ഗസ്സ: വടക്കൻ ഗസ്സയിൽ ദിവസവും നാലുമണിക്കൂർ നേരത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികൾക്ക് പലായനം ചെയ്യാൻ അനുവദിക്കുന്നതിനായാണ് വെടിനിർത്തൽ.

വടക്കൻ ഗസ്സയിൽ നിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളിൽ സൈനിക നടപടികൾ ഉണ്ടാകില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി. ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോൺ കിർബി പറഞ്ഞു. എന്നാൽ, പൊതുവായ വെടിനിർത്തലിന് ഒരു സാധ്യതയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് നാലുമണിക്കൂർ വെടിനിർത്തൽ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്.

എപ്പോൾ മുതലാണ് വെടിനിർത്തലെന്ന കാര്യം മൂന്നുമണിക്കൂർ മുൻകൂറായി അറിയിക്കുമെന്ന് ജോൺ കിർബി അറിയിച്ചു. വെടിനിർത്തൽ സമയത്ത് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് സൈനിക നടപടികൾ ഒന്നുമുണ്ടാവില്ല. ഈ വെടിനിർത്തൽ 239 ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് മടക്കി എത്തിക്കാൻ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് കിർബി പറഞ്ഞു. കൂടുതൽ ബന്ദികളെ വിട്ടയയ്ക്കാൻ ഖത്തറിന്റെ പരോക്ഷ ഇടപടൽ ഉണ്ടായിട്ടുണ്ട്. പത്തിൽ താഴെ അമേരിക്കക്കാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. എല്ലാ ബന്ദികളെയും വിട്ടയച്ചാൽ അത് വെടിനിർത്തൽ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യും. മൊസാദ് തലവനുമായും, ഖത്തർ പ്രധാനമന്ത്രിയുമായും, ബന്ദികളുടെ മോചനം ചർച്ച ചെയ്യാൻ സിഐഎ ഡയറക്ടർ വില്യം ബേൺസ് വ്യാഴാഴ്ച ദോഹയിൽ എത്തിയിരുന്നു.

ജെനിൻ അഭയാർഥി ക്യാമ്പിന് നേരേ ആക്രമണം

അതിനിടെ, വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ സേനയുടെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്. വടക്കൻ വെസ്റ്റ് ബാങ്കിലുള്ള ജെനിൻ അഭയാർത്ഥി ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ 15 ഫലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ക്യാമ്പാണ് ഇത്

വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം ആരംഭിച്ചത്. അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തിന് ശേഷം ഫലസ്തീൻ സായുധ സേനാംഗങ്ങളെ കണ്ടെത്താനായി ഇസ്രയേലി സ്പെഷ്യൽ ഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തിയതോടെയാണ് പോരാട്ടം രൂക്ഷമായതെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 7 ലെ ഹമാസിന്റെ ഇസ്രയേലിലെ അതിക്രമത്തിന് ശേഷം വെസ്റ്റ് ബാങ്കിലെ ജെനിനിൽ 178 ഫലസ്തീൻകാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗസ്സ-ഈജിപ്റ്റ് അതിർത്തി വീണ്ടും തുറന്നു

അതിനിടെ, പരിക്കറ്റവരെയും, വിദേശ പൗരന്മാരെയും ഒഴിപ്പിക്കാൻ ഗസ്സ-ഈജിപ്റ്റ് അതിർത്തി വീണ്ടും തുറന്നു. ഒഴിപ്പിക്കേണ്ടവരുടെ പട്ടിക നേരത്തെ ഇസ്രയേൽ അംഗീകരിക്കാതിരുന്നതോടെ അതിർത്തി തുറക്കൽ വൈകിയിരുന്നു. പരിക്കേറ്റവരുടെ പട്ടിക ഹമാസ് ഈജിപ്റ്റിനാണ് അയച്ചത്. 24 ലക്ഷത്തോളം ഫലസ്തീൻകാരാണ് ഗസ്സയിൽ കുടുങ്ങി കിടക്കുന്നത്.

അതേസമയം, തെക്കൻ മേഖലയിൽ അഭയകേന്ദ്രം ലഭിക്കാതെ 30,000 പേർ വടക്കൻ ഗസ്സയിലേക്കു തന്നെ തിരിച്ചുവന്നതായി യു.എൻ ഏജൻസി. വ്യക്തമാക്കി. വഴിയിൽ ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് തെക്കൻ ഗസ്സയിലേക്ക് പോകാൻ പലരും തയാറാകാത്തത്. ദിവസങ്ങൾക്ക് മുമ്പാണ് തെക്കൻ ഗസ്സയെന്നും വടക്കൻ ഗസ്സയെന്നും രണ്ട് മേഖലകളാക്കി തിരിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടത്. ഹമാസിനെതിരായ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

അതിനിടെ ഇസ്രയേലി വിനോദസഞ്ചാര നഗരമായ എയിലത്തിൽ സ്‌കൂളിൽ ഡ്രോൺ പതിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ആ സമയത്ത് ുപാരാമെഡിക്കൽ ജീവനക്കാർ ഏഴുപേർക്ക് ചികിത്സ നൽകുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.

ഗസ്സയിലെ സഥിതിഗതികൾ വിലയിരുത്താൻ ഹമാസ് മേധാവ് ഹനിയെ ഈജിപ്റ്റിൽ എത്തിയതായും റിപ്പോർട്ടുണ്ട്. ഈജിപ്റ്റിലെ ഇന്റലിജൻസ് മേധാവി അബ്ബാസ് കാമലുമായി തങ്ങളുടെ പ്രതിനിധിസംഘം ചർച്ച നടത്തിയതായും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.