- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസയിൽ ഹമാസ് തലവന്റെ വീടിന് നേരെ ബോംബാക്രമണം; ഇസ്മായിൽ ഹനിയ്യയുടെ വീട് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ; ഹമാസ് നാവിക സേനയുടെ ആയുധ ശേഖരം നശിപ്പിച്ചെന്നും പ്രതിരോധസേന
ടെൽ അവീവ്: ഗസയിൽ ഇസ്രയേൽ - ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ വീടും ആക്രമിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേൽ. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേൽ പ്രതിരോധസേന ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. ഹമാസ് നേതാക്കൾ യോഗം ചേരുന്നതും ഇസ്രയേലിനെതിരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതും ഹനിയ്യയുടെ വീട്ടിലാണെന്നാണ് ഇസ്രയേലിന്റെ വാദം. ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസിന്റെ ഉന്നത നേതാവായ ഹനിയ്യ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവനാണ്.
നേരത്തെ രണ്ടു തവണ ഗസ്സയിലെ ഹനിയയുടെ രണ്ടു വീടുകൾക്കുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഹനിയ്യയുടെ വീടിനുനേരെ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ തന്നെ രംഗത്തെത്തിയത്. ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നു.
ഗസ്സയുടെ ഭരണച്ചുമതലയുള്ള ഹമാസിന്റെ പാർലമെന്റ് കെട്ടിടവും പൊലീസ് ആസ്ഥാനവും കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു. ഷാതി അഭയാർഥിക്യാമ്പിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തതായി ഇസ്രയേൽ സൈനികവക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. പിടിച്ചെടുത്ത പല കെട്ടിടങ്ങളിലും ഇസ്രയേൽ പതാക നാട്ടി. ഗസ്സയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നേരത്തേതന്നെ അറിയിച്ചിരുന്നു.
അതേ സമയം ഗസ്സ: ഹമാസിന്റെ ആയുധങ്ങളും സാമഗ്രികളും കണ്ടെടുത്തതോടെ അൽ-ശിഫ ആശുപത്രിയിൽ വ്യാഴാഴ്ചയും പരിശോധന തുടരുകയാണ്. ആശുപത്രിയിലെ ദൗത്യവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ സതേൺ കമാൻഡ് മേജർ ജനറൽ യാരോൺ ഫിങ്കൽമാൻ പറഞ്ഞു.
അതേസമയം, ആയിരത്തോളം പേർക്ക് അഭയകേന്ദ്രമായ അൽ-ശിഫ ആശുപത്രിയെക്കുറിച്ച് ഇസ്രയേൽ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ കെട്ടിചമയ്ക്കുന്നതിനെതിരെ ഫലസ്തീൽ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. ആശുപത്രിക്കു ചുറ്റും ഇസ്രയേൽ ബുൾഡോസറുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും പറഞ്ഞു. നവജാതശിശുക്കൾ അടക്കമുള്ള ആശുപത്രിയിൽ നടത്തിയ കടന്നുകയറ്റത്തെ യു.എൻ അപലപിച്ചു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഇസ്രയേലിനെ വിമർശിച്ച് രംഗത്തെത്തി.
ബെയ്റ്റ് ലാഹിയയിലും നോർത്ത് ഗസ്സ മുനമ്പിലെ ഇന്ത്യോനേഷ്യൻ ആശുപത്രിയിലും ഇസ്രയേൽ പരിശോധന തുടങ്ങിയിട്ടുണ്ട്. ഗസ്സയിലെ നൂസിററ്റ് അഭയാർഥി ക്യാമ്പിലെ രണ്ട് കെട്ടിടങ്ങൾക്കുനേരെയും ഗസ്സയിലെ സെൻട്രൽ പെട്രോൾ സ്റ്റേഷനു നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായി ഫലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ ഇസ്രയേൽ സൈന്യം ആരംഭിച്ച സൈനിക നടപടിയിൽ വൈറ്റ്ഹൗസ് ആശങ്ക അറിയിച്ചിരുന്നു. സൈന്യം നടത്തുന്ന റെയ്ഡ് ആശുപത്രിയിൽക്കഴിയുന്ന നിരപരാധികളായ രോഗികളുടെയും അഭയാർഥികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജോൺ കിർബി പറഞ്ഞു.
ആശുപത്രികൾക്കുനേരെ വ്യോമാക്രമണം നടത്തുന്നതിനെയും അവിടം ചോരക്കളമാക്കുന്നതിനെയും യു.എസ്. പിന്തുണയ്ക്കുന്നില്ലെന്നും പറഞ്ഞു. ചികിത്സ ആവശ്യമുള്ളവരെ പോർക്കളത്തിലേക്ക് തള്ളിവിടരുതെന്നും അന്താരാഷ്ട്രമാനുഷികനിയമങ്ങൾ പാലിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.
അൽ ശിഫയുടെ താഴെയുള്ള ഭൂഗർഭതുരങ്കങ്ങളിൽനിന്നാണ് ഫലസ്തീൻ സായുധസംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും യുദ്ധതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന വിവരം യു.എസ്. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, തെളിവ് നൽകാൻ തയ്യാറായില്ല. ഇതിനുപിന്നാലെയാണ് അൽ ശിഫയ്ക്കകത്തേക്ക് ഇസ്രയേൽ സൈന്യം കടന്നത്.
മറുനാടന് ഡെസ്ക്