ന്യൂഡൽഹി: ഖലിസ്താൻ വിഘടനവാദി ഹർദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ തെളിവുകൾ എവിടെയെന്ന് കാനഡയോട് ഇന്ത്യൻ ഹൈക്കമ്മിഷണർ. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ നൽകാൻ കാനഡയോട് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ ആവശ്യപ്പെട്ടു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും സഞ്ജയ് കുമാർ വർമ പറഞ്ഞു. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തിന് അനുപാതമായി ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് കനേഡിയൻ ഹൈക്കമ്മീഷനോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നിജ്ജാർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കാനഡയുടെ പൊലീസ് അന്വേഷണം ഒരു ഉന്നത കനേഡിയൻ ഉദ്യോഗസ്ഥന്റെ പരസ്യ പ്രസ്താവനയാൽ തകർന്നതായും 'ദി ഗ്ലോബ് ആൻഡ് മെയിലി'നു നൽകിയ അഭിമുഖത്തിൽ ഹൈക്കമ്മിഷണർ പറഞ്ഞു. അന്വേഷണത്തിൽ അവരെ സഹായിക്കുന്നതിനു പ്രസക്തമായ വിവരങ്ങളൊന്നും ഞങ്ങൾക്കു നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ കാനഡ പരാജയപ്പെട്ടതായി സഞ്ജയ് കുമാർ വർമ വ്യക്തമാക്കി. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യ സുശക്തമായി നിഷേധിക്കുകയും കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.' തെളിവുകളെവിടെ, അന്വേഷണഫലമെവിടെ? കാനഡയുടെ അന്വേഷണം ഇതിനോടകം തന്നെ കളങ്കപ്പെട്ടുകഴിഞ്ഞു. നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് വരുത്തിതീർക്കാൻ ഉന്നതതലത്തിൽ നിന്ന് അന്വേഷണസംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.'-സഞ്ജയ് കുമാർ പറഞ്ഞു

ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നവരെ കാനഡ നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം 'അതിന്റെ വഴിക്ക് നടക്കട്ടെ' എന്നും പറഞ്ഞു. ''ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതുമുതൽ, ഇന്ത്യ ആരോപണത്തെ നിഷേധിക്കുകയും രാജ്യത്തിനുള്ളിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാനഡയിൽ താനുൾപ്പടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്ക് വധഭീഷണിയുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. ''എന്റെ സുരക്ഷയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എന്റെ കോൺസൽ ജനറൽമാരുടെ സുരക്ഷയിലും എനിക്ക് ആശങ്കയുണ്ട്'' അദ്ദേഹം പറഞ്ഞു. തനിക്കും വാൻകൂവറിലെയും ടൊറന്റോയിലെയും ഇന്ത്യൻ കോൺസൽ ജനറലിനുമെതിരായ ആക്രമണത്തിന്റെ ചിത്രങ്ങൾ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൃത്യമായ ആശയവിനിമയം ഇരുരാജ്യങ്ങളും നടത്തിയാലെ നയതന്ത്രതർക്കങ്ങൾക്ക് പരിഹാരം ആകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഖലിസ്താൻ അനുകൂലികൾക്ക് മേൽ കാനഡ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖലിസ്താൻ വിഘടനവാദി നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെ എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കണമെന്നും കാനഡയോട് ആവശ്യപ്പെട്ടു. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷണറാണ് എയർ ഇന്ത്യൻ വിമാനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകാൻ കനേഡിയൻ അധികൃതരോട് നിർദ്ദേശിച്ചിരിക്കുന്നത്.

19-ന് എയർ ഇന്ത്യ വിമാനത്തിൽ സിഖുകാർ യാത്ര ചെയ്യരുതെന്നും അതു ജീവൻ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവൻ ഗുർപത്വന്ത് സിങ് പന്നൂൻ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവിട്ട വീഡിയോയിൽ ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

കനേഡിയൻ നഗരങ്ങളായ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ ഒന്നിലധികം നേരിട്ടുള്ള ഫ്ളൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്.

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19-ന് അടഞ്ഞുകിടക്കുമെന്നും വീഡിയോയിൽ പന്നൂൻ അവകാശപ്പെട്ടു. പഞ്ചാബ് സ്വതന്ത്രമാകുമ്പോൾ വിമാനത്താവളത്തിന്റെ പേര് മാറ്റും. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ അഹമ്മദാബാദിൽ നടക്കുന്നത് 19-നാണെന്നും ഭീഷണി മുഴക്കൊണ്ടുള്ള വീഡിയോയിൽ വിഘടനവാദി ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീനിലെ ഹമാസിന്റെ മാതൃകയിൽ ഇന്ത്യയെ ആക്രമിക്കുമെന്നും നേരത്തേ പന്നൂൻ ഭീഷണിമുഴക്കിയിരുന്നു.

കാനഡയിൽ ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധിക്കപ്പെട്ടതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു.