ലണ്ടൻ: ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് ഇടതുപക്ഷ പ്രതിഷേധക്കാരോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ബ്രിട്ടണിലെ ഹോം സെക്രട്ടറി ആരോപിച്ചത്. വലതുപക്ഷ യാഥാസ്ഥിതികരും, പരിസ്ഥിതി പ്രേമികളുമൊക്കെ നടത്തുന്ന പ്രതിഷേധങ്ങളിൽ കർശന സമീപനം സ്വീകരിക്കുന്ന പൊലീസ് ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ ഗൗരവത്തിൽ കാണുന്നില്ല എന്നും അവർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാൻ ഫലസ്തീൻ പതാകയുമായി എത്തിയ കുട്ടിക്കൊപ്പം, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോക്ക് പോസ് ചെയ്ത് മെറ്റ് പൊലീസിനെ(ബ്രിട്ടീഷ് പൊലീസ്) വിവാദത്തിലാക്കിയിരിക്കുന്നത്.

ശനിയാഴ്‌ച്ച നടന്ന പ്രതിഷേധ മാർച്ചിനിടയിൽ, പതാകയേന്തിയ കുട്ടിയുമൊത്ത് പോസ് ചെയ്യാൻ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായത് തീർത്തും അനാവശ്യമായ നടപടിയായി എന്നായിരുന്നു സ്‌കോട്ട്ലാൻഡ് യാർഡ് പ്രതികരിച്ചത്. യഹൂദ വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നതായിരുന്നു ആ മാർച്ച്. മാത്രമല്ല, ട്രഫൽഗർ ചത്വരത്തിൽ പ്രതിഷേധത്തിനിടെ ചെറിയ തോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ആയുധധാരികളായ പൊലീസുകാർ നിഷ്‌ക്രിയമായി നിൽക്കുന്ന വീഡിയോ പുറത്തു വന്നതും പൊലീസിന് ചീത്തപ്പേര് വരുത്തി വച്ചിരിക്കുകയാണ്.

തങ്ങൾ പ്രതീക്ഷിക്കുന്ന പ്രതികരണമല്ല ആ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് മെറ്റ് പൊലീസ് വൃത്തങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു. പ്രതിഷേധക്കാരോട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മൃദു സമീപനം സ്വീകരിക്കുന്നു എന്ന സുവെല്ല ബ്രേവർമാന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം എന്നതോർക്കണം. അടുത്ത ഏതാനും വർഷങ്ങളായി മെറ്റ് പൊലീസിന്റെ, പ്രതിഷേധ പ്രകടനങ്ങളോടുള്ള പക്ഷപാതിത്തപരമായ സമീപനം ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു.

ശനിയാഴ്‌ച്ച, രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, ഫലസ്തീൻ പതാകയേന്തിയ കുട്ടിക്കൊപ്പം പോസ് ചെയ്ത ചിത്രം പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. തലസ്ഥാന നഗരത്തിൽ, യഹൂദ വിരുദ്ധത ശക്തി പ്രാപിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ ചിത്രം വന്നത് എന്നത്, പ്രതിഷേധങ്ങൾക്ക് ശക്തി വർദ്ധിപ്പിച്ചു. ഈ ഉദ്യോഗസ്ഥർ എന്താണ് ചിന്തിക്കുന്നതെന്ന് താൻ അദ്ഭുതപ്പെടുകയാണെന്നായിരുന്നു ബോർഡ് ഓഫ് ഡെപ്യുട്ടീസിലെ പബ്ലിക് അഫയർ ഡയറക്ടർ ഡാനിയൽ ഷുഗർമാൻ പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ ഈ ചിത്രത്തിന് ആദ്യമായി ശ്രദ്ധ നേടിക്കൊടുത്ത ഹെയ്ദി ബക്രം പറയുന്നത് അവർ പൊലീസിന്റെ നിഷ്പക്ഷതയെ സംശയിക്കുന്നു എന്നാണ്. ഇത് ബന്ധങ്ങൾ മെച്ചപ്പെടുത്തുകയോ സംഘർഷം കുറയ്ക്കുകയോ ഇല്ല എന്നും അവർ കൂട്ടിച്ചേർത്തു. എന്നും ജനങ്ങളോട് സൗഹാർദ്ദപരമായി പെരുമാറാനാണ് സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത് എന്ന് പറഞ്ഞ മെറ്റ് പൊലീസ് വക്താവ് പക്ഷെ ഇത്തരം സങ്കീർണ്ണമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ ആശാസ്യമല്ല എന്നും പറഞ്ഞു.

എന്നാൽ, തങ്ങൾ നടത്തിയത് ഒരു പോസിറ്റീവ് ഇടപെടലാണെന്ന് ചിന്തിക്കുന്ന ആ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഒന്നും ഉണ്ടാകില്ല എന്ന് റിപ്പൊർട്ടുകൾ പറയുന്നു. അതിനിടയിലാണ് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ട്രഫാൽഗർ ചത്വരത്തിലെ സംഘർഷം ദൃശ്യമാകുന്നത്.

ആയുധധാരികളായ പൊലീസുകാർ നിഷ്‌ക്രിയരായി നിൽക്കുന്നതും ഇതിൽ കാണാം. മറ്റൊരു വീഡിയോയിൽ, ഒരു ലണ്ടൻ ബസ്സിൽ ഒരു ഫലസ്തീനി വനിത അക്രമാസക്തയാകുന്ന ദൃശ്യവുമുണ്ട്.