ്ട്. ഇന്ധനം അനുവദിച്ചാൽ ഹമാസ് അതു സൈനിക ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ഇസ്രയേൽ പറയുന്നത്.