- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗസ്സ ഒരു ജയിലായത് ഇസ്രയേൽ കാരണമല്ല; ഭീകരത നിറഞ്ഞ ഇറാനിയൻ താവളമാണ് ഗസ്സ'; ഫലസ്തീനെ പിന്തുണച്ച നടി ആഞ്ജലീന ജോളിക്കെതിരെ തുറന്നടിച്ച് ഇസ്രയേൽ പ്രസിഡന്റ്; മകളുടെ പരാമർശത്തിൽ നിരാശനെന്ന് ആഞ്ജലീനയുടെ പിതാവും
ജറുസലെം: ഇസ്രയേൽ-ഹമാസ് യുദ്ധം കനത്ത നാശം വിതയ്ക്കുന്നതിനിടെ ഫലസ്തീനെയും ഗസ്സയിലെ ജനങ്ങളെയും പിന്തുണച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ ആക്രമണത്തിന്റെ ആദ്യദിവസം എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച ഹെർസോഗ് നടിയുടെ വാദങ്ങളെ പൂർണമായും തള്ളി.
പലായനം ചെയ്യാൻ ഒരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതക്ക് മേൽ നടത്തുന്ന മനഃപൂർവമായ ബോംബാക്രമണമാണിതെന്നും ലോകരാജ്യങ്ങൾ ഈ ക്രൂരത കണ്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ആഞ്ജലീന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്റെ പങ്കാളികളാവുകയാണെന്നും അഞ്ജലീന കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഐസക് ഹെർസോഗ് ആഞ്ഞടിച്ചത്.
നടി ഗസ്സ സന്ദർശിച്ചിട്ടില്ലെന്ന് ഹെർസോഗ് അഭിമുഖത്തിൽ പറഞ്ഞു.''ഞാൻ പൂർണമായും അവരുടെ വാദങ്ങളെ തള്ളുകയാണ്. അവർ ഒരിക്കലും ഗസ്സ സന്ദർശിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ പോയി വസ്തുതകൾ പരിശോധിക്കൂ. ഗസ്സയിൽ ഇപ്പോൾ യുദ്ധം നടക്കുന്നുണ്ട്. പക്ഷേ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കാത്ത മാനുഷിക പ്രതിസന്ധികളൊന്നുമില്ല'' ഹെർസോഗ് വ്യക്തമാക്കി.
'ഗസ്സ ഒരു ജയിലായത് ഇസ്രയേൽ കാരണമല്ല. ഭീകരത നിറഞ്ഞ ഇറാനിയൻ താവളമാണ് ഗസ്സ. ഒരുപക്ഷേ ഈ യുദ്ധത്തിന്റെ അനന്തരഫലം, മാന്യമായ ഒരു നല്ല ജീവിതം അർഹിക്കുന്ന ഗസ്സയിലെ ജനതയെ മറ്റൊരു ഭരണത്തിൻ കീഴിൽ അത് ആസ്വദിക്കാൻ പ്രാപ്തരാക്കും അത് സമാധാനത്തിലേക്കുള്ള ഒരു പ്രസ്ഥാനത്തെ പ്രാപ്തമാക്കും.നിങ്ങൾ എന്നോട് പറയും, തീർച്ചയായും, സാധാരണക്കാരെ ഇരയാക്കേണ്ടതില്ല. ശരി തന്നെയാണ്.പക്ഷെ ഈ ഭീകരരെ പിഴുതെറിയാൻ ഇസ്രയേലിനെ പ്രാപ്തരാക്കുക.''ഒക്ടോബർ 7ന് ഹമാസ് ആക്രമണമുണ്ടായ ആ പ്രഭാതത്തെക്കുറിച്ചും പ്രസിഡന്റ് പറഞ്ഞു. എല്ലായിടത്തും സൈറണുകൾ മുഴങ്ങിയെന്നും എല്ലാവരും അഭയകേന്ദ്രങ്ങളിലേക്ക് ഓടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മകളുടെ പരാമർശത്തിൽ താൻ നിരാശനാണെന്ന് ആഞ്ജലീന ജോളിയുടെ പിതാവ് ജോൺ വോയിറ്റ് വ്യക്തമാക്കി. 'എന്റെ മകൾക്കും, പലരെയും പോലെ, ദൈവത്തെയും ദൈവത്തിന്റെ സത്യങ്ങളെയും കുറിച്ച് ഒരു ധാരണയും ഇല്ലാത്തതിൽ ഞാൻ വളരെ നിരാശനാണ്.ഇത് ദൈവത്തിന്റെ നാടിന്റെ - വിശുദ്ധ ഭൂമിയുടെ - യഹൂദരുടെ നാടിന്റെ ചരിത്രത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ്. പുണ്യഭൂമിയിലെ ദൈവത്തിന്റെ മക്കൾക്കുള്ള നീതിയാണിത്.ഇസ്രയേലി സൈന്യം നിങ്ങളുടെ മണ്ണിനെ, നിങ്ങളുടെ ജനത്തെ സംരക്ഷിക്കണം. ഇതു യുദ്ധമാണ്. അത് ഇടതുപക്ഷം വിചാരിക്കുന്നത് പോലെ ആകാൻ പോകുന്നില്ല, ഇപ്പോൾ അത് സിവിൽ ആകാൻ കഴിയില്ല.'' അദ്ദേഹം എക്‌സിൽ കുറിച്ചു.
'ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനവും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ്. കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുകയാണ്. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫലസ്തീനികൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വമില്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, മാനുഷിക സഹായമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ ക്രൂരത. വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്റെ പങ്കാളികളാവുകയാണ്' എന്നായിരുന്നു ആഞ്ജലീനയുടെ പോസ്റ്റ്.
മറുനാടന് ഡെസ്ക്