ജറുസലേം: ഗസ്സയിൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനു മേൽ കടുത്ത സമ്മർദ്ദവുമായി ലോകരാജ്യങ്ങൾ. ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾ മരിച്ചുവീഴുന്ന സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളിലടക്കം പ്രതിഷേധം കത്തുകയാണ്. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടെങ്കിലും ഇസ്രയേൽ തള്ളി. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരേയും ബോംബിട്ടു കൊല്ലുന്ന നടപടിക്കു യാതൊരു ന്യായീകരണവുമില്ലെന്ന് മക്രോ പറഞ്ഞിരുന്നു. എന്നാൽ ഗസയിൽ ആക്രമണം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ഇസ്രയേൽ സേനയും ഹമാസും തമ്മിൽ ആശുപത്രികൾക്ക് സമീപവും പരിസരവും തമ്മിലുള്ള പോരാട്ടം ശക്തമാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗസ്സയിലെ ഫലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഇസ്രയേലിനുമേൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമ്മർദം ചെലുത്തുന്നതായാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അൽ-ഷിഫ ആശുപത്രിയുടെ ഡയറക്ടറും ഹമാസ് ഗവൺമെന്റും സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സ സിറ്റിയിലെ അൽ ബുറാഖ് സ്‌കൂളിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 50 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി അൽ-ഷിഫ ഡയറക്ടർ അറിയിച്ചു. അതേസമയം, കഴിഞ്ഞ മാസത്തെ ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1,200 ആയി ഇസ്രയേൽ പുതുക്കി നിശ്ചയിച്ചു.

വെടിനിർത്തൽ എന്നത് ഹമാസിനോടു കീഴടങ്ങുന്നതിനു സമാനമാണെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. സാധാരണക്കാർക്കുണ്ടാകുന്ന ദുരിതങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേലിനല്ല മറിച്ച് ഹമാസിനാണെന്നും നെതന്യാഹു പറഞ്ഞു. ഫലസ്തീൻ പിടിച്ചടക്കണമെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നും മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുള്ള പോരാട്ടമാണു നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അറബ് രാജ്യങ്ങളിലും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും ഇസ്രയേലിനെതിരെ രോഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രയേലി സൈന്യത്തിന് ഗസ്സയിൽ വളരെ കുറച്ചു സമയം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഹമാസിന്റെ ഉന്മൂലനം എന്ന ലക്ഷ്യവുമായി ഇസ്രയേൽ നടത്തുന്ന സൈനിക നീക്കത്തിൽ പതിനായിരക്കണക്കിനു സാധാരണക്കാർ കൊല്ലപ്പെടുന്നതിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉയരുന്നത്.

സാധാരണക്കാർ കൊല്ലപ്പെടുന്നതു കുറയ്ക്കാൻ ശ്രദ്ധിക്കണമെന്ന് ബൈഡൻ ഭരണകൂടം ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗസ്സയിൽ ഓരോ ഫലസ്തീൻ പൗരനും മരിച്ചുവീഴുമ്പോൾ ഭാവിയിൽ കൂടുതൽ ഹമാസ് അംഗങ്ങൾ രൂപപ്പെടുമെന്ന ആശങ്കയാണ് ലോകരാജ്യങ്ങൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴത്തെ സൈനിക നീക്കത്തിന്റെ കാര്യത്തിൽ ബൈഡൻ ഭരണകൂടവും ഇസ്രയേലും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമാണെന്നാണു റിപ്പോർട്ടുകൾ.

അഞ്ച് ദിവസത്തെ വെടിനിർത്തലിനു പകരമായി 50 ബന്ദികളെ കൈമാറാമെന്നു ഹമാസ് പറഞ്ഞെന്നും ഈ വാഗ്ദാനം ഇസ്രയേൽ നിരസിച്ചെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 240 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ബന്ദികളുടെ മോചനത്തിനായി വെടിനിർത്തൽ എന്ന കരാർ അസാധ്യമാണെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സാധാരണക്കാരായ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

അതേസമയം, ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗസ്സയിൽ 4,505 കുട്ടികളടക്കം 11,078 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 2,650 പേരെ കാണാതായി. യുദ്ധം ആരംഭിച്ചതിനുശേഷം നൂറിലേറെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഫലസ്തീൻ അഭയാർഥി ഏജൻസിയും (യുഎൻആർ ഡബ്യൂഎ) അറിയിച്ചു. മരുന്നുകളും ശുദ്ധജലവും ഇന്ധനവും കിട്ടാതെ പ്രവർത്തനം ദുഷ്‌കരമായ ആശുപത്രികളിൽ രോഗികൾക്കു പുറമേ പതിനായിരങ്ങൾ അഭയം തേടിയിട്ടുണ്ട്. അൽഷിഫ ഹോസ്പിറ്റലിൽ മറ്റേണിറ്റി ഡിപ്പാർട്മെന്റും ഔട്പേഷ്യന്റ്സ് ക്ലിനിക്കുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണു ഇന്നലെ ഇസ്രയേൽ ബോംബിട്ടത്.

വൻസ്ഫോടനങ്ങൾക്കു പിന്നാലെ പരുക്കേറ്റവർ ചിതറിയോടുന്നതിന്റെ ദൃശ്യങ്ങൾ ഫലസ്തീൻ മാധ്യമങ്ങൾ പുറത്തുവിട്ടു. 'ആശുപത്രികൾക്കെതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്' - അൽ ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. ഗസ്സയിലെ 35 ആശുപത്രികളിൽ 18 എണ്ണവും 70ൽ 40 ആരോഗ്യകേന്ദ്രങ്ങളും മരുന്നും ഇന്ധനവും ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല.കരസേന ഗസ്സയിൽ പ്രവേശിച്ചു രണ്ടാഴ്ച പിന്നിടുമ്പോൾ തെരുവുയുദ്ധം രൂക്ഷമാണ്. ഗസ്സ സിറ്റിയിൽനിന്ന് ആയിരങ്ങളുടെ പലായനം തുടരുന്നു. പലായനം ചെയ്യുന്നവർക്കുനേരെയും ബോംബാക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

'ഭൂമിയിൽ നരകം ഉണ്ടെങ്കിൽ ഗസ്സയാണ്'- ഐക്യരാഷ്ട്രസംഘടന ജീവകാരുണ്യ ഏജൻസിയായ ഓഫിസ് ഫോർ കോ ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎച്ച്എ) വക്താവ് ജെൻസ് ലാർക് പറഞ്ഞു. ആശുപത്രികൾ ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സേന നേരത്തേ ആവശ്യപ്പെട്ടെങ്കിലും റെഡ് ക്രോസ് അടക്കം രാജ്യാന്തര ഏജൻസികൾ വിയോജിച്ചിരുന്നു. ഒഴിപ്പിക്കൽ സാധ്യമല്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖിദ്ര പറഞ്ഞു. 'ഇൻകുബേറ്ററിൽ 45 കുഞ്ഞുങ്ങളുണ്ട്. 52 കുട്ടികൾ ഐസിയുവിലും. പരുക്കേറ്റ നൂറുകണക്കിനാളുകളും അഭയംതേടിയ ആയിരങ്ങളും വേറെ. ഇവരെ എവിടേക്ക് ഒഴിപ്പിക്കാനാണ്?'

ടാങ്കുകൾ വളഞ്ഞതിനുപിന്നാലെ, വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തി. അഭയകേന്ദ്രമാക്കി മാറ്റിയ അൽ ബുറാഖ് സ്‌കൂളിൽ ബോംബിട്ടതിനെത്തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇന്നലെ പുലർച്ചെ 5 വട്ടമാണു ബോംബിട്ടത്. അൽഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 20 പേർക്കു പരുക്കേറ്റെന്നും റെഡ് ക്രോസ് അറിയിച്ചു.

ഗസ്സ സിറ്റിയിലെ അൽ നാസർ ആശുപത്രി, റന്റിസി ചിൽഡ്രൻസ് ഹോസ്പിറ്റൽ, ഇന്തൊനീഷ്യൻ ഹോസ്പിറ്റൽ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി. ആശുപത്രികളുടെ 100 മീറ്റർ പരിധിയിൽ കവചിതവാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കയ്റോയിൽ ഗസ്സ വിഷയത്തിൽ ചർച്ച നടത്തി.